പാൻ കാർഡ് ഇല്ലെങ്കിലും ടെൻഷൻ വേണ്ട; ഇനി സിബിൽ സ്കോർ പരിശോധിക്കാൻ വേറെയും വഴികളുണ്ട്, അറിയാം
നിങ്ങൾ വായ്‌പ അന്വേഷിക്കുകയും വായ്‌പക്കായി പല വാതിലുകൾ മുട്ടുകയും ചെയ്‌തിട്ടും പലപ്പോഴും അവയൊന്നും തുറക്കാതെ വരുന്നതിന് കാരണങ്ങൾ ഏറെയുണ്ടാവും. സാധാരണ ഗതിയിൽ നിങ്ങളൊരു ബാങ്കിനെയോ, എൻബിഎഫ്‌സിയെയോ ആണ് പണം തേടി സമീപിക്കുന്നതെങ്കിൽ അവർ നിരവധി പരിശോധനകൾ നടത്തി ഉറപ്പിച്ച ശേഷമാവും നിങ്ങൾക്ക് വായ്‌പ അനുവദിക്കുക.
ഇത്തരം ഘട്ടങ്ങളിൽ അവർ ആദ്യം സമീപിക്കുക സിബിൽ സ്‌കോറിനെയാണ്. അത് നോക്കിയാവും നിങ്ങൾ പണം കടം നൽകാൻ യോഗ്യത ഉള്ള ആളാണോ? തിരിച്ചടവ് മുടങ്ങാതെ അടയ്ക്കാനുള്ള ശേഷിയുണ്ടോ എന്നൊക്കെ അവർ മനസിലാക്കുന്നത്. കാരണം ഒരാളുടെ സമ്പൂർണ ക്രെഡിറ്റ് വിവരങ്ങൾ സിബിലിൽ നിന്ന് ബന്ധപ്പെട്ട സ്ഥാപനത്തിന് ലഭ്യമാവും.

എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു വെല്ലുവിളി എന്താണെന്ന് വെച്ചാൽ അക്കൗണ്ട് മുഖേന അധികം ഇടപാടുകൾ നടത്തുകയോ, അത്തരത്തിൽ ബാങ്കിംഗ് സേവനങ്ങളെ പ്രയോജനപ്പെടുത്തുകയോ വായ്‌പകൾ എടുക്കുകയോ ചെയ്യാത്തവർക്ക് സിബിൽ സ്‌കോർ ഉണ്ടാവില്ല എന്നതാണ്. ഇനി നിങ്ങൾ ധാരാളം ഇടപാടുകൾ നടത്തുന്ന ആളായിട്ടും സിബിൽ സ്കോർ പരിശോധിക്കാൻ കഴിയാത്തത് വേറെയും കാരണങ്ങൾ കൊണ്ടാവാം.
ഉദാഹരണത്തിന് പാൻ കാർഡ് ഇല്ലാത്തത് കൊണ്ട് ഒരുപക്ഷേ നിങ്ങൾക്ക് സിബിൽ സ്‌കോർ ചെക്ക് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ധാരാളം പേർക്കാണ് പാൻ കാർഡ് ഇല്ലാത്തതിനാൽ സിബിൽ സ്കോർ പരിശോധിക്കാൻ കഴിയാത്തത്. എന്നാൽ ശരിക്കും അതോർത്ത് നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല, എന്തെന്നാൽ അതിനും പോംവഴികൾ ഉണ്ടെന്നതാണ് വാസ്‌തവം.
എങ്ങനെ പാൻ കാർഡ് ഇല്ലാതെ സിബിൽ സ്‌കോർ പരിശോധിക്കാം?
ഘട്ടം ഒന്ന്: ഇതിനായി നിങ്ങൾ സിബിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. അവിടെ 'പേഴ്‌സണൽ സിബിൽ സ്കോർ' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് 'ഗെറ്റ് യുവർ ഫ്രീ സിബിൽ സ്കോർ' തിരഞ്ഞെടുക്കുക.
ഘട്ടം രണ്ട്: ഇവിടെ പാൻ കാർഡ് ആണ് സാധാരണ ഗതിയിൽ നൽകുക. എന്നാൽ അത് ഇല്ലാത്തവർക്ക് പാസ്പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു ഐഡി കാർഡിന്റെ നമ്പർ നൽകിയാൽ മതി.
ഘട്ടം മൂന്ന്: ശേഷം ജനന തീയതി, പിൻ കോഡ്, സംസ്ഥാനം തുടങ്ങിയ വിശദാംശങ്ങൾ ഇവിടെനൽകുക. ഒടുവിൽ നിങ്ങളുടെ മൊബൈൽ നമ്പറും നൽകണം. ശേഷം അതിൽ ആക്‌സപ്റ്റ് ആൻഡ് കണ്ടിന്യൂ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം നാല്: നിങ്ങളുടെ ഒറ്റിപി നൽകി ആധികാരികത ഉറപ്പാക്കുക, വീണ്ടും കണ്ടിന്യൂ കൊടുക്കുക.
ഘട്ടം അഞ്ച്: ഇവിടെ നിങ്ങളുടെ ഉപകരണവും സിബിലും തമ്മിൽ ബന്ധപ്പിക്കാനുള്ള ഓപ്‌ഷൻ കാണാം. ഇഷ്‌ടമുള്ള ഭാഗം സെലക്‌ട് ചെയ്യുക.
ഘട്ടം ആറ്: അടുത്ത ടാബിൽ നിങ്ങൾ വിജയകരമായോ രജിസ്‌റ്റർ ചെയ്‌തു എന്ന് തെളിഞ്ഞു കാണാം. ഇനി ഡാഷ്ബോർഡിലേക്ക് പോയാൽ നിങ്ങളുടെ സിബിൽ സ്‌കോർ പരിധോധിക്കാവുന്നതാണ്.












Click it and Unblock the Notifications