ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ലറി ഉടമ ഒരു മലയാളി; ആസ്‌തി 36,520 കോടി, ആലുക്കാസിന്റെ അമരക്കാരൻ
ഇന്ത്യയിലെ ജ്വല്ലറി മേഖലയിലെ ഏറ്റവും ശക്തമായ പേരുകളിൽ ഒന്നാണ് ജോയ് ആലുക്കാസ്. തന്റെ നിശ്ചയദാർഢ്യവും ദീർഘ വീക്ഷണവും കൊണ്ട് ആലുക്കാസ് എന്ന പിതാവിന്റെ ജ്വല്ലറി സംരംഭം ചെറിയ ഇടങ്ങളിൽ നിന്ന് തുടങ്ങി ലോകമെമ്പാടും വ്യാപിപ്പിക്കുന്ന തരത്തിലുള്ള ബിസിനസായി വളർത്തിയ ജോയ് ആലുക്കാസ് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ഉടമകളിൽ ഒരാളാണ്. ഈ മേഖലയിൽ പകരക്കാർ ഇല്ലാത്തവിധം സ്ഥാനം നേടിയെടുത്തിരിക്കുകയാണ് അദ്ദേഹം സ്ഥാപനം.
വലിയ ബിസിനസ് പ്രമുഖർക്ക് ജന്മം നൽകിയ തൃശൂരിൽ നിന്ന് തന്നെയാണ് ജോയ് ആലുക്കാസിന്റെയും വരവ്. അദ്ദേഹത്തിന്റെ പിതാവ് വർഗീസ് ആലുക്കാസിന് തൃശൂരിൽ ഒരു ജ്വല്ലറി ഷോപ്പ് സ്വന്തമായുണ്ടായിരുന്നു. പാരമ്പര്യമായി വസ്ത്ര വ്യാപാര മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കുടുംബമായിരുന്നു ജോയ് ആലുക്കാസിന്റേത്.

എന്നാൽ ജോയ് ആലുക്കാസിന് വസ്‌ത്രവ്യാപാര മേഖലയേക്കാൾ കൂടുതൽ താൽപര്യം സ്വർണ കച്ചവടത്തോട് ആയിരുന്നു. അങ്ങനെയാണ് അദ്ദേഹം ജ്വല്ലറി ബിസിനസ് രംഗത്തേക്ക് ആഴത്തിൽ ഇറങ്ങാൻ തീരുമാനിച്ചത്. യുഎഇയിൽ എണ്ണ ഖനനം ആരംഭിച്ചതോടെ കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ആളുകൾ അവിടേക്ക് തൊഴിലന്വേഷിച്ച് പോയത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഈ കുടിയേറ്റ കാലത്താണ് ജോയ് ആലുക്കാസ് വരാനിരിക്കുന്ന പ്രവാസികളുടെ വലിയൊരു സമൂഹത്തെ മുന്നിൽ കണ്ടുകൊണ്ട് അബുദാബിയിൽ ആദ്യ ജ്വല്ലറി തുറന്നത്. ആ സമയത്ത് അവിടെ ജ്വല്ലറി മേഖല വളർച്ചയുടെ പാതയിൽ മാത്രമായിരുന്നു. പിന്നീട് 1988ൽ പ്രസിദ്ധമായ ദുബായ് ഗോൾഡ് സൂക്കിൽ ജോയ് ആലുക്കാസ് മറ്റൊരു ബ്രാഞ്ച് കൂടി തുറക്കുകയുണ്ടായി.
2001-ൽ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായ ഒരു ഉപഭോക്താവിന് റോൾസ് റോയ്‌സ് സമ്മാനിച്ച് അദ്ദേഹം വാർത്തകളിൽ ഇടം നേടി. എന്നാൽ 2002ൽ ജോയിയും അദ്ദേഹത്തിന്റെ നാല് സഹോദരന്മാരും ജ്വല്ലറി ബിസിനസ് പങ്കുവച്ചതോടെയാണ് കഥയുടെ ശരിയായ തുടക്കം. പിന്നീട് അങ്ങോട്ട് ജോയ് ആലുക്കാസ് എന്ന സ്ഥാപനം പടർന്നു പന്തലിക്കുകയായിരുന്നു.
ഇക്കാലത്ത് ആഭ്യന്തര, അന്താരാഷ്ട്ര മാർക്കറ്റുകളിൽ കൃത്യമായ സ്വാധീനം ചെലുത്തിയാണ് ജോയ് ആലുക്കാസ് തന്റെ ബിസിനസ് വ്യാപിപ്പിച്ചത്. തമിഴ്‌നാട്, ഡൽഹി, ലണ്ടൻ എന്നിങ്ങനെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം തന്റെ ശാഖകൾ വിജയകരമായി തുറന്നു. 2008ൽ ജോയ്ആലുക്കാസ് ചെന്നൈയിലെ ഏറ്റവും വലിയ ജ്വല്ലറി മാളായ പ്രശാന്ത് റിയൽ ഗോൾഡ് ടവറിൽ 70,000 ചതുരശ്ര അടി വരുന്ന സ്‌റ്റോർ തുറന്നു, അത് ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഷോറൂമായിരുന്നു.
2009ൽ 10 ബിഎംഡബ്ല്യു ആഡംബര കാറുകൾ ഭാഗ്യ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്‌ത് അദ്ദേഹം വീണ്ടും വാർത്തകളിൽ ഇടം നേടി. ഇന്ന്, ജോയ്ആലുക്കാസിന്റെ വരുമാനം 14,513.42 കോടി രൂപയും അറ്റാദായം 899 കോടി രൂപയുമാണ്. 36,520 കോടി രൂപ ആസ്‌തിയുള്ള ജോയ് ആലുക്കാസ് ഇന്ത്യയിലെ ഏറ്റവും ധനികനായ ജ്വല്ലറി ഉടമയാണ്, കൂടാതെ ഫോബ്‌സിന്റെ സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.












Click it and Unblock the Notifications