എന്താണ് എൻപിഎസ് വാത്സല്യ സ്‌കീം? ചെറിയ നിക്ഷേപം വലിയ ലാഭം, കുട്ടികളുടെ കാര്യമോർത്ത് വിഷമം വേണ്ട
നമ്മുടെ നാട്ടിൽ നിക്ഷേപത്തിനായി ഒട്ടേറെ പദ്ധതികൾ മുന്നിലുണ്ട്. അതിൽ സ്ഥിര നിക്ഷേപങ്ങൾ മുതൽ കൂടുതൽ ലാഭം ലഭ്യമാവുന്ന മ്യൂച്വൽ ഫണ്ടുകൾ പോലെയുള്ള പദ്ധതികൾ വരെയുണ്ട് എന്നതാണ് പ്രത്യേകത. എന്നാൽ അതിൽ എത്രയെണ്ണം പ്രായപൂർത്തിയവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കെൽപുള്ളതാണ്? ഇക്കാര്യം നിങ്ങൾ ഒരിക്കെലെങ്കിലും ആലോചിക്കേണ്ടതുണ്ട്. അത്തരത്തിൽ കുട്ടികൾക്കായി കൊണ്ട് വന്ന ഒരു പദ്ധതിയാണ് നാം ഇന്ന് പരിശോധിക്കുന്നത്.
ഏറെക്കാലമായി രാജ്യത്ത് ഇടത്തരം, സാധാരണക്കാർ ഉൾപ്പെടെ കാത്തിരുന്ന ഇരു ജനപ്രിയ പദ്ധതിയാണ് എൻപിഎസ് വാത്സല്യ സ്‌കീം. ഒട്ടേറെ ഗുണങ്ങൾ ഉള്ള ഈ സ്‌കീം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18 മുതൽ ഇത് നിലവിൽ വരികയും ചെയ്‌തു. എന്നിട്ടും പലർക്കും അതിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലെന്നതാണ് ശരിയായ കാര്യം.

എന്താണ് എൻപിഎസ് വാത്സല്യ സ്‌കീം?
ഈ പദ്ധതിയിലൂടെ രക്ഷിതാക്കൾക്ക് 18 വയസ് വരെയുള്ള കുട്ടികളുടെ പേരിൽ നിക്ഷേപിക്കാം എന്നതാണ് പ്രത്യേകത. ദീർഘകാലത്തേക്ക് അവരുടെ കുട്ടികൾക്കായി ഒരു ഫണ്ട് സൃഷ്‌ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മാസത്തിലോ വർഷത്തിലോ ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാണ്.
കുട്ടിക്ക് പ്രായപൂർത്തിയായാൽ ഈ പണം പിൻവലിക്കുകയോ അക്കൗണ്ട് സാധാരണ എൻപിഎസ് അക്കൗണ്ടാക്കി മാറ്റുകയോ ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. ദീർഘകാല നിക്ഷേപ പദ്ധതിയായതിനാൽ തന്നെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) മേൽനോട്ടത്തിലായിരിക്കും എൻപിഎസ് വാത്സല്യയും കൈകാര്യം ചെയ്യുക.
ആർക്കൊക്കെ ഇതിൽ പങ്കാളികളാവാം?
പ്രവാസികൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും എൻപിഎസ് വാത്സല്യ പദ്ധതിയിൽ അംഗങ്ങളാവാൻ അവസരമുണ്ട്. അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി അക്കൗണ്ട് തുടങ്ങാവുന്നതാണ്. പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാക്കൾക്കും എൻപിഎസ് വാത്സല്യ അക്കൗണ്ട് തുറക്കാം. എന്നാൽ പ്രായപൂർത്തിയാകാത്തയാളുടെ പേരിലാണ് അക്കൗണ്ട് രജിസ്‌റ്റർ ചെയ്‌തതെന്ന് ഉറപ്പാക്കിയത്.
ഈ സ്‌കീമിലൂടെ പുതുതായി രജിസ്‌റ്റർ ചെയ്യുന്ന പ്രായപൂർത്തിയാവാത്ത സബ്‌സ്‌ക്രൈബർമാർക്ക് പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (പിആർഎഎൻ) കാർഡുകൾ നൽകും. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപ തുക 1000 രൂപ മാത്രമാണ്. എന്നാൽ ഒരു വർഷത്തെ പരമാവധി നിക്ഷേപം തുക എത്രയെന്ന് നിബന്ധനയില്ല, അത് നിങ്ങളുടെ സൗകര്യം പോലെ ആകാവുന്നതാണ്.
പദ്ധതിയുടെ നേട്ടങ്ങൾ ഇങ്ങനെ
മക്കളുടെ ഭാവി മുൻകൂട്ടി കണ്ട് അവർക്കായി നല്ലൊരു നിക്ഷേപ പരിപാടി മനസിൽ കാണുന്നവർക്ക് പറ്റിയ ഓപ്‌ഷൻ തന്നെയാണ് ഇത്. ഇതിലൂടെ പ്രതിമാസം 5000 രൂപ വീതം നിക്ഷേപിക്കുന്നയാൾ ഒരു വർഷം നിക്ഷേപിക്കുന്നത് 60,000 രൂപയാണ്. 18 വർഷം നിക്ഷേപം തുടർന്നാൽ തുക 1,080,000 രൂപയാകും. 10 ശതമാനം വാർഷിക പലിശ കണക്കാക്കിയാൽ തന്നെ കൂട്ടുപലിശയും ചേർത്ത് മൊത്തം റിട്ടേൺ ഏകദേശം 30 ലക്ഷം രൂപയോളം വരുമെന്നതാണ് പ്രത്യേകത.
എങ്ങനെ അക്കൗണ്ട് തുടങ്ങാം?
ഒരു എൻപിഎസ് വാത്സല്യ അക്കൗണ്ട് തുടങ്ങാൻ താഴെ പറയുന്ന രേഖകൾ ആവശ്യമാണ്: രക്ഷാകർത്താവിന്റെ കെവൈസി: തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവ. ഇതിന് പുറമേ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ജനനത്തീയതി തെളിയിക്കുന്ന രേഖ, രക്ഷിതാവ് ഒരു എൻആർഐ ആണെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ എൻആർഇ/എൻആർഒ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ. ശേഷം ആവശ്യമായ നിക്ഷേപ രീതി രക്ഷിതാവിന് തിരഞ്ഞെടുക്കാം.












Click it and Unblock the Notifications