ഇതാണ് സ്വർണം വാങ്ങാൻ പറ്റിയ സമയം; വിലയിൽ ഇടിവ് തുടരുന്നു, മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 760 രൂപ
കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും ഇടിവ് നേരിട്ട് സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസങ്ങളുടെ ചുവടുപിടിച്ച് ഇന്നും സംസ്ഥാനത്തെ സ്വർണവിലയിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഒരു പവന് കുറഞ്ഞത് 280 രൂപയാണ്. ഇതോടെ ഗ്രാമിന് 6780 രൂപയിലും പവന് 54,240 രൂപയിലുമാണ് ഇന്ന് കേരളത്തിൽ വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളി വിലയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 96 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെയും മിനിഞ്ഞാന്നുമായി 480 രൂപയുടെ കുറവാണു സ്വർണവിലയിൽ ഉണ്ടായിരുന്നത്.

ഇന്നത്തെ ഇടിവ് കൂടി ആയതോടെ മൊത്തം വിലക്കുറവ് 760 രൂപയായി മാറിയിരിക്കുകയാണ്. ഈ ബുധനാഴ്‌ച പവന് ഒറ്റയടിക്ക് 720 രൂപ കൂടിയിരുന്നു. അന്ന് പവന് 55,000 രൂപയും ഗ്രാമിന് 6,875 രൂപയുമായിരുന്നു വില. ആ റെക്കോർഡ് ഉയരത്തിൽ നിന്നാണ് സ്വർണവില മൂന്ന് ദിവസമായി താഴേക്ക് ഇറങ്ങുന്നത്.
നേരത്തെ മെയ് മാസത്തിലും സ്വർണവില 55,000 കടന്നിരുന്നു. സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വർണ വില മുന്നോട്ട് നീങ്ങുന്നത്.
ബുധനാഴ്‌ച അന്താരാഷ്ട്ര സ്വർണവില ഔണ്‍സിന് 2,483.60 ഡോളറെന്ന സര്‍വകാല റെക്കോഡിലെത്തിയിരുന്നു. എന്നാൽ ലാഭമെടുപ്പ് ശക്തമായതോടെ പിന്നീട് ഇടിവിലേക്ക് വഴിമാറി. ഇന്നലെ രണ്ട് ശതമാനത്തോളം ഇടിവാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടായത്. ഔണ്‍സിന് 22,400 ഡോളറിലാണ് വില എത്തി നിൽക്കുന്നത്.
എങ്കിലും വില വൈകാതെ ഉയരാനാണ് സാധ്യത എന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. സെപ്റ്റംബറില്‍ യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സ്വർണവില വീണ്ടും ഉയരുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ അതുവരെ ഈ ട്രെൻഡ് തുടരുമോ എന്ന കാര്യത്തിൽ കൃത്യമായ ഉത്തരം ആർക്കുമില്ല.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ ആഭരണം വാങ്ങാൻ കുറഞ്ഞത് 59,000 രൂപ എങ്കിലും ചിലവഴിക്കേണ്ടി വരും. സാധാരണ സ്വർണത്തിന്റെ മാർക്കറ്റ് റേറ്റിനൊപ്പം പണിക്കൂലി, ജിഎസ്‌ടി എന്നിവ കൂടി ചേർത്താവും ആഭരണങ്ങളുടെ വില നിശ്ചയിക്കുക. ആഭരണത്തിന്റെ രീതി,കടകൾ എന്നിങ്ങനെയുള്ള ഘടകങ്ങൾ കണക്ക് കൂട്ടുമ്പോൾ ഈ വില വ്യത്യാസപ്പെട്ടിരിക്കാം.












Click it and Unblock the Notifications