ആകാശം തൊട്ട് സ്വർണവില; ഇനിയും കുതിച്ചുപൊങ്ങുമോ? പണപ്പെരുപ്പം മുതൽ യുദ്ധം വരെ, കാരണങ്ങൾ ഇവയൊക്കെ
മുംബൈ: ആഗോള വിപണിയിലെ പ്രവണതകളുടെ ചുവടുപിടിച്ച് ഇന്ത്യയിലും സ്വർണവില കുതിച്ചു കയറുകയാണ്. റെക്കോർഡ് നിലവാരത്തിലേക്ക് വില കുതിച്ചുയർന്നു കഴിഞ്ഞു. നിലവിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) ഇന്ത്യയിൽ 75,280 രൂപയാണ് വില. 22 കാരറ്റിന് ആവട്ടെ അത് 69,007 രൂപയുമാണ്. വിദേശ മാർക്കറ്റുകളിൽ വില കുതിച്ചുയരുന്നുണ്ട്. ആഗോള തലത്തിൽ .2 ശതമാനം വില വർധിച്ച് ഔൺസിന്
2661 ഡോളറാണ് വില.
ഇതൊക്കെയും ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. എന്നാൽ ഒരൊറ്റ കാരണം കൊണ്ട് മാത്രം കുതിച്ചുയർന്നതല്ല സ്വർണത്തിന്റെ വില. അതിലേക്ക് നയിച്ച, ആ പൊടുന്നനെയുള്ള വർധനവിന് ഇന്ധനം പകർന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഇനിയും സ്വർണവില ഉയരുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടതും ഈ ഘടകങ്ങളിൽ ഊന്നിയാണ്. നോക്കാം അവ എന്തൊക്കെ ആണെന്ന്.

ഡോളർ ദുർബലമാവുമ്പോൾ
സ്വർണവിലയെ എക്കാലവും സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഡോളറിന്റെ പ്രകടനം. ഏറ്റവും ഒടുവിൽ സ്വർണത്തിന്റെ വില കുതിച്ചുയർന്നപ്പോഴും അതിന് കാരണമായത് ഇത് തന്നെയാണ്. നിലവിൽ ഡോളർ ദുർബലമായതോടെ നിക്ഷേപകർ കൂടുതലായി സ്വർണം വാങ്ങി സൂക്ഷിക്കുകയാണ്. ഈ ഡിമാൻഡ് വർധനവാണ് വില കൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഇപ്പോഴും ഡോളർ ദുർബലമാവുമ്പോൾ സ്വർണ വില ഉയരുകയാണ് ചെയ്യുക എന്നോർക്കുക.
പണപ്പെരുപ്പം
യുഎസ് ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളിലെ പണപ്പെരുപ്പം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്, ഇവിടെയും നമുക്കത് കാണാൻ കഴിയും. പണപ്പെരുപ്പം യുഎസ് ഫെഡ് റിസർവിന്റെ ലക്ഷ്യമായ 2 ശതമാനത്തിന് മുകളിലാണ് ഇപ്പോഴും. ഇത് പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് കാരണമാവും. ഇതാണ് സ്വർണം സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു നിർണായക ഘടകം.
ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ
സ്വർണവിലയെ കുറിച്ച് പറയുമ്പോൾ ഒരു കാരണവശാലും ഭൗമ രാഷ്ട്രീയ സംഘർഷങ്ങളെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. ഏറ്റവും ഒടുവിൽ നടന്നു കൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം പോലും സ്വർണവിലയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളിൽ ഒന്നാണ്. പൊതുവേ ഇത്തരം ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ഏറ്റവും മോശമായി ബാധിക്കാറുള്ളത് സ്വർണം പോലെയുള്ള നിക്ഷേപകങ്ങൾക്കാണ്.
നേരത്തെ യുക്രൈൻ-റഷ്യ സംഘർഷം സ്വർണം, എണ്ണ വിലകളെ കാര്യമായി ബാധിക്കുന്ന ഘടകമാണ്. അതിന് ശേഷമാണ് പശ്ചിമേഷ്യ കൂടുതൽ സംഘർഷങ്ങൾക്ക് വേദിയാവുന്നത്. അവിടെ ഇസ്രായേൽ-ഹമാസ് സംഘർഷിന്റെ വ്യാപ്‌തി കുറയുന്നില്ലെന്ന് മാത്രമല്ല ഇത് ലബനൻ പോലെയുള്ള കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്‌തു. ഇതും വലിയൊരു തിരിച്ചടിയാണ്.
ഇടിഎഫ് ഒഴുകുന്നു
ഇടിഎഫ് നിക്ഷേപങ്ങൾ സ്വർണത്തിലേക്ക് കേന്ദ്രീകരിക്കുന്നത് നിലവിലെ സാഹചര്യം തുടരാൻ കാരണമായേക്കും. സ്വർണ ഇടിഎഫ് എപ്പോഴും അതിന്റെ ഡിമാൻഡിനെ ഉണർത്താൻ ശേഷിയുള്ളതാണ്. അങ്ങനെ വരുമ്പോൾ ഇപ്പോഴത്തെ ഇടിഎഫ് വർധനവ് കൂടി സ്വർണ വിലയെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകമാണ്.












Click it and Unblock the Notifications