ഭാഗ്യം വന്നാൽ വമ്പൻ നേട്ടം, ഇല്ലെങ്കിലും നഷ്‌ടമില്ല; ഈ കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടികൾ ഒരു സംഭവം തന്നെ
നമ്മുടെ നാട്ടിൽ സമ്പാദ്യശീലം വളർത്തുന്നതിനും പെട്ടെന്നുണ്ടാവുന്ന സാമ്പത്തിക പരിഹരിക്കുന്നതിനുമാണ് പൊതുവേ നമ്മൾ ചിട്ടികൾ ഉപയോഗിക്കുന്നത്. എന്നാൽ നാട്ടിൻപുറങ്ങളിലെ ചിട്ടികൾ പലപ്പോഴും കുറഞ്ഞ തുകയും കുറഞ്ഞ കാലയളവും കൊണ്ട് തീരുന്നവയുമാണ്. കൂടാതെ അവയുടെ സുരക്ഷിതത്വവും എത്രകണ്ട് ഉറപ്പിക്കാമെന്ന കാര്യത്തിൽ നമുക്ക് ഒരുപാട് സംശയങ്ങളും ഉണ്ടാവും.
എന്നാൽ ഇതിനെല്ലാം പരിഹാരമാണ് സംസ്ഥാന സർക്കാർ സംരംഭമായ കെഎസ്എഫ്ഇയുടെ ചിട്ടികൾ. വളരെയധികം വിശ്വാസ്യതയും ഒപ്പം പ്രകടമായ നേട്ടങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന കെഎസ്എഫ്ഇ ചിട്ടികൾ എല്ലാം കൊണ്ടും തികഞ്ഞ ഓപ്‌ഷനാണ്. അവയിൽ തന്നെ നല്ല നേട്ടം പ്രദാനം ചെയ്യുന്ന മൾട്ടി ഡിവിഷൻ ചിട്ടികൾക്ക് ആവശ്യക്കാർ ഏറെയാണ്.

എന്താണ് മൾട്ടി ഡിവിഷൻ ചിട്ടികൾ?
സാധാരണ ചിട്ടിയിൽ ലേലം ചെയ്‌ത് ചിട്ടി പണം കൈപ്പറ്റുന്നതിനുള്ള സൗകര്യം മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി നറുക്കിട്ടെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ചിട്ടി സലയുടെ 95 ശതമാനം തുക നൽകുകയും ഒന്നിലധികം ഡിവിഷനുകളായി ആരംഭിക്കുന്നതുമായ ചിട്ടി പദ്ധതിയാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ എന്നറിയപ്പെടുന്നത്. കെഎസ്എഫ്ഇയുടെ ഏറ്റവും ജനപ്രിയ സംരംഭങ്ങളിൽ ഒന്നാണിത്.
എന്നാൽ അടുത്തിടെ മൾട്ടി ഡിവിഷൻ ചിട്ടികളിൽ സുപ്രധാനമായ ഒരു മാറ്റവുമായി കെഎസ്എഫ്ഇ രംഗത്ത് വന്നിരുന്നു. ഇത്തരം ചിട്ടികളുടെ കാലയളവ് 60 മാസമായും പരമാവധി മാസത്തവണ 20,000 രൂപ വരെയായും നിജപ്പെടുത്തിയാണ് അവർ മാറ്റങ്ങൾ വരുത്തിയത്. ഇതോടെ താരതമ്യേന ചെറിയ കലായളവിൽ വലിയൊരു തുക സമാഹരിക്കാൻ സഹായിക്കുന്ന ചിട്ടി പദ്ധതിയായി മൾട്ടി ഡിവിഷനുകൾ മാറിയെന്നതാണ് പ്രത്യേകത.
മൾട്ടി ഡിവിഷൻ പ്രത്യേകതകൾ
എല്ലാ മാസവും ഒരു നറുക്ക് ലഭിക്കുന്ന ഭാഗ്യശാലിയായ വ്യക്തിക്ക് കമ്മീഷൻ (5 ശതമാനം) കിഴിച്ച് ബാക്കി മുഴുവൻ ചിട്ടി തുകയും ലഭിക്കുന്നു (ജിഎസ്‌ടി ഇതിന് പുറമേ). ഒരു ദിവസം നാല് തവണ വരെ ചിട്ടിയിൽ പങ്കെടുക്കാൻ അവസരം. ഓരോ മാസവും ഈ ചിട്ടിയിൽ ഒരു നറുക്കും മൂന്ന് ലേലവും വീതം നടക്കും എന്നതാണ് മൾട്ടി ഡിവിഷൻ ചിട്ടികളുടെ പ്രത്യേകത.
നറുക്ക് വീണില്ലെങ്കിലും പരമാവധി 30 ശതമാനം ലേലക്കിഴിവിൽ ചിട്ടി വിളിച്ചെടുക്കാം. ചിട്ടി ലഭിക്കാത്ത വരിക്കാരന്, സലയുടെ പകുതി തുക വരെ വായ്‌പാ സൗകര്യം. ഉദ്ദാഹരണത്തിന് 10 ലക്ഷം സലയുള്ള ചിട്ടിയിൽ അഞ്ച് ലക്ഷം രൂപ വരെ നിങ്ങൾക്ക് വായ്‌പയായി ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഭവന നിർമാണം തുടങ്ങിയ പ്രധാന കാര്യങ്ങൾക്ക് ബാങ്കിനെ ആശ്രയിക്കാതെ നീങ്ങാൻ ഈ ചിട്ടികൾ നിങ്ങളെ സഹായിക്കും.
കെഎസ്എഫ്ഇയുടെ ഓരോ ശാഖയിലും പുതിയതായി ആരംഭിക്കുന്ന റെഗുലർ, മൾട്ടി ഡിവിഷൻ ചിട്ടികളെ കുറിച്ച് https://ksfeonline.com/chitty/newchits എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന നിങ്ങൾക്ക് അറിയാനാകും. അടുത്തിടെ 'കെഎസ്എഫ്ഇ പവർ' എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷനും അവർ പുറത്തിറക്കിയിട്ടുണ്ട്. ധാരാളം മൾട്ടി ഡിവിഷൻ ചിട്ടികൾ പുതുതായി തുടങ്ങിയിട്ടുണ്ട്. ഇവയുടെ വിശദവിവരങ്ങൾക്ക് ഈ വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയാകും.












Click it and Unblock the Notifications