എക്‌സിറ്റ് പോളുകൾ ബിജെപിയുടെ ജയം പ്രവചിച്ചു; കുതിച്ചുയർന്ന് ഓഹരി വിപണി, നിക്ഷേപകർക്ക് നേട്ടം
മുംബൈ: എക്‌സിറ്റ് പോളുകളിൽ ബിജെപിയുടെ വമ്പൻ ജയം പ്രവചിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ വൻ കുതിപ്പ്. ആദ്യകാല വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടമാണ് വിപണി രേഖപ്പെടുത്തിയത്. മൂന്നാം വട്ടവും ബിജെപി തന്നെ അധികാരത്തിൽ എത്തുമെന്ന സ്ഥിരതയുള്ള ഫലങ്ങളുടെ ചുവടു പിടിച്ചാണ് വിപണിയുടെ തുടക്കത്തിലെ മുന്നേറ്റം.
രാവിലെ 30-ഷെയർ സെൻസെക്‌സ് 2000 പോയിൻറിലധികം ഉയർന്നുവന്നതാണ് ശ്രദ്ധേയമായ കാര്യം. അതേസമയം 50-സ്‌റ്റോക്ക് നിഫ്റ്റി നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ് മാർക്കറ്റ് ഓപ്പണിംഗിൽ രേഖപ്പെടുത്തുകയുമുണ്ടായി. ബിഎസ്ഇ ഓഹരികളുടെ വിപണി മൂലധനത്തിലേക്ക് 12.48 ലക്ഷം കോടി രൂപയുടെ മൂല്യമാണ് ഈ റാലികൾ കൊണ്ട് വന്നത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും ഇന്ന് റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. പ്രീ-ഓപ്പണിൽ, നിഫ്റ്റി 800 പോയിൻറ് അഥവാ 3.58 ശതമാനം ഉയർന്ന് 23,227.90ലും സെൻസെക്‌സ് 2,621.98 പോയിൻ്റ് അല്ലെങ്കിൽ 3.55 ശതമാനം ഉയർന്ന് 76,583.29ലും എത്തിയിരുന്നു.
അദാനി പോർട്ട്‌സ്, അദാനി എന്റർപ്രൈസസ്, പവർ ഗ്രിഡ്, ശ്രീറാം ഫിനാൻസ്, എൻടിപിസി എന്നിവ മികച്ച നേട്ടത്തോടെ വിപണിയുടെ മുന്നോട്ട് പോക്കിനെ ശക്തമായി സ്വാധീനിച്ചു. എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പുറമെ 8.2 ശതമാനം സാമ്പത്തിക വളർച്ച സൂചിപ്പിക്കുന്ന ഏറ്റവും പുതിയ ജിഡിപി ഡാറ്റയും വിപണിയുടെ പ്രകടനത്തെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം 12 എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് ഭരണകക്ഷിയായ എൻഡിഎ സഖ്യം 350ല്‍ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ്. ഇതാണ് വിപണിയെ മുന്നോട്ട് പോവാൻ പ്രേരിപ്പിച്ച ഘടകം. ഇതിന് പിന്നാലെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ ഉൾപ്പെടെ പ്രധാന ഓഹരികളെല്ലാം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത്.
ഊർജ മേഖല, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നാളെ തിരഞ്ഞെടുപ്പ് ഫലം എക്‌സിറ്റ് പോളുകളെ ശരിവയ്ക്കുന്ന നിലയിലാണെങ്കിൽ വിപണിയുടെ കുതിപ്പ് ഏത് രീതിയിലായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്നാം വട്ടവും നരേന്ദ്ര മോദി സർക്കാർ തന്നെ വരികയാണെങ്കിൽ നിക്ഷേപകർക്ക് അത് നേട്ടമാകും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.












Click it and Unblock the Notifications