ആരോഗ്യ ഇൻഷുറൻസിന് ഇനി ചെലവേറും; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ, ഇല്ലെങ്കിൽ പണി ഉറപ്പ്
കോവിഡ് കാലം നമുക്ക് നൽകിയ ഏറ്റവും വിലപ്പെട്ട പാഠങ്ങളിൽ ഒന്നായിരുന്നു ആരോഗ്യ ഇൻഷുറൻസുകളുടെ ആവശ്യകത. അതിന് ശേഷമാണ് ഒരുപക്ഷേ മലയാളികൾ കൂടുതലായി ഇത്തരം ഇൻഷുറൻസ് സംവിധാനത്തെ പറ്റി ഗഹനമായി ചിന്തിക്കാൻ തുടങ്ങിയതും, കുടുംബത്തിനെ കൂടി അതിലേക്ക് ചേർക്കാൻ ഒരുങ്ങിയതും. എന്നാൽ ഇപ്പോൾ ആരോഗ്യ ഇൻഷുറൻസുകൾ കൂടുതൽ ചെലവേറി വരികയാണ്.
ഈയൊരു ഘട്ടത്തിൽ തനിക്കും കുടുംബത്തിനുമുള്ള സമഗ്ര പരിരക്ഷ ഉറപ്പാക്കുന്ന ഒരു ശരാശരി മലയാളി യുവാവിനെ സംബന്ധിച്ചുണ്ടാവുന്ന ഭീമമായ ചെലവ് അവനെ സാമ്പത്തികമായി ബാധിക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. എന്നാൽ ഇനി കുടുംബത്തിനെ ഒന്നാകെ ചേർത്ത ഇൻഷുറൻസ് ആവട്ടെ, വ്യക്തിഗത ഇൻഷുറൻസ് ആവട്ടെ അവയുടെ പ്രീമിയം തുകയിൽ നമുക്ക് കാര്യമായ കുറവ് വരുത്താനും കഴിയും.

എന്നാൽ അത് എളുപ്പമല്ല. അതിന് നാം നിരവധി ഘടകങ്ങൾ പരിഗണിക്കുകയും അവ നടപ്പിലാക്കുകയും കൂടുതൽ ശ്രദ്ധ പുലർത്തുകയും വേണം. ഇത്തരത്തിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കാനുള്ള ചില നുറുങ് വിദ്യകളാണ് നാം പരിശോധിക്കുന്നത്. തീർച്ചയായും നിങ്ങളുടെ ബജറ്റിൽ കാര്യമായ മാറ്റമുണ്ടാക്കാൻ ഇതിന് കഴിയും എന്ന കാര്യം എപ്പോഴും ഓർക്കുക.
നിങ്ങളുടെ കവറേജിനെ കുറിച്ചുള്ള ധാരണ
എല്ലാവർക്കും ഒരുപോലെയുള്ള ഇൻഷുറൻസ് പരിരക്ഷകൾ അല്ല ആവശ്യമെന്ന തിരിച്ചറിവ് പ്രധാനമാണ്. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തോ, സഹപ്രവർത്തകരോ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഇൻഷുറൻസ് ചിലപ്പോൾ നിങ്ങൾക്ക് അനുയോജ്യമായിരിക്കില്ല. അതുകൊണ്ട് തന്നെ എന്താണ് നിങ്ങളുടെ പോളിസിയുടെ ലക്ഷ്യം എന്ന കാര്യത്തിൽ കൃത്യമായ ധാരണ ആവശ്യമാണ്.
പോളിസി റൈഡർ സേവനം
പ്രത്യേക കവറേജ് നേടാനായി, നിലവിലുള്ള ആരോഗ്യ ഇൻഷുറൻസിനോട് കൂട്ടിച്ചേർക്കാവുന്ന അധിക ഫീച്ചറുകളാണ് പോളിസി റൈഡറുകൾ എന്നറിയപ്പെടുന്നത്. നിങ്ങളുടെ ആവശ്യങ്ങളോട് പൊരുത്തപ്പെടുന്ന റൈഡറുകൾ കണ്ടെത്തിയാൽ പ്രീമിയത്തിൽ വലിയ വർധനയില്ലാതെ തന്നെ ഇവ ആഡ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. ഇത്തരത്തിൽ വലിയ സാമ്പത്തികച്ചിലവില്ലാതെ നിങ്ങളുടെ പോളിസി ഇഷ്‌ടാനുസരണം മാറ്റാം.
സ്ഥിരം കമ്പനികളെ ആശ്രയിക്കാതിരിക്കുക
സ്ഥിരമായി എല്ലാവരും ആശ്രയിക്കുന്ന കമ്പനികളെ തന്നെ ഇൻഷുറൻസിനായി ആശ്രയിക്കാതിരിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മറ്റൊരു വശം. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളുമായി ഒരുപാട് പുതുതലമുറ കമ്പനികൾ രംഗത്തുണ്ട്. അതിനാൽ കമ്പനി തിരഞ്ഞെടുക്കുമ്പോൾ പുലർത്തുന്ന ശ്രദ്ധ ഒരുപരിധിവരെ പോളിസിയുടെ ചെലവ് കുറയ്ക്കും.












Click it and Unblock the Notifications