ആഹാ അംബാനിക്ക് കൃഷിയും വശമുണ്ടോ? മാമ്പഴ കയറ്റുമതിയിലും നമ്പർ വൺ, 600 ഏക്കറിൽ 1.3 ലക്ഷം മരങ്ങൾ
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. പെട്രോളിയം കമ്പനി മുതൽ ടെലികോം, റീട്ടെയിൽ, ടെലികോം മേഖല വരെ വ്യാപിച്ചു കിടക്കുന്ന അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിന് ശരിക്കും അതിരുകളില്ല. ഗ്രീൻ എനർജി വരെയുള്ള മേഖകളിൽ നിക്ഷേപം നടത്തുന്ന കമ്പനിയുടെ അധികമാരും അറിയാത്ത വിജയഗാഥകളും ഏറെയുണ്ട്.
എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരാണ് റിലയൻസ് ഗ്രൂപ്പ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിക്കണം. റിലയൻസ് ഗ്രൂപ്പിന്റെ മാമ്പഴ കൃഷിയും അതിലേറെ വിശേഷപ്പെട്ടതാണ്. ഒന്നും രണ്ടും ഏക്കറിലല്ല അറുനൂറ് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മാമ്പഴ തോട്ടമാണ് റിലയൻസ് ഗ്രൂപ്പിനുള്ളത്.

'ധീരുഭായി അംബാനി ലഖിബാഗ് അമ്രായി' എന്ന പേരിലുള്ള തോട്ടത്തിൽ ഏകദേശം 1.3 ലക്ഷത്തിലധികം മാവുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ തോട്ടം ഉണ്ടായത് അടുത്ത കാലത്തൊന്നുമല്ല എന്ന പ്രത്യേകത കൂടിയുണ്ട്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള സംഭവ വികാസങ്ങളുടെ തുടർച്ചയാണ് ഈ മാമ്പഴ തോട്ടവും അവിടുത്തെ കൃഷിയും.
ഈ കഥ നടക്കുന്നത് ഏതാണ്ട് 27 വർഷങ്ങൾക്ക് മുൻപാണ്. 1997 കാലഘട്ടത്തിലാണ് ജാംനഗറിലെ റിലയൻസിന്റെ റിഫൈനറി ഗുരുതരമായ മലിനീകരണ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഭാഗത്ത് നിന്ന് റിഫൈനറിക്ക് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. ഇതോടെയാണ് റിഫൈനറിയുടെ ചുറ്റുമുള്ള തരിശുഭൂമിയിൽ കൃഷി നടത്താനുള്ള പദ്ധതിയുമായി റിലയൻസ് രംഗത്ത് വന്നത്.
എന്നാൽ ഇവിടെ കൃഷി അത്ര എളുപ്പമായിരുന്നില്ല. വരണ്ട മണ്ണ്, ഉയർന്ന ലവണാംശം തുടങ്ങിയ വെല്ലുവിളികളെ വിവിധ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മറികടന്നാണ് ഇവിടെ കൃഷി സാധ്യമാക്കിയത്. തോട്ടത്തിലേക്ക് ശുദ്ധ ജലം എത്തിക്കാനായി ഡീസലൈനേഷൻ പ്ലാന്റും റിലയൻസ് സ്ഥാപിച്ചിരുന്നു.
200ലധികം മാവ് ഇനങ്ങളാണ് ഈ തോട്ടത്തിൽ ഇപ്പോഴുള്ളത്. ഇന്ത്യൻ ഇനങ്ങളായ കേസർ, അൽഫോൻസാ, രത്ന, സിന്ധു, നീലം, അമ്രപാലി തുടങ്ങിയവയും ഇവിടെയുണ്ട്. പ്രതിവർഷം 600 ടൺ ഉയർന്ന നിലവാരമുള്ള മാമ്പഴമാണ് തോട്ടത്തിൽ വിളയുന്നത്. ആഭ്യന്തര തലത്തിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ വരെ വലിയ ഡിമാൻഡ് ആണ് ഈ മാമ്പഴങ്ങൾക്ക് ലഭിക്കുന്നത്.
എന്തായാലും കൈവച്ച മേഖലകളിലെല്ലാം വിജയം സ്വന്തമാക്കിയിട്ടുള്ള അംബാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കാർഷിക മേഖലയും കീഴടങ്ങി എന്നതാണ് പ്രത്യേകത. എന്നാൽ അതൊരു മധുര പ്രതികാരത്തിന്റെ കഥ കൂടിയായിരുന്നു എന്നതാണ് ഈ വിജയത്തെ കൂടുതൽ മനോഹരമാക്കുന്നത്. മാമ്പഴ കൃഷിയിലെ അംബാനി വിജയം കൂടുതൽ പേർക്ക് പ്രചോദനമാവുകയും ചെയ്യുന്ന കാര്യമാണ്.












Click it and Unblock the Notifications