മലയാളി സമ്പന്നരില്‍ യൂസഫലി ഒന്നാമന്‍, നേട്ടമുണ്ടാക്കി മലയാളികള്‍; മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി
മുംബൈ: ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഗൗതം അദാനിയും എംഎ യൂസഫലിയും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി വീണ്ടും മലയാളി സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. യൂസഫലിക്ക് 55000 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്.
പ്രമുഖ രാജ്യാന്തര ഗവേഷണ നിക്ഷേപ മാഗസിനാണ് ഹുറൂണ്‍. അവരാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹം 40ാം സ്ഥാനത്താണ്. അതേസമയം റിപ്പോര്‍ട്ടില്‍ യൂസഫലിയുടെ ആസ്തിയില്‍ ഇടിവൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരിലും യൂസഫലി ആദ്യ പത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം ആദ്യ അഞ്ചില്‍ ഉള്ളവരുടെ ആസ്തിയില്‍ കാര്യമായ വര്‍ധന കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായിട്ടുണ്ട്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ജോയ് ആലുക്കാസ് മലയാളി സമ്പന്നരില്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍ കുതിപ്പാണ് സമ്പത്തില്‍ ഉണ്ടായിരിക്കുന്നത്. 52 ശതമാനം വളര്‍ച്ചയാണ് ജോയ് ആലുക്കാസിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്.
42000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ 55ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനാണ് മൂന്നാമത് 38000 കോടിയുടെ ആസ്തി അദ്ദേഹത്തിനുണ്ട്. 24 ശതമാനം വര്‍ധന അദ്ദേഹത്തിന് സമ്പത്തിലുണ്ടായിരുന്നു. ഹുരൂണ്‍ പട്ടികയില്‍ 62ാം സ്ഥാനത്താണ് അദ്ദേഹം.
നാലാം സ്ഥാനത്ത് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയായ ടിഎസ് കല്യാണരാമനാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 122 ശതമാനം വര്‍ധനവാണ് ആസ്തിയില്‍ അദ്ദേഹത്തിനുണ്ടായത്. 37500 കോടിയാണ് മൊത്തം ആസ്തി. പട്ടികയില്‍ 65ാം സ്ഥാനത്താണ് കല്യാണരാമന്‍. അതേസമയം കേരളത്തില്‍ നിന്ന് ഹുറൂണിന്റെ പട്ടികയില്‍ ആകെ 19 പേരാണ് ഇടംപിടിച്ചത്. 2020ല്‍ 16 പേരായിരുന്നു ഉണ്ടായിരുന്നത്. അധികമായി മൂന്ന് പേരാണ് എത്തിയത്.
അദാനിയുടെ രാജകീയ കുതിപ്പ്
മുകേഷ് അംബാനിയുടെ ആധിപത്യത്തെ തകര്‍ത്ത് ഗൗതം അദാനി ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. 11.6 ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി. ഓരോ അഞ്ച് ദിവസം കൂടുമ്പോഴും ഇന്ത്യയില്‍ പുതിയ ശതകോടീശ്വരന്‍മാര്‍ ഉണ്ടാവുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയില്‍ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 25 ശതമാനം ഇടിവുണ്ടായി. എന്നാല്‍ ഇന്ത്യയില്‍ 29 ശതമാനമാണ് വര്‍ധനവ്.
മൊത്തം 334 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ ഉള്ളതെന്ന് ഹുരൂണ്‍ ഇന്ത്യയുടെ സ്ഥാപകന്‍ അനസ് റഹ്‌മാന്‍ ജുനൈദ് പറഞ്ഞു. രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനിയാണ്. 1.014700 കോടിയാണ് അംബാനിയുടെ ആസ്തി. മൂന്നാം സ്ഥാനത്ത് എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഉടമ ശിവ് നാടാരാണ്. 3,14000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. അതേസമയം പട്ടികയില്‍ ആദ്യമായി ഷാരൂഖ് ഖാനും ഇടംപിടിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി മൂല്യമുയര്‍ന്നതാണ് കാരണം. 7300 കോടിയായിട്ടാണ് ഷാരൂഖിന്റെ ആസ്തി ഉയര്‍ന്നത്.












Click it and Unblock the Notifications