അറിയാമോ മല്ലിക ശ്രീനിവാസനെ? ഇന്ത്യയുടെ ട്രാക്‌ടർ ക്വീൻ എന്ന് വിളിപ്പേര്, 23,625 കോടി കമ്പനിയുടെ ഉടമ
ഇന്ത്യയിലെ ബിസിനസ് രാജാക്കന്മാരുടെ പട്ടിക എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെയുണ്ടാവുക ടാറ്റയും അംബാനിയും ഒക്കെയാവും. അക്കൂട്ടത്തിൽ ഒരു വനിതയെ കണ്ടെത്തുക പ്രയാസകരമാണ് എന്നാവും നമ്മൾ കരുതുക. അത് പക്ഷേ മല്ലിക ശ്രീനിവാസനെ കുറിച്ച് അറിയാത്തവർക്ക് മാത്രമായിരിക്കും എന്നതാണ് സത്യം. അതെ, ഇന്ത്യയുടെ വാണിജ്യ മേഖലയിൽ ഒരുകാലത്തും വിസ്‌മരിക്കപ്പെട്ട് കൂടാത്ത പേരായി അവരുടേത് മാറി എന്നതാണ് യാഥാർഥ്യം.
ആരാണ് മല്ലിക ശ്രീനിവാസൻ എന്ന് ചോദിച്ചാൽ ചിലർ പറയും അവർ ഇന്ത്യയുടെ ട്രാക്‌ടർ ക്വീൻ ആണെന്ന്. ശരിക്കും അതാണ് സത്യവും. വനിതകൾ അത്രത്തോളം സാന്നിധ്യം അറിയിക്കാത്ത ട്രാക്‌ടർ വ്യവസായ മേഖലയിൽ സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയെടുക്കുക മാത്രമല്ല വലിയൊരു വിജയകഥ രചിക്കുകയും ചെയ്‌ത ആളാണ് മല്ലിക ശ്രീനിവാസൻ.

ഇന്ത്യയുടെ ട്രാക്‌ടർ വ്യവസായത്തെ അസാധാരണമാം വിധം ഉയരങ്ങളിലേക്കാണ് മല്ലിക നയിച്ചത്. ട്രാക്‌ടേഴ്‌സ് ആൻഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മല്ലിക ശ്രീനിവാസൻ തന്റെ കുടുംബ ബിസിനസിനെ ലോകത്തിലെ മൂന്നാമത്തെ വലിയ ട്രാക്‌ടർ നിർമ്മാണ കമ്പനിയാക്കി തീർത്തത് കഠിനാധ്വാനവും അർപ്പണബോധവും പിന്നെ ധൈര്യവും കൊണ്ടാണ്.
നിലവിൽ 10,000 കോടി രൂപ വരുമാനമുള്ള സ്ഥാപനമാണിത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിലെ വാർട്ടൺ സ്‌കൂളിൽ നിന്ന് എംബിഎ നേടിയിട്ടുള്ള ഇവർ മദ്രാസ് സർവകലാശാലയിൽ നിന്നായിരുന്നു ബിരുദ പഠനം പൂർത്തിയാക്കിയത്. വിദേശത്തെ ഉപരി പഠനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി കുടുംബ ബിസിനസിന്റെ ഭാഗമായി മാറിയ അവർക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ബിസിനസ് വളർത്തുന്നതിന് ഒപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയും മല്ലികയുടെ പ്രഥമ പരിഗണനയിൽ ഒന്നായിരുന്നു. തങ്ങളുടെ ഉപയോക്താക്കളായ ഇടത്തരം, താഴ്ന്ന വരുമാനമുള്ള കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അവർ ഒരുപാട് കാര്യങ്ങൾ ചെയ്‌തു. കർഷകർ നേരിടുന്ന വെല്ലുവിളികളും, ആവശ്യങ്ങളും മനസിലാക്കാൻ പതിവായി ഗ്രാമപ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അവർ.
കമ്പനി 2005ൽ ഐഷറിന്റെ ട്രാക്‌ടർ ഡിവിഷൻ ഏറ്റെടുക്കുകയും, തുർക്കിയിലെ ഒരു ഫാക്‌ടറി ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ അതിന്റെ പ്രവർത്തനം വിപുലീകരിക്കുകയും ചെയ്‌തു. നിലവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിക്ക് പിന്നിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ട്രാക്‌ടർ നിർമ്മാണ കമ്പനിയാണ് ടിഎഎഫ്ഇ.
ഫോർബ്‌സ് ഇന്ത്യയുടെ വുമൺ ലീഡർ ഓഫ് ദി ഇയർ, ഫോർബ്‌സ് ഏഷ്യയിലെ മികച്ച 50 പവർ ബിസിനസ് വനിതകളുടെ പട്ടിക എന്നിവയിൽ ഇടം നേടാൻ മല്ലിക ശ്രീനിവാസന് കഴിഞ്ഞു. ഇന്ത്യൻ ശതകോടീശ്വരൻ വേണു ശ്രീനിവാസന്റെ ഭാര്യ കൂടിയാണ് മല്ലിക. 23,625 കോടി രൂപയോളമാണ് നിലവിൽ മല്ലിക ശ്രീനിവാസന്റെ ആസ്‌തിയായി കണക്കാക്കുന്നത്.












Click it and Unblock the Notifications