ഇനി ക്രെഡിറ്റ് ബില്ലുകൾ പോലും യുപിഐയിലൂടെ; റുപേ കാർഡിന്റെ വമ്പൻ നീക്കം, ചെയ്യേണ്ടത് ഇത്ര മാത്രം
ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളുടെ ശക്തി അനുദിനം വർധിച്ചു വരികയാണ്. യുപിഐ സേവനങ്ങൾ പൗരന്മാരുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചു എന്നറിയാൻ അവയുടെ സ്വീകാര്യത അറിഞ്ഞാൽ മാത്രം മതിയാകും. എങ്കിലും പല കാര്യങ്ങളിലും നമുക്ക് ഇപ്പോഴും ധാരാളം പരിമിതികൾ ഉണ്ടെന്ന വസ്‌തുത മറക്കാനാവില്ല. നമ്മൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകളിൽ തന്നെയാണ് ഇത്തരം പരിമിതികൾ ഉള്ളതെന്ന് ചിന്തിച്ചാൽ മനസിലാവും.
എന്നാൽ ഇനി ഇത്തരം ന്യൂനതകൾ ഒക്കെ വൈകാതെ ഓർമകളാവും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്നത്. രാജ്യത്തെ ജനപ്രിയ കമ്പനിയായ റുപേ ഇപ്പോൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ യുപിഐ മുഖേന അടയ്ക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്. കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസമാവുന്ന ഈ പ്രഖ്യാപനം ഒരു ഗെയിം ചേഞ്ചർ തീരുമാനം ആവുമെന്ന കാര്യത്തിൽ തർക്കമില്ല.

റുപേ കാർഡിലൂടെ യുപിഐ ഇടപാടുകൾ നടത്തിയാൽ ഈ തുക ഇഎംഐയിലാക്കാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. ഇപ്പോൾ ഉപഭോക്താക്കൾ ക്രെഡിറ്റ് കാർഡിലൂടെ അടക്കുന്ന തുക പ്രതിമാസ ഇഎംഐ ആക്കി മാറ്റാം എന്നതാണ് വരാനിരിക്കുന്ന മറ്റൊരു ഗുണം. 2024 മെയ് 31നകം ഈ ഫീച്ചറുകൾ റൂപേ കാർഡുകളിൽ ലഭ്യമാക്കാനാണ് എൻപിസിഐ നിർദ്ദേശിച്ചിരിക്കുന്നത്.
പുതിയ മാറ്റത്തിലൂടെ യുപിഐ വഴി ഉപഭോക്താക്കൾക്ക് ഒറ്റത്തവണ പേയ്‌മെന്റുകൾ നടത്താനോ യുപിഐയിൽ ഓട്ടോപേ സേവനം സജ്ജീകരിക്കാനോ കഴിയും. ഇതിലൂടെ അവർക്ക് നേരത്തെ നടത്തിയ ഇടപാടുകളുടെ ബില്ലുകൾ അടയ്ക്കാൻ കഴിയും. ഇതിന് ഇഎംഐ സേവനം ലഭിക്കുമെന്നതും ശ്രദ്ധേയമായ മാറ്റങ്ങളിൽ ഒന്നാണ്.
ഇതിനായി ആദ്യം പ്രവർത്തന ക്ഷമമായ ഒരു യുപിഐ ഐഡി നിങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. തുടർന്ന് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഉൾപ്പെടെ നൽകിയാൽ ബില്ലുകൾ ഏതൊക്കെയുണ്ടെന്ന് നമുക്ക് അറിയാൻ കഴിയും. അവിടെ നിങ്ങൾക്ക് ഇഎംഐ സേവനത്തിന്റെ ഭാഗവും കാണാൻ കഴിയും. ഇതിലൂടെ ക്രെഡിറ്റ് ബില്ലുകൾ ഒറ്റതവണയായോ, തവണകളായോ എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് അടയ്ക്കാം.
കൂടാതെ യുപിഐ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് പ്രതിമാസ തിരിച്ചടവ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും. യുപിഐ പിൻ ഉപയോഗിച്ചാണ് ഈ ഇടപാട് പൂർത്തിയാക്കേണ്ടത്. സാധാരണഗതിയിൽ ഉണ്ടാവുന്ന തിരിച്ചടവിലെ നിബന്ധനകളും വ്യവസ്ഥകളും ഇതിനും ബാധകമാകും.












Click it and Unblock the Notifications