അക്കൗണ്ടിൽ നിന്ന് നിങ്ങളറിയാതെ പണം പോകുന്നുണ്ടോ..? കാരണം ഇത് തന്നെ, ഇങ്ങനെ ചെയ്‌താൽ പരിഹാരമാവും...
ബാങ്ക് അക്കൗണ്ടുകൾ പലപ്പോഴും സുരക്ഷിതമാണെന്ന് കരുതി നമ്മൾ അധികം ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ്. ഒരുപരിധിവരെ സുരക്ഷിതത്വം അവ പ്രദാനം ചെയ്യുന്നുമുണ്ട്. എന്നാൽ നിങ്ങളറിയാതെ അക്കൗണ്ടിൽ നിന്നും പണം പോകുന്നതായി എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ..? എങ്കിൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെയധികമാണ്. പലപ്പോഴും ചെറിയ തുകകൾ ആയതിനാൽ നമ്മൾ അതറിയുന്നില്ലെന്ന് മാത്രം.
ദേശസാൽകൃത ബാങ്കുകൾ ആയാലും, ഷെഡ്യൂൾഡ് ബാങ്കുകൾ ആയാലും, സ്വകാര്യ ബാങ്കുകളായാലും നിരവധി ഉപഭോക്താക്കൾ സ്ഥിരമായി ഉന്നയിക്കുന്ന പരാതിയാണ് അക്കൗണ്ടിൽ നിന്ന് ഉടമ അറിയാതെ പണം പോവുന്ന കാര്യം. അതിൽ പലതും എടിഎം വാർഷിക ചാർജ്, അക്കൗണ്ട് നോൺ-ബാലൻസ് ഫൈൻ എന്നിവ ഒക്കെ ആയിരിക്കും. എന്നാൽ ഇത് കൂടാതെ ഉടമ അറിയാതെ പല ബാങ്കുകളും പണം പിന്വലിക്കുന്നുണ്ടെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ഒരു ഹാഷ് ടാഗ് ക്യാമ്പൈന്‍ തന്നെ നടക്കുന്നുണ്ട് എന്നത് പലർക്കും അറിയാത്ത കാര്യമായിരിക്കും. #StopBankLoot എന്ന പേരിലാണ് ബാങ്കുകള്‍ക്കതിരെ പ്രചാരണം നടക്കുന്നത്. ഹാഷ് ടാഗില്‍ സൂചിപ്പിക്കുന്നതു പോലെ അക്കൗണ്ട് ഉടമകൾ അറിയാതെ പണം പിന്‍വലിക്കുന്നതിന് എതിരേയാണ് രാജ്യവ്യാപകമായി ഈ ക്യാമ്പയിൻ നടക്കുന്നത്.
ഈ പണം പോവുന്നത് എങ്ങോട്ട് ?
കേന്ദ്ര സർക്കാർ 2015ൽ ആരംഭിച്ച പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷ ബിമാ യോജന (പിഎംഎസ്‌ബിവൈ) എന്നീ രണ്ട് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്കായാണ് മിക്ക ബാങ്കുകളും ഇടപാടുകാര്‍ അറിയാതെ പണം പിന്‍വലിക്കുന്നത്. ആദ്യത്തെ പദ്ധതിക്ക് 330 രൂപയും രണ്ടാമത്തെ പദ്ധതിക്ക് 12 രൂപയുമാണ് ഈടാക്കുന്ന വാര്‍ഷിക പ്രീമിയം.
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുമായി സഹകരിച്ച് പൊതു-സ്വകാര്യ മേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. എന്നാൽ പല ഇടപാടുകാരും അക്കൗണ്ടുകളിൽ നിന്ന് ഇതിനായി പണം പിൻവലിക്കുന്നത് പോലും അറിയില്ലെന്നതാണ് വാസ്‌തവം.
അതിനാൽ തന്നെ മരണമോ, അപകടമോ സംഭവിച്ചാൽ പോലും ഈ ഇൻഷുറൻസ് ഭൂരിഭാഗം പേരും ക്ലെയിം ചെയ്യാറില്ല. ഈ പണം പിൻവലിക്കുന്ന കാര്യമവറ്റെ ബാങ്ക് ഉപഭോക്താക്കളെ നേരത്തെ അറിയിക്കാറുമില്ല. എന്നാൽ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി സ്‌റ്റേറ്റ്മന്റ് എടുക്കുമ്പോഴാണ് ഭൂരിഭാഗം പേരും ഇങ്ങനെയൊരു പദ്ധതിയെ കുറിച്ചും, അതിന് പണം ഈടാക്കുന്നതിനെ കുറിച്ചും അറിയുന്നത്.
ഏറ്റവും കൂടുതൽ പരാതി ഈ ബാങ്കുകൾക്ക് എതിരെ
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, കനറാ ബാങ്ക്, സ്വകാര്യ മേഖലയിലെ വമ്പന്മാരായ എച്ച്ഡിഎഫ്‌സി എന്നിവർക്കെതിരെ നിരന്തരം ഈ വിഷയത്തിൽ പരാതികൾ ഉയർന്നുവരാറുണ്ട്. ഇത് നിയമപ്രകാരം തെറ്റാണെന്ന് ഇരിക്കെ എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഈ ആരോപണം നിഷേധിക്കുകയാണ് പതിവ്.
പരിഹാരം ഇങ്ങനെ
അക്കൗണ്ട് ഉടമകൾ വാർഷിക സ്‌റ്റേറ്റ്മന്റ് എടുത്ത ശേഷം ഇത്തരത്തിൽ അനുവാദമില്ലാതെ ഈടാക്കിയ തുക കണ്ടെത്തി ബാങ്കിന് രേഖാമൂലം പരാതി നൽകേണ്ടതാണ്. നിങ്ങളുടെ അറിവോ, സമ്മതമോ കൂടാതെയാണ് ഈ ഇടപാട് നടന്നതെന്ന് കൃത്യമായി ബാങ്കിനെ ബോധ്യപ്പെടുത്തണം. തുടർനടപടികൾ കൃത്യമായി ബാങ്ക് സ്വീകരിച്ചില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ വിഷയം ചൂണ്ടിക്കാട്ടി ആർബിഐയെ സമീപിക്കാവുന്നതാണ്. ഇതിൽ രണ്ടാഴ്‌ചയ്ക്കകം നടപടിയുണ്ടാകും.












Click it and Unblock the Notifications