ഗോൾഡ് ലോണിനും ഇഎംഐയോ? കെഎസ്എഫ്ഇ എന്നാ സുമ്മാവാ, ആശ്വാസമേകാൻ ജനമിത്രം പദ്ധതി
സ്വകാര്യ മേഖലയിലെ ചിറ്റ് ഫണ്ടുകളും സ്വർണ പണയ വായ്‌പാ കേന്ദ്രങ്ങളും ഒക്കെ തകർന്നടിയുന്ന വാർത്തകൾ നാം നിരന്തരം കേൾക്കാറുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി മലയാളിയുടെ സമ്പാദ്യശീലത്തിന് പുത്തൻ ഭാവം നൽകിയ കെഎസ്എഫ്ഇ എന്ന കേരളം സ്‌റ്റേറ്റ് ഫിനാഷ്യൽ എന്റർപ്രൈസസ് എന്ന സ്ഥാപനം ഇന്നും വലിയ ലാഭത്തോടെ മുന്നോട്ട് നീങ്ങുകയാണ്.
അതിന്റെ ഏറ്റവും വലിയ കാരണം ആ സ്ഥാപനം ആളുകൾക്ക് ഇടയിൽ സൃഷ്‌ടിച്ച വിശ്വാസ്യതയാണ്. അതിൽ നിന്ന് അവർ പടുത്തുയർത്തിയ ഈ സാമ്രാജ്യം ഇപ്പോൾ കൂടുതൽ നൂതനമായ ബിസിനസ് രീതികളിലേക്ക് മാറിയെന്നത് വലിയ ആശ്വാസ്യകരമാണ്. അത്തരത്തിൽ അവർ ചിട്ടികൾ അല്ലാതെ വലിയ രീതിയിൽ നൽകുന്ന സേവനങ്ങളിൽ ഒന്നായ ഗോൾഡ് ലോണിലും പുതിയ പരീക്ഷണങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.

അതിൽ അവർ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടപ്പാക്കിയ മികച്ച പദ്ധതികളിൽ ഒന്നാണ് ജനമിത്രം ഗോൾഡ് ലോൺ സ്‌കീം. സാധാരണ ഗോൾഡ് ലോൺ പദ്ധതികളിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ പ്രത്യേകതകളോടെയാണ് ഈ പദ്ധതി സ്ഥാപനം അവതരിപ്പിച്ചിരിക്കുന്നത്. എന്തെന്നാൽ മുഴുവൻ വായ്‌പാ തുകയും ഒരുമിച്ച് അടയ്ക്കുക എന്ന ബാധ്യത ഒഴിവാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.
എന്താണ് ജനമിത്രം പദ്ധതി?
ഇഎംഐ അടിസ്ഥാനത്തിൽ സ്വർണ വായ്‌പാ തിരിച്ചടവ് നടത്താവുന്ന പദ്ധതിയാണ് ജനമിത്രം ഗോൾഡ് ലോൺ. ഈ പദ്ധതി പ്രകാരം വായ്‌പയുടെ കാലാവധി ഒരു വർഷമാണ്. ഇതിന്റെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് ചോദിച്ചാൽ നമുക്ക് പറയാൻ കഴിയുക കുറഞ്ഞ പലിശ നിരക്ക് തന്നെയാണെന്ന് നിസംശയം പറയാം.
ഇതിന്റെ വാർഷിക പലിശ നിരക്ക് 4.9 ശതമാനം ആണ്. ഒരു വർഷത്തേക്കുള്ള വായ്‌പാ തുകയും പലിശയും 12 തുല്യ പ്രതിമാസ തവണകളായി തിരിച്ചിരിക്കുന്നു, അത് വായ്‌പാ വിതരണം നടന്നതിന്റെ തൊട്ടടുത്ത മാസം മുതൽ തിരിച്ചടയ്ക്കണം എന്നതാണ് ഈ പദ്ധതിയുടെ രീതി. വായ്‌പ വിതരണ തീയതിയായിരിക്കും തിരിച്ചടവിനും കണക്ക് കൂട്ടുക.
ഈ സ്‌കീം പ്രകാരം ഒരു വ്യക്തിക്ക് പ്രതിദിനം വിതരണം ചെയ്യാവുന്ന പരമാവധി വായ്‌പ തുക 10 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഇതിൽ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശ പ്രതിമാസ തവണയുടെ 12 ശതമാനം ആണ്. മറ്റൊരു പ്രധാന ഗുണം എന്തെന്നാൽ ഇതിന് യാതൊരുവിധ പ്രൊസസിംഗ് ചാർജുകളും ഇല്ല എന്നതാണ്.
പണയം വെച്ച ആഭരണങ്ങൾ ഉൾപ്പെടെയുള്ളവ ഭാഗികമായി തിരിച്ചെടുക്കാനുള്ള സംവിധാനം 6 തവണ അടച്ചതിന് ശേഷം ഒരു തവണ മാത്രം അനുവദിക്കുന്നതാണ്. പിന്നീട് മുഴുവൻ തുകയും അടച്ചു തീർത്ത ശേഷമാവും ഇവ കൈപ്പറ്റാൻ കഴിയുക.
കെഎസ്എഫ്ഇയുടെ തന്നെ മറ്റ് ഗോൾഡ് ലോൺ പദ്ധതികളായ മാക്‌സ്, സാധാരണ ഗോൾഡ് ലോൺ പദ്ധതി എന്നിവയും ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്‌തമായി കുറഞ്ഞ പലിശനിരക്ക് തന്നെയാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. അതിനാൽ തന്നെ ഈ പദ്ധതിയെ ആശ്രയിച്ച് ധാരാളം ഉപഭോക്താക്കളാണ് നിലവിലുള്ളത്.












Click it and Unblock the Notifications