ഹോം ലോൺ വേണോ ചിട്ടി മതിയോ..? വീട് പണിയ്ക്ക് ഏറ്റവും അനുയോജ്യം ഏതെന്നറിയാം...
സ്വന്തമായൊരു വീട് നമ്മളിൽ പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ്. എന്നാൽ അത് സാക്ഷാത്ക്കരിക്കാൻ ആവശ്യമായ സമ്പാദ്യം നമ്മുടെ കൈവശം ഉണ്ടാവണമെന്നില്ല. അപ്പോഴാണ് നാം വായ്‌പകൾ അടക്കമുള്ള മറ്റ് മാർഗങ്ങൾ തേടി പോകുന്നത്. വീട് പണി പൂർത്തിയാക്കാൻ പണം തേടുന്നവരുടെ മനസ്സിൽ ഏറ്റവും ആദ്യം വരുന്ന ചോദ്യമാണ് ഹോം ലോൺ വേണോ അതോ ചിട്ടിയിൽ ചേർന്നാൽ മതിയോ എന്നത്.
ഇവയ്ക്ക് രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വലിയ രീതിയിൽ ബാധ്യത ആവാതെ വീട് പണി പൂർത്തിയാക്കാൻ ഇവ നമ്മളെ സഹായിക്കുകയും ചെയ്യും. ഇതിൽ ഏത് വേണമെന്ന ചോദ്യത്തിനുള്ള ഉത്തരം ഒറ്റ വാക്കിൽ പറയാൻ കഴിയുന്നതല്ല എന്നതാണ് വാസ്‌തവം. അതിനാൽ തന്നെ ഇവയുടെ പ്രത്യേകതകൾ പരിശോധിച്ചാൽ മാത്രമേ ഒരു ഉത്തരത്തിലേക്ക് നമുക്ക് കടക്കാൻ കഴിയൂ.

ഹോം ലോൺ
നമ്മൾക്ക് വീട് പണി സമയത്ത് ഏറ്റവും ഗുണകരമാവുന്നത് ഹോം ലോണുകളാണ് എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും അതിനായി ഇറങ്ങി പുറപ്പെടും മുൻപ് ചില കാര്യങ്ങൾ നമ്മൾ എപ്പോഴും മനസ്സിൽ ഉറപ്പിക്കേണ്ടതുണ്ട്. അതിലൊന്നാണ് വരവിന് അനുസരിച്ചുള്ള ചിലവ് എന്ന ലളിതമായ സൂത്രവാക്യം. ഒരിക്കലും മറ്റുള്ളവർ ചെയ്യുന്നത് കണ്ട് വീട് പണിയിൽ അനുകരണം നടത്തരുത്. നിങ്ങളുടെ ബജറ്റ് മുൻകൂട്ടി നിശ്ചയിച്ച് അതനുസരിച്ച് മാത്രം ഹോം ലോൺ എടുക്കുക.
ഹോം ലോൺ എടുത്ത തുക മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത്തരം വായ്‌പകൾ എടുക്കുന്നത് നല്ല സ്ഥാപനത്തിൽ നിന്നായിരിക്കണം എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. നാട്ടിൽ ഒട്ടനേകം ധനകാര്യ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു പൊന്തിയ കാലമാണിത്. പരമാവധി ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് തന്നെ വായ്‌പ എടുക്കാൻ ശ്രദ്ധിക്കുക.
പിന്നെ ലോൺ എടുക്കുന്നവർ ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുന്നത് മറ്റ് ചാർജുകളുടെ പേരിലാണ്. ഇതിനായി ആദ്യം വായ്‌പയുടെ വ്യവസ്ഥകളും മറ്റ് നിബന്ധനകളും കൃത്യമായി മനസിലാക്കണം. കൂടാതെ ഹിഡൻ ചാർജുകൾ, പ്രോസസിങ് ഫീ എന്നിവ ഉണ്ടോയെന്നും പരിശോധിക്കണം. റിസർവ് ബാങ്ക് നിരക്കുകൾക്ക് അനുസരിച്ച് വായ്‌പയുടെ പലിശയിൽ മാറ്റമുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുക.
ചിട്ടി
വീട് പണി തുടങ്ങുന്നവർക്ക് ആശ്രയിക്കാവുന്ന മറ്റൊരു ശ്രോതസാണ് ചിട്ടികൾ. നാട്ടിൻ പുറങ്ങളിലെ സാധാരണ ചിട്ടികൾ മുതൽ സഹകരണ ബാങ്കുകൾ, സർക്കാർ-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ചിട്ടികൾ എന്നിങ്ങനെ ഇത് പലതരത്തിലുണ്ട്. ചിട്ടിയുടെ പേരിൽ ചതിക്കുഴി ഒരുക്കി കാത്തിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്, അതിനാൽ തന്നെ ശ്രദ്ധയോടെ വേണം ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ.
പരമാവധി ചിട്ടികൾക്കായി കെഎസ്എഫ്ഇ പോലെയുള്ള സർക്കാർ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നതാവും നല്ലത്. ഫോർമാലിറ്റികൾ അൽപ്പം കൂടുതലാണെങ്കിലും ഇവിടെ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും. പെട്ടെന്ന് ഒരു ചിട്ടിയിൽ ചേർന്ന് വീട് പണി നടത്താൻ ആഗ്രഹിക്കുന്നവരാണെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യം, വീടിന്റെ-വസ്‌തുവിന്റെ ആധാരം, സ്വർണം എന്നിവ ഈടായി വച്ച് നിങ്ങൾക്ക് ചിട്ടി ലേലത്തിൽ പിടിക്കാവുന്നതാണ്.
ഇവയിൽ നല്ലതേത്..?
ഈ രണ്ട് മാർഗങ്ങളും താരതമ്യേന നല്ലത് തന്നെയാണ്. നിങ്ങളൊരു മാസ ശമ്പളക്കാരനും, കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടിയ വീടും ആഗ്രഹിക്കുന്നുവെങ്കിൽ ഹോം ലോൺ ആയിരിക്കും ഉചിതം. മറിച്ച് നിങ്ങൾ ഘട്ടം ഘട്ടമായി വീട് പണി തീർക്കാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ ചിട്ടിയായിരിക്കും നിങ്ങൾക്ക് കൂടുതൽ ഉചിതം.












Click it and Unblock the Notifications