ആദായനികുതി അടയ്ക്കാൻ മറന്നോ..? പണി ഇരന്നുവാങ്ങുന്നത് എന്തിനാണ്, അവസാന തീയതി ഇതാണ്...
ന്യൂഡൽഹി: 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഇതുവരെ സമർപ്പിക്കാത്ത നികുതിദായകർ ഉറക്കം വിട്ടുണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഈ ഡിസംബർ 31അവർക്കുള്ള അവസാന അവസരമാണ്. അതായത് ഈ സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആളുകളെ കാത്തിരിക്കുന്നത് ഗുരുതര സാമ്പത്തിക ബാധ്യത ആയിരിക്കും എന്നുറപ്പാണ്.
നികുതി റിട്ടേൺ വൈകി ഫയൽ ചെയ്യുന്നതിനുള്ള പിഴയും അതിന്റെ പലിശയും നിങ്ങൾ നൽകേണ്ടി വരുമെന്ന് ചുരുക്കം. അതിനാൽ, സമയബന്ധിതമായ ഫയലിംഗിന്റെ പ്രാധാന്യവും, അത് ലംഘിച്ചാൽ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്.

ആദായനികുതി റിട്ടേൺ അവസാന തീയതി
നേരത്തെ 2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആയിരുന്നു. ആദായ നികുതി നിയമത്തിൽ ഓഡിറ്റ് ഇല്ലാത്ത എല്ലാ നികുതിദായകർക്കും ഇത് ബാധകമാണ്. ഇതിന് പുറമെ ഏതെങ്കിലും നിയമത്തിൽ ഓഡിറ്റുള്ള വ്യക്തികളും സ്ഥാപനങ്ങളും റിട്ടേൺ കൊടുക്കേണ്ട അവസാന തീയതിയാവട്ടെ ഒക്ടോബർ 31 ആയിരുന്നു.
എന്നാൽ ഈ തീയതിക്ക് റിട്ടേൺ കൊടുക്കാൻ കഴിയാതെ വന്ന എല്ലാ വിഭാഗം നികുതിദായകർക്കും പിഴയോടുകൂടി അധിക നികുതി ബാധ്യതയില്ലാതെ റിട്ടേൺ സ്വമേധയാ സമർപ്പിക്കാൻ ഉള്ള അവസാന അവസരമാണ് ഈ മാസം 31 വരെ നൽകിയിട്ടുള്ളത്.
കൂടാതെ 2022-23 സാമ്പത്തിക വർഷത്തെ ആദ്യം സമർപ്പിച്ച റിട്ടേണിൽ എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കിൽ അത് തിരുത്തി റിട്ടേൺ പുനർ സമർപ്പിക്കാനുള്ള (റിവൈസ്ഡ് റിട്ടേൺ) അവസാന അവസരവും ഈ ഡിസംബർ 31 വരെയാണെന്ന് മറക്കരുത്. ഇത് വ്യക്തികൾ ഉൾപ്പെടെ എല്ലാ നികുതിദായകർക്കും ബാധകമാണ്.
നികുതി അടയ്ക്കാൻ വൈകിയാൽ ?
സമയപരിധിക്ക് ശേഷം വൈകി സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപ പിഴ ചുമത്തും. എന്നാൽ മൊത്ത വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ 1000 രൂപ മാത്രം പിഴ ഒടുക്കിയാൽ മതി. റിട്ടേൺ വൈകി സമർപ്പിക്കുമ്പോൾ അടയ്ക്കാനുള്ള നികുതിയിന്മേൽ പിഴ പലിശ ഈടാക്കുകയും ചെയ്യും. അനുവദനീയമായ സമയത്തിനു ശേഷം വൈകി സമർപ്പിക്കുന്ന റിട്ടേണിൽ നഷ്‌ടമുണ്ടെങ്കിൽ തന്നെ അത് വരുംകാല ലാഭവുമായി തട്ടിക്കിഴിക്കാനും സാധിക്കില്ല.
നിയമനടപടികൾ
വലിയ രീതിയിലുള്ള പൊരുത്തക്കേടുകൾ ഉൾപ്പെടുന്ന ഗുരുതരമായ കേസുകളിൽ, കുറ്റക്കാരായ നികുതിദായകർക്കെതിരെ വിചാരണ അടക്കമുള്ള നിയമനടപടികൾ ആരംഭിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന് നികുതി ഫയലിംഗ് ബാധ്യതകൾ കൃത്യ സമയത്ത് തന്നെ നിറവേറ്റുക എന്നതാണ് ഏക പോംവഴി.












Click it and Unblock the Notifications