കീശ കാലിയാണേലും ആരുടേയും കാല് പിടിക്കേണ്ട; ക്രെഡിറ്റ് കാർഡ് ഉണ്ടേൽ പണം അക്കൗണ്ടിലെത്തും, ഇങ്ങനെ...
ശമ്പളം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോവില്ലെന്ന് തിരിച്ചറിവിന്റെ പുറത്താണ് നമ്മളൊക്കെയും മറ്റ് പല വഴികളും തേടുന്നത്. സമാന്തരമായി സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി നാം കണ്ടെത്തുന്ന മാർഗങ്ങൾ ചിലപ്പോഴൊക്കെ വളഞ്ഞ വഴിയും ആയിരിക്കും. എന്നാൽ ഇതിൽ ഏറ്റവും സുരക്ഷിതവും, കൂടുതൽ പേർ ആശ്രയിക്കുന്നതുമായ ഒരു വഴിയാണ് ക്രെഡിറ്റ് കാർഡുകൾ.
ധാരാളം പേരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ന് മുഖ്യ പങ്കുവഹിക്കുന്നത് ക്രെഡിറ്റ് കാർഡുകളാണ്. എന്നാൽ പലപ്പോഴും ഷോപ്പിംഗ് ഉൾപ്പെടെയുള്ള ഡയറക്‌ട് പേമെന്റ് നടത്താനും, ബില്ലുകൾ അടയ്ക്കാനും ഒക്കെയാണ് കൂടുതലായി ഇവ ഉപയോഗിക്കുന്നത്. കൂടാതെ എടിഎം മുഖേന പണം പിൻവലിക്കാൻ ഉള്ള അമിതമായ ചാർജ് കൊണ്ട് തന്നെ അത് പലരും പ്രയോജനപ്പെടുത്താറില്ല.

എന്നാൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡുകളിൽ നിന്ന് പണം പിൻവലിക്കാൻ ആഗ്രഹമുണ്ടോ ? അതും സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക്. എങ്കിൽ നിങ്ങൾക്ക് മുൻപിൽ ഒരു മാർഗമുണ്ട്. എന്നാൽ തികച്ചും അത്യാവശ്യ ഘട്ടത്തിൽ മാത്രമേ ഈ സേവനം ഉപയോഗപ്പെടുത്താറുള്ളൂ എന്നത് നിങ്ങൾ തന്നെ ഉറപ്പ് വരുത്തണമെന്ന് മാത്രം.
നെറ്റ് ബാങ്കിങ്ങിലൂടെ പണം കൈമാറാം: നെറ്റ് ബാങ്കിങ് സേവനങ്ങളിൽ ലോഗിൻ ചെയ്‌ത ശേഷം ക്രെഡിറ്റ് കാർഡ് സെക്ഷൻ തെരഞ്ഞെടുക്കുകയാണ് നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യം. ഇതിന് ശേഷം ഫണ്ട് ട്രാൻസ്‌ഫർ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. തുക കൃത്യമായി രേഖപ്പെടുത്തിയ ശേഷം തുടർന്ന് ലഭിക്കുന്ന നിർദേശങ്ങൾ പ്രകാരം മറ്റ് നടപടികൾ പൂർത്തിയാക്കുക.
ഡയറക്‌ട് ട്രാൻസ്‌ഫർ: മിക്ക ബാങ്കുകളും ഓൺലൈൻ ബാങ്കിങ്ങിലൂടെ, ക്രെഡിറ്റ് കാർഡിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്കുള്ള പണം കൈമാറ്റം അനുവദിക്കുന്നുണ്ട്. എന്നാൽ ഇത്തരം ഇടപാടുകൾക്ക് പ്രതിദിന പരിധിയുണ്ടാകും. അത് എത്രയാണെന്ന് മുൻകൂട്ടി അറിയേണ്ടതുണ്ട്. ഓരോ ബാങ്കിനും ഇക്കാര്യത്തിൽ ഓരോ പരിധി ആവും ഉണ്ടായിരിക്കുക.
റെന്റ് വ്യാ ക്രെഡിറ്റ് കാർഡ്: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വഴി പണം വകമാറ്റാൻ കഴിയുന്ന സംവിധാനമാണ് റെന്റ് പേമെന്റ്. ഇതിലൂടെ നിങ്ങൾക്ക് വാടക, ട്യൂഷൻ ഫീ തുടങ്ങിയ ഇനങ്ങളിൽ ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ സാധിക്കും. കുറഞ്ഞ സർവീസ് ചാർജ് മാത്രമാണ് ഇതിന് ഈടാക്കുക. എന്നാൽ ഇതിൽ നിങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്ക് പണം അയക്കാൻ സാധിക്കുകയില്ല.
എന്നാൽ ഈ ഇടപാടുകൾ എല്ലാം നടത്തുന്നതിന് മുന്നോടിയായി അതാത് ബാങ്കുകളുടെ ചാർജുകളും നിയമാവലികളും ഒക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇത് അടിയന്തര സാഹചര്യങ്ങളിൽ മാത്രം പ്രയോജനപ്പെടുത്തേണ്ട ഒരു സംവിധാനമാണ്. കൂടാതെ എത്ര തുക തന്നെ എടുത്താലും തിരിച്ചടവ് മുടങ്ങാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്‌റ്ററിയെ സാരമായി ബാധിക്കും.












Click it and Unblock the Notifications