സ്വർണം കയ്യിലുണ്ടോ, പണം പെട്ടെന്ന് വേണോ? ഈടിന്റെ 90 ശതമാനം വരെ വായ്‌പ, ഇതാ കെഎസ്എഫ്ഇ മാക്‌സ് പദ്ധതി
നമ്മുടെ നാട്ടിലെ സാധാരണക്കാർക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്ന സർക്കാർ സ്ഥാപനമാണ് കെഎസ്എഫ്ഇ. ചെറുതും വലുതുമായ ചിട്ടികൾ ഉൾപ്പെടെ ഇടത്തരക്കാർക്കും സാധാരണക്കാർക്കും എന്നും കൂട്ടായി നിന്നിട്ടുണ്ട് ഈ ധനകാര്യ സ്ഥാപനം. ഹോം ലോൺ, പേഴ്‌സണൽ ലോൺ, ചിട്ടി ലോൺ എന്നിങ്ങനെ വിവിധതരം വായ്‌പകൾ അവർ അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഈ സേവനങ്ങൾ എല്ലാം പ്രയോജനപ്പെടുത്താറുമുണ്ട്.
എന്നാൽ അതിൽ തന്നെ ഏറ്റവും കൂടുതൽ പേർ കെഎസ്എഫ്ഇയെ ആശ്രയിക്കുന്നത് സ്വർണ പണയത്തിന് വേണ്ടി കൂടിയാണ്. ഇക്കാര്യത്തിൽ ഒന്നിലധികം രീതികളാണ് കെഎസ്എഫ്ഇ പിന്തുടരുന്നത്. അതിൽ ഏറ്റവും ജനപ്രിയമായ ഒരു രീതിയാണ് കെഎസ്എഫ്ഇ മാക്‌സ് ഗോൾഡ് ലോൺ. ഏത് തരത്തിലുള്ള ആവശ്യക്കാർക്കും പെട്ടെന്ന് പണം ലഭ്യമാക്കുന്ന വായ്‌പ രീതിയാണിത്.

എന്താണ് കെഎസ്എഫ്ഇ മാക്‌സ് ഗോൾഡ് ലോൺ?
ഈ പദ്ധതിയിലൂടെ ആവശ്യക്കാർക്ക് പെട്ടെന്ന് പണം നൽകാനാണ് അവർ ശ്രമിക്കുന്നത്. കൂടാതെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാവും. എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്ഥാപനത്തിന്റെ ഏത് ശാഖയിലും ചെന്ന് നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം എന്നതാണ് പ്രത്യേകത. അധികരേഖകൾ ഒന്നും തന്നെ ഇതിന് ആവശ്യവുമില്ല.
എന്നാൽ ഈ പദ്ധതിയിലൂടെ നിങ്ങൾ പണം സ്വീകരിക്കുമ്പോൾ ഓർക്കേണ്ട കാര്യം എന്തെന്നാൽ ഇതിന്റെ കാലാവധി മൂന്ന് മാസം മാത്രമാണ്. ആ കാലാവധി കഴിയുമ്പോൾ നിങ്ങൾ മുതൽ അടച്ച് വസ്‌തു കൈപ്പറ്റണം. കൂടാതെ നിങ്ങൾ പണയം വയ്ക്കുന്ന വസ്‌തുവിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ പണമായി നിങ്ങൾക്ക് കെഎസ്എഫ്ഇ നൽകും എന്നതാണ് മറ്റൊരു ഗുണകരമായ കാര്യം.
വാർഷിക പലിശയായി കണക്കാക്കുന്നത് 9.5 ശതമാനമാണ്. ഇത് എല്ലാ വിഭാഗങ്ങൾക്കും ഒരേ നിരക്കായാണ് കണക്കാക്കുന്നത്. പലിശ മാസ അടിസ്ഥാനത്തിൽ നിങ്ങൾക്ക് അടച്ചു തീർക്കാം. നേരത്തെ പറഞ്ഞത് പോലെ മൂന്നു മാസം മാത്രമാണ് പദ്ധതിയുടെ കാലാവധി എന്ന കാര്യം മറക്കരുത്. നിങ്ങളുടെ സ്വർണത്തിന്റെ ഗുണനിലവാരം അനുസരിച്ചായിരിക്കും പണം ലഭിക്കുക.
ഇനി ദീർഘകാലത്തേക്കാണ് നിങ്ങൾക്ക് പണം ലഭിക്കേണ്ടതെങ്കിൽ കെഎസ്‌എഫ്ഇയിൽ സാധാരണ ഗോൾഡ് ലോണും ലഭ്യമാണ്. ഇത് ഒരു വർഷത്തേക്കാണ് നൽകി വരുന്നത്. 90 ദിവസം പിന്നിട്ടാൽ പിന്നീട് പലിശ അടയ്ക്കണം. 8.9 ശതമാനം വരെയാണ് ഈ സ്‌കീമിൽ പലിശയായി ഈടാക്കുക. കൂടാതെ ഇഎംഐയായി സ്വർണത്തിന്റെ പലിശയും മുതലും അടയ്ക്കാനുള്ള സൗകര്യവും അവർ ഒരുക്കി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications