സ്ഥിര നിക്ഷേപം വലിയ ചതിക്കുഴിയോ..? നഷ്‌ടമാണോ ലാഭമാണോ എന്ന ചോദ്യത്തിന് ഉത്തരം ഇതാ...
നമ്മളിൽ പലർക്കും ശമ്പളം മാത്രമായിരിക്കില്ല വരുമാനം മാർഗം. ചെറുകിട ബിസിനസുകൾ നടത്തുന്നവരെയും കച്ചവടക്കാരെയും ഒഴിവാക്കാം. ഒരു സാധാരണ സർക്കാർ-സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ റിട്ടയർമെന്റ് അനുകൂല്യമായോ, പിഎഫ് പണമോ ഒക്കെയായി വലിയൊരു തുക കൈയിൽ വരുമ്പോൾ പെട്ടെന്നൊരു അങ്കലാപ്പാണ്.
ഈ പണം എങ്ങനെ വിനിയോഗിക്കണം എന്ന കൃത്യമായ ധാരണലയില്ലാതെ ഒടുവിൽ ഭൂരിഭാഗം പേരും എത്തിപ്പെടുക സ്ഥിര നിക്ഷേപം എന്ന പരമ്പരാഗത പല്ലവിയിലേക്കാണ്. ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിലെ നിക്ഷേപം തന്നെയാണ് ഇതിലെ ഹൈലൈറ്റ്. സഹകരണ ബാങ്കുകളിലെ വലിയ പലിശ വാഗ്‌ദാനം കണ്ട് അങ്ങോട്ട് ചായുന്നവരും കുറവല്ല.

എന്നാൽ ഇങ്ങനെ ഒറ്റ ഓപ്‌ഷനിൽ കുടുങ്ങി നിൽക്കുന്ന ആളുകളിൽ പലർക്കും അറിയില്ല, യഥാർത്ഥത്തിൽ അവരുടെ പണം നഷ്‌ട കച്ചവടത്തിലാണ് നിക്ഷേപിക്കുന്നതെന്ന്. കാരണം ഒരു സ്ഥിര നിക്ഷേപം പത്ത് വർഷങ്ങൾ കൊണ്ട് നൽകുന്ന ലാഭം കേവലം മൂന്നിലൊന്ന് കാലയളവ് കൊണ്ട് തിരികെ നൽകാൻ പറ്റുന്ന ഒരുപാട് സാധ്യതകൾ നമുക്ക് മുൻപിലുണ്ട്.
ഒടുവിൽ സുരക്ഷിതത്വത്തിന്റെ പേര് മാത്രം പറഞ്ഞ് സ്ഥിര നിക്ഷേപം എന്ന എലിപ്പെട്ടിയിൽ കുടുങ്ങുകയാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇക്കാലത്ത് ഏറ്റവും പ്രസക്തമായ ചോദ്യമാണ് സ്ഥിര നിക്ഷേപം ലാഭമാണോ, നഷ്‌ടമാണോ എന്നത് ? അതിന്റെ ഉത്തരത്തിലേക്ക് നമുക്ക് എത്താൻ ചില ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
സ്ഥിര നിക്ഷേപം
ഒരു സ്ഥിര നിക്ഷേപം നിങ്ങൾക്ക് കൃത്യമായ പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുകയും, അതിലൂടെ നിക്ഷേപം വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഈ പലിശ നിരക്കിലൂടെ ഉണ്ടാവുന്ന നേട്ടം, ഇഎഫ്‌ടി, മ്യൂച്ചൽ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വളരെ കുറവായിരിക്കും. ഇതിന്റെ മറ്റൊരു പോരായ്‌മ വരുമാനം സ്ഥിരമായിരിക്കും എന്നതാണ്. തുടക്കത്തിലെ അതേ പലിശ തന്നെയാണ് വർഷങ്ങൾ കഴിഞ്ഞാലും നിങ്ങൾക്ക് ലഭിക്കുക.
സ്ഥിര നിക്ഷേപത്തിന്റെ മറ്റൊരു പോരായ്‌മ ആവശ്യത്തിന് ഉപകരിക്കില്ല എന്നതാണ്. ഇനി അഥവാ ചികിത്സ പോലെയുള്ള നിങ്ങളുടെ അത്യാവശ്യങ്ങൾക്ക് ഇതിലെ തുക പിൻവലിക്കണമെങ്കിൽ നിങ്ങൾ പിഴ ഒടുക്കേണ്ടിയും വരും. എന്നാൽ മറ്റ് നിക്ഷേപങ്ങൾക്ക് ഈ പ്രശ്‌നമില്ല. ആവശ്യത്തിന് അനുസരിച്ച് നിങ്ങൾക്ക് വകമാറ്റാൻ അവസരമുണ്ട്.
ഇനിയാണ് ഏറ്റവും വലിയ അപകട സാധ്യത. താരതമ്യേന സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് പറയുന്നുണ്ടെങ്കിലും നിങ്ങൾ പണം നിക്ഷേപിച്ച ബാങ്ക് പാപ്പരായാൽ കാര്യം അവതാളത്തിലാവും. എത്ര തുക നിക്ഷേപിച്ചാലും ബാങ്ക് പാപ്പരായാൽ 5 ലക്ഷം രൂപ മാത്രമേ ഒരാൾക്ക് തിരിച്ചു ലഭിക്കുകയുള്ളൂ എന്നതാണ് ഏറ്റവും വലിയ കാര്യം.












Click it and Unblock the Notifications