കേരളത്തിന്റെ സ്വന്തം ജ്വല്ലറി ബ്രാൻഡ്; ഈ ഓഹരി 10 മാസം കൊണ്ട് നൽകിയത് 300 ശതമാനം ലാഭം, ഇതൊക്കെയല്ലേ നേട്ടം
വിവാഹ വേളകളിലും അല്ലാതെയും സ്വർണത്തിന് ഏറ്റവുമധികം വിപണി സാധ്യതകൾ ഉള്ള ഒരിടമാണ് കേരളം. അത് കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് കേരളത്തിലെ സ്വർണ വിൽപ്പന സ്ഥാപനങ്ങൾ എപ്പോഴും പ്രവർത്തിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന കൂട്ടരാണ് കല്യാൺ ജ്വല്ലേഴ്‌സ്, പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായാണ് അവർ വിപണിയിൽ പിടിച്ചു നിൽക്കുന്നത്.
കേവലം സ്വർണ വിൽപ്പനയിലെ വർദ്ധനവ് കൊണ്ടോ, പുതിയ ഷോറൂമുകളുടെ എണ്ണം കൂട്ടുന്നത് കൊണ്ടോ അല്ല അവർ ശ്രദ്ധിക്കപ്പെടുന്നത്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഓഹരി വിപണിയിൽ അവർ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയ വൻ മുന്നേറ്റമാണ്. കേരളത്തിന്റെ സ്വന്തം ജ്വല്ലറി ബ്രാൻഡായ കല്യാൺ കഴിഞ്ഞ പത്ത് മാസത്തിനിടെ നിക്ഷേപകർക്ക് നൽകിയ 300 ശതമാനം നേട്ടമാണ്.

മാര്‍ച്ച് രണ്ടിന് ഈ ഓഹരി മുന്‍കാല റെക്കോഡായ 419 രൂപ മറികടന്നിരുന്നു. കഴിഞ്ഞ ദിവസം ബിഎസ്ഇയില്‍ മൂന്ന് ശതമാനം ഉയര്‍ന്ന് ഓഹരി വില 427.85 രൂപയിലാണ് എത്തിയത്. സ്വർണവില കുതിച്ചുയർന്ന് സാഹചര്യത്തിൽ മികച്ച വളർച്ചാ സാധ്യതകളാണ് ഓഹരിയെ മുന്നോട്ട് നയിക്കുന്നത്. പത്ത് മാസം മുൻപ് 105.65 രൂപയില്‍ നിന്നാണ് ഈ ഓഹരി ഇന്ന് കാണുന്ന നേട്ടത്തിലേക്ക് നടന്നു കയറിയത് എന്നതാണ് ശ്രദ്ധേയം.
ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചില്‍ നിന്ന് എപ്ലസ് റേറ്റിംഗ് ലഭിച്ചതുൾപ്പെടെ ഓഹരിയുടെ മുന്നേറ്റത്തിൽ നിർണായകമായ കാര്യങ്ങളാണ്. 2021 മാർച്ച് 26നാണ് കല്യാൺ ജ്വല്ലേഴ്‌സ് ഓഹരി ലിസ്‌റ്റ് ചെയ്യുന്നത്. അന്ന് ഒരു ഓഹരിക്ക് 75.30 രൂപയായിരുന്നു വില. പിന്നീട് ഐപിഒ ഇഷ്യു പ്രൈസ് 87 രൂപ നിലവാരത്തിലായിരുന്നു. ലിസ്‌റ്റ് ചെയ്‌തതിന് ശേഷം ആദ്യവർഷത്തിൽ കമ്പനിക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും പിന്നീട് തിരിച്ചു വരികയായിരുന്നു.
2023 ഡിസംബർ പാദത്തിൽ മാത്രം കമ്പനി 5223 കോടി രൂപയുടെ കൺസോളിഡേറ്റഡ് വരുമാനമാണ് നേടിയതെന്നത് ശ്രദ്ധേയമാണ്. തൊട്ടുമുൻപിലെ വർഷത്തിലെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ മുപ്പത് ശതമാനത്തിൽ അധികം വർധനവാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽനികുതി കഴിച്ചുള്ള ലാഭം 148 കോടിയിൽ നിന്ന് 180 കോടി രൂപയിലേക്ക് ഉയർന്നു, 22 ശതമാനം വർധനവ്.
അതേസമയം, കൂടുതൽ വിപുലീകരണ പദ്ധതികളാണ് കമ്പനിയുടെ ഭാവിയിലേക്ക് ആസൂത്രണം ചെയ്‌തിരിക്കുന്നത്. യുഎസ് വിപണിയിലേക്ക് കൂടി കാലെടുത്ത് വയ്ക്കാനാണ് കമ്പനിയുടെ ശ്രമം. കൂടാതെ രാജ്യത്ത് പുതുതായി കൂടുതൽ ഷോറുമുകളും തുറന്നേക്കും.
കഴിഞ്ഞ ഡിസംബർ പാദത്തിൽ രാജ്യത്ത് പുതിയതായി 22 ഷോറൂമുകളാണ് കല്യാൺ ജ്വല്ലേഴ്‌സ് തുറന്നത്. 2025 സാമ്പത്തിക വർഷത്തോടെ പുതിയ 80 ഷോറൂമുകൾ കൂടി തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. 2023 ഡിസംബർ പാദം അവസാനിക്കുമ്പോൾ ഇന്ത്യയിലും, മിഡിൽ ഈസ്‌റ്റിലുമായി 235 ഷോറൂമുളുണ്ട് കമ്പനിക്ക്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications