വീടില്ലെങ്കിൽ പിന്നെ നാട്ടിൽ വിലയില്ല; അപ്പോൾ ലോൺ തന്നെ ശരണം, കുറഞ്ഞ പലിശയ്ക്ക് ഇവിടെ കമോൺ
ഇന്ത്യക്കാരുടെ കാര്യത്തിൽ, ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ മലയാളികളുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് പണിയുക എന്നത്. ഇന്നത്തെ കാലത്ത് കേരളത്തിൽ എവിടെ ചെന്നാലും സാമാന്യം ഭേദപ്പെട്ട വീടുകൾ മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയുകയുള്ളൂ, അത് വലുപ്പം കൊണ്ട് മാത്രമല്ല അവയുടെ ഭംഗി കൊണ്ടും കൂടിയാണ്.
മലയാളി കണക്കില്ലാതെ ചെലവഴിക്കുന്ന രണ്ട് മൂന്ന് കാര്യങ്ങളിൽ ഒന്നാണ് വീട് പണി. പലപ്പോഴും സ്വന്തം കൈയിൽ പണം വച്ചിട്ടല്ല ആരും വീട് പണി തുടങ്ങാറുള്ളത്. പരമാവധി തുക കൈയിൽ നിന്ന് മുടക്കിയ ശേഷം ബാക്കി പണത്തിനായി ബാങ്കുകളെ സമീപിക്കുകയാണ് നമ്മുടെ ഒക്കെ രീതി. എന്നാൽ അവിടെ പലിശ തന്നെയാണ് വലിയൊരു വെല്ലുവിളിയായി നമുക്ക് മുൻപിൽ ഉണ്ടാവുക.

നിങ്ങൾക്കും നല്ലൊരു സ്വപ്‌ന ഭവനം പണി തീർക്കണം എന്നുണ്ടെങ്കിൽ അതിന് ഒരുപക്ഷേ പണം തടസമായി വന്നേക്കാം. അത്തരം ഘട്ടങ്ങളിൽ ഉറപ്പായും ബാങ്കുകളുടെ സേവനം ആവശ്യമായി വരും. അവിടെ നിങ്ങൾ കുറഞ്ഞ പലിശ അന്വേഷിക്കുകയാണെങ്കിൽ പ്രതിവിധി ഇവിടെയുണ്ട്. ഇന്ത്യയിൽ ഏറ്റവും കുറവ് പലിശ ഭവന വായ്‌പക്ക് ഈടാക്കുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് നമുക്ക് പരിചയപ്പെടാം.
എച്ച്‌ഡിഎഫ്‌സി ബാങ്ക്: രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ വായ്‌പാ ദാതാവ് അവരുടെ ഭവനവായ്‌പയ്ക്ക് പ്രതിവർഷം 9.4 മുതൽ 9.95 ശതമാനം വരെ പലിശ നിരക്ക് ആണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഇതിന് പുറമെ പ്രൊസസിംഗ് ഫീ ഉൾപ്പെടെ നിങ്ങൾ അടയ്‌ക്കേണ്ടതുണ്ടാവും. എങ്കിലും കൂടുതൽ ഡോക്യൂമെന്റേഷൻ ഉണ്ടാവില്ല എന്നതാണ് പ്രധാന കാര്യം.
എസ്ബിഐ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ വായ്‌പ എടുക്കുന്ന വ്യക്തിയുടെ സിബിൽ സ്‌കോറിനെ അടിസ്ഥാനമാക്കി 9.15 ശതമാനം മുതൽ 9.75 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു. ഈ നിരക്കുകൾ 2023 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നവയാണ്. നിലവിൽ ആർബിഐ നിരക്ക് കുറയ്ക്കാത്തത് കൊണ്ടാണ് ഇവ ഉയർന്നു നിൽക്കുന്നത്.
ഐസിഐസിഐ ബാങ്ക്: മറ്റൊരു പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് 9.40 ശതമാനം മുതൽ 10.05 ശതമാനം വരെ പലിശ നിരക്കിൽ ഭവന വായ്‌പ വാഗ്‌ദാനം ചെയ്യുന്നു. മികച്ച സർവീസ് തന്നെയാണ് ഈ ബാങ്കിന്റെ മുഖമുദ്ര. നിരവധി പേരാണ് ഹോം ലോണിനായി ബാങ്കിനെ ആശ്രയിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്: ശമ്പളമുള്ള വ്യക്തികൾക്ക് 8.7 ശതമാനവും സ്വയം തൊഴിൽ ഉള്ളവർക്ക് 8.75 ശതമാനവും നിരക്കിലാണ് ബാങ്ക് ഭവന വായ്‌പ വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഇതിൽ മറ്റ് നിബന്ധനകൾ കൂടി നിങ്ങൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. അവയൊക്കെ പരിശോധിച്ച ശേഷമാവും ലോൺ അനുവദിക്കുക.
പഞ്ചാബ് നാഷണൽ ബാങ്ക്: സിബിൽ സ്കോർ, ലോണിന്റെ തുക, കാലാവധി എന്നിവയെ അടിസ്ഥാനമാക്കി 9.4 ശതമാനം മുതൽ 11.6 ശതമാനം വരെ പലിശ നിരക്കാണ് ഈ പൊതുമേഖലാ ബാങ്ക് ഈടാക്കുന്നത്. അത് പലപ്പോഴും ഈ ഘടകങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും എന്ന് ചുരുക്കം.
പിഎൻബി ഹൗസിംഗ്: പിഎൻബി ഹൗസിംഗും രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി 8.5 ശതമാനത്തിനും 11.25 ശതമാനത്തിനും ഇടയിലുള്ള പലിശ നിരക്ക് ഈടാക്കുന്നു. വായ്‌പ എടുക്കുന്ന വ്യക്തിയുടെ ശമ്പളം, സിബിൽ സ്‌കോർ എന്നിവയാണ് ഇവർ പ്രധാനമായും പരിഗണിക്കുന്നത്.












Click it and Unblock the Notifications