ഒറ്റത്തവണ നിക്ഷേപം; വർഷം ഒരു ലക്ഷം രൂപ വരെ പെൻഷൻ ലഭിക്കും, എൽഐസി ജീവൻ ശാന്തി സ്‌കീം അറിയാം
ആരോഗ്യമുള്ള കാലത്തൊന്നും നമ്മളിൽ ഭൂരിഭാഗം പേരും ഒരു പെൻഷൻ സ്‌കീമിനെ കുറിച്ചോ, റിട്ടയർമെന്റിന് ശേഷമുള്ള ജീവിതത്തെ കുറിച്ചോ ചിന്തിക്കാറില്ല എന്നതാണ് സത്യം. അതിന് നമ്മൾ അത്ര വല്യ പ്രാധാന്യം കൽപ്പിക്കാറില്ല എന്ന് വേണമെങ്കിൽ പറയാം. പക്ഷേ ശരിക്കും ആരോഗ്യം കുറയുന്ന കാലത്തല്ലേ നമ്മൾക്ക് കൂടുതൽ താങ്ങ് ആവശ്യമായി വരിക എന്ന് ചോദിച്ചാൽ മറുപടി പറയാൻ നമ്മൾ ഒന്ന് ബുദ്ധിമുട്ടും.
അതെ, ശരിക്കും അതാണ് സത്യം. യൗവനത്തിലും ജോലിയുള്ള കാലത്തും കാര്യമായ സമ്പാദ്യമില്ലാതെ വാർധക്യ കാലത്ത് ബുദ്ധിമുട്ടുന്ന ഒട്ടേറെ പേർ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാൽ സമ്പാദ്യ ശീലത്തെക്കാൾ ഉപരി റിട്ടയർമെന്റ് ജീവിതത്തെ കുറിച്ചുള്ള ആസൂത്രണം ഇല്ലായ്‌മ വലിയ വെല്ലുവിളിയാണ് നമ്മളെ സംബന്ധിച്ച് സൃഷ്‌ടിക്കുക. എന്നാൽ ഇനി അങ്ങനെ ആരും സമ്മർദ്ദത്തിന് അടിമപ്പെടേണ്ട ആവശ്യമില്ല.

നിങ്ങൾക്കായി എൽഐസി ധാരാളം പദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്. കൂടുതലും പെൻഷൻ സ്‌കീമുകളാണ്. ഒറ്റ തവണ നിക്ഷേപം കൊണ്ട് മാത്രം വൻ തുക വർഷത്തിൽ പെൻഷൻ ലഭിക്കുന്ന പദ്ധതികൾ വരെയുണ്ട് ഇതിൽ. അതിലൊരു പ്രധാനപ്പെട്ട സ്‌കീമാണ് എൽഐസി ജീവൻ ശാന്തി സ്‌കീം എന്ന പെൻഷൻ പദ്ധതി.
എന്താണ് എൽഐസി ജീവൻ ശാന്തി സ്‌കീം ?
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വാഗ്‌ദാനം ചെയ്യുന്ന ഒറ്റ പ്രീമിയം പ്ലാനാണ് എൽഐസി ജീവൻ ശാന്തി. ഈ പ്ലാനിന് കീഴിൽ നിങ്ങൾക്ക് ഒറ്റയ്‌ക്കോ പങ്കാളിയുമായി ചേർന്നോ ഒരു ഓപ്‌ഷൻ തിരഞ്ഞെടുക്കാൻ കഴിയും. ഇതൊരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണെന്ന് എളുപ്പത്തിൽ പറയാം. ഇതിൽ നിക്ഷേപം നടത്തിയാൽ ഭാവിയിൽ അത് പെൻഷനായി കൈപ്പറ്റാം എന്ന് ഓർത്താൽ മാത്രം മതി.
പോളിസി വാങ്ങാൻ തയ്യാറുള്ള ഒരു വ്യക്തിക്ക് ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിലൂടെ എളുപ്പത്തിൽ അത് വാങ്ങാൻ കഴിയുന്നതാണ്. 30നും 79നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഈ പദ്ധതിയുടെ ഭാഗമാകാനുള്ള അവകാശം ലഭിക്കും. ഉറപ്പായ പെൻഷനുപുറമെ, ഒട്ടനവധി അധിക ആനുകൂല്യങ്ങളും പുതിയ ജീവൻ ശാന്തി പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
55 വയസുള്ള ഒരാൾ 11 ലക്ഷം ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണ് എന്ന് കരുതുക. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് 60 വയസ് മുതൽ 1,02,850 രൂപ വാർഷിക പെൻഷൻ ലഭിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിക്ഷേപകന്റെ മുൻഗണന അനുസരിച്ച് തുക വാർഷികമോ, അർദ്ധവാർഷികമോ, മാസമോ ആയി പിൻവലിക്കാൻ സാധിക്കുവാനുള്ള സൗകര്യവുമുണ്ട്.
പോരാത്തതിന് മറ്റ് ആനുകൂല്യങ്ങളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. പോളിസി ഹോൾഡർ മരണപ്പെട്ടാൽ, നോമിനിക്ക് മുഴുവൻ ഡെപ്പോസിറ്റ് തുകയും ലഭിക്കുമെന്നതാണ് പ്രധാന കാര്യം. ഉദാഹരണത്തിന്, പോളിസി ഹോൾഡർ മരണപ്പെട്ടാൽ 11 ലക്ഷം രൂപയുടെ നിക്ഷേപത്തിന്, നോമിനിക്ക് 12,10,000 ലഭിക്കും എന്ന് ചുരുക്കം.












Click it and Unblock the Notifications