17,000 കോടിയുടെ ആസ്‌തി, താമസം 13,000 സ്‌ക്വയർ ഫീറ്റ് സ്ഥലത്തെ ബംഗ്ലാവിൽ; ഈ കോടീശ്വരനെ അറിയാമോ?
ഇന്ത്യക്കാർക്ക് ഏറ്റവും പരിചിതനായ അതിസമ്പന്നനെ കുറിച്ചാണ് പറയുന്നത്. ഇദ്ദേഹമൊരു സാധാരണ വ്യവസായി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയോട് കൂടി കാര്യങ്ങളെ നോക്കി കാണുന്ന വ്യക്തി എന്ന നിലയിൽ ധാരാളം ആരാധകർ കൂടിയുള്ള ആളാണ്. പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്രയെ കുറിച്ചാണ്.
കുറച്ചൊക്കെ പണം കൈയിൽ വന്നാൽ പഴയ വീടും കാര്യങ്ങളും ഒക്കെ ഇടിച്ചുനിരത്തി പുത്തൻ വീട് വയ്ക്കാൻ ആളുകൾ വെമ്പുന്ന ഈ കാലത്ത്, പാരമ്പര്യവും പൈതൃകവും ഒക്കെ ഓർമ്മകളായി മാറിയ ഈ കാലത്ത് അങ്ങനെ അല്ലാത്ത ചിലരെങ്കിലും ഉണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ആനന്ദ് മഹീന്ദ്ര എന്ന അതികായന്റെ കഥ.

ആനന്ദ് മഹീന്ദ്ര എന്ന ബിസിനസ് അധിപന്റെ വ്യക്തിപരമായ ആസ്‌തി 17000 കോടിയോളം വരും. എന്നാൽ അതിലേറെയാണ് അദ്ദേഹത്തിന്റെ മനസിന്റെ വലുപ്പം. എന്തെന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും, ഇത്രത്തോളം ആസ്‌തി ഉണ്ടായിട്ടും അദ്ദേഹം ഇപ്പോഴും കഴിയുന്നത് മുൻപ് തന്റെ മുത്തച്ഛൻ വാടകയ്ക്ക് താമസിച്ചിരുന്ന മുംബൈയിലെ ഒരു വീട്ടിലാണ്.
വളരെ വ്യത്യസ്‌ത ജീവിതശൈലി പുലർത്തുന്ന ചുരുക്കം ചില വ്യക്തിത്വങ്ങളിൽ ഒന്നാണ് അദ്ദേഹം. എന്തെന്നാൽ ഏകദേശം 19 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയായ മഹീന്ദ്രയുടെ തലപ്പത്ത് ഇരുന്നിട്ടും ലളിതമായ ജീവിതമാണ് അദ്ദേഹം പിന്തുടരുന്നത്. അത് തന്നെയാണ് അദ്ദേഹത്തെ മറ്റ് വ്യവസായികളിൽ നിന്ന് വേറിട്ട് നിർത്തുന്നതും.
മുംബൈയിലുള്ള നെപ്പിയൻ സീ റോഡിലെ പഴയ വീട്ടിലാണ് ആനന്ദ് മഹീന്ദ്ര കഴിയുന്നത്. വൈകാരികമായ ചില ബന്ധങ്ങൾ കാരണമാണ് ആനന്ദ് ഈ വീട് വാങ്ങിയതും താമസം ഇവിടേക്ക് മാറ്റിയതും. തന്റെ മുത്തച്ഛൻ താമസിച്ചിരുന്ന ഈ വീട് പൊളിച്ച് പുതുക്കിപ്പണിയുമെന്ന വാർത്ത വന്നപ്പോഴായിരുന്നു ആനന്ദ് വീട് സ്വന്തമാക്കാൻ തീരുമാനിച്ചത്.
പ്രിയദർശിനി പാർക്കിന് എതിർവശത്ത് 13,000 ചതുരശ്ര അടി സ്ഥലത്താണ് ഗുലിസ്ഥാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ബംഗ്ലാവ് നിലകൊള്ളുന്നത്. റിപ്പോർട്ടുകൾ പ്രകാരം 270 കോടി രൂപയ്ക്കാണ് ആനന്ദ് ഈ വസ്‌തു വാങ്ങിയത്. എന്നാൽ ഇതിന്റെ ഭൗതിക ആസ്‌തിയേക്കാൾ കൂടുതൽ വൈകാരികമായി മൂല്യമാണ് ഇതിനുള്ളതെന്നാണ് ആനന്ദ് മഹീന്ദ്ര തന്നെ പറയുന്നത്.
അതേസമയം, കോടികളുടെ ബിസിനസ് സാമ്രാജ്യം നോക്കി നടത്തുമ്പോഴും സാമൂഹിക സേവന രംഗത്തും കൈയ്യൊപ്പ് പതിപ്പിച്ച ആളാണ് ആനന്ദ് മഹീന്ദ്ര. നിരാലംബരായ പെൺകുട്ടികൾക്ക് ഉൾപ്പെടെ അവശ വിഭാഗങ്ങൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് അദ്ദേഹത്തെ നടപ്പിലാക്കുന്നത്. അതിൽ പലതിനും നിരവധി ഗുണഭോക്താക്കളാണ് നാട്ടിൽ ഉള്ളത്.












Click it and Unblock the Notifications