ബാങ്ക് അവധി മുതൽ ആധാർ പുതുക്കൽ വരെ; മാർച്ചിൽ ഈ കാര്യങ്ങൾ നിർബന്ധമായും ഓർത്തിരിക്കണം, ഇല്ലെങ്കിൽ...
ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മാസത്തേക്ക് നാം കടന്നുകഴിഞ്ഞു. ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രമാണ്. എല്ലാ തവണത്തേയും പോലെ ഇത്തവണത്തെ മാർച്ച് മാസവും ധാരാളം മാറ്റങ്ങൾ അവതരിപ്പിച്ചു കൊണ്ടായിരിക്കും തുടങ്ങുക. മാർച്ച് അവസാനത്തോടെയും പകുതിയോടെയും സാധാരണക്കാരെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
അത്തരത്തിൽ മാര്‍ച്ചില്‍ നിങ്ങളെ കാത്തിരിക്കുന്നത് പ്രധാനമായും ആറ് സാമ്പത്തിക കാര്യങ്ങളിലെ മാറ്റങ്ങളാണ്. ഇവയില്‍ പലതും സാധാരണക്കാരുടെ ബജറ്റിനെ നേരിട്ടു ബാധിച്ചേക്കാവുന്ന വിഷയങ്ങളുമാണ് എന്ന കാര്യം ഓർമ്മയിൽ വയ്ക്കണം. ബാങ്ക് അവധി മുതല്‍ നികുതി വരെയുള്ള വിഷയങ്ങൾ അതിൽ ഉൾപ്പെടുന്നു.

ആധാർ പുതുക്കൽ
ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 14നാണ് അവസാനിക്കുക. കഴിഞ്ഞ ഡിസംബര്‍ 23നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയ തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചത്. ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. ഇനിയും വൈകിയാലും വൻതുക പിഴയായി ഒടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
ഫാസ്ടാഗ് കെവൈസി
ഫാസ്ടാഗ് ഉപയോക്താക്കള്‍ക്കായി കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച് അവസാനം വരെയാണ് ഉള്ളത്. ഫാസ്ടാഗ് ഉപയോക്താക്കള്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നത് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കെവൈസി അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ഫാസ്ടാഗ് അക്കൗണ്ടുകള്‍ സമയപരിധിക്ക് ശേഷം ബാങ്കുകള്‍ അസാധുവാക്കും. അതിനാലാണ് മറക്കാതെ സമയബന്ധിതമായി ഇത് പൂർത്തിയാക്കണം.
ബാങ്ക് അവധി
ഈ മാസം മൊത്തം 14 ബാങ്ക് അവധികളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പല അവധികളും എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമല്ല എന്നത് പ്രത്യേകം ഓർക്കണം. മാര്‍ച്ച് 8 (മഹാശിവരാത്രി), മാര്‍ച്ച് 25 (ഹോളി), മാര്‍ച്ച് 29 (ദുഃഖവെള്ളി) എന്നിവ ബാങ്കുകൾക്ക് പൊതു അവധിയുള്ള ദിവസങ്ങളാണ്.
ജിഎസ്‌ടി ഇ-വേ ബില്‍
ഈ മാറ്റം സംരംഭകരെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട ഒന്നാണ്. പുതിയ ജിഎസ്‌ടി നിയമപ്രകാരം, വാര്‍ഷിക വിറ്റുവരവ് 5 കോടി രൂപയില്‍ കൂടുതലുള്ള ബിസിനസുകള്‍ക്ക് അവരുടെ ബി2ബി ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്‌സുകള്‍ ഇല്ലാതെ ഇ-വേ ബില്ലുകള്‍ സൃഷ്‌ടിക്കാന്‍ കഴിയില്ല.
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്
പേടിഎം പേയ്മെന്റ് ബാങ്കിന് ആര്‍ബിഐ നല്‍കിയിരിക്കുന്ന സാവകാശവും ഈ മാസം പകതിയോടെ അവസാനിക്കും. മാര്‍ച്ച് 15ന് ശേഷം യാതൊരുവിധ ഇടപാടുകളും പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിലൂടെ ചെയ്യാന്‍ കഴിയില്ല എന്നാണ് ആർബിഐ അറിയിച്ചത്. നിശ്ചിത തീയതിക്ക് മുമ്പ് ഉപഭോക്താക്കളും, വ്യാപാരികളും തങ്ങളുടെ അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്
നമ്മളിൽ ഭൂരിഭാഗം പേരും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകളാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ക്രെഡിറ്റ് കാര്‍ഡുകളിലെ മിനിമം ഡേ ബില്‍ കണക്കുകൂട്ടല്‍ പ്രക്രിയ മാറ്റുകയാണെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ നിയമം മാര്‍ച്ച് 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇക്കാര്യം ഇതിനോടകം ബാങ്ക് ഉപയോക്താക്കളെ ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications