നിക്ഷേപിക്കേണ്ടത് 1 ലക്ഷം, ആജീവനാന്തകാലം മാസത്തിൽ 1000 രൂപ കിട്ടും; ഈ എൽഐസി പെൻഷൻ പ്ലാൻ വേറെ ലെവൽ
മുംബൈ: രാജ്യത്ത് ഏറ്റവും മികച്ച ഇൻഷുറൻസ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് പൊതുമേഖലാ സ്ഥാപനമായ എൽഐസി എന്ന ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. ഇടത്തരക്കാരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് അവർ ഒട്ടേറെ സേവിംഗ്‌സ്, ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. അത് തന്നെയാണ് അവരുടെ ജനപ്രീതിക്ക് കാരണവും. അത്തരത്തിൽ അടുത്തിടെ അവർ കൊണ്ട് വന്ന പെൻഷൻ പ്ലാനുകളിൽ ഒന്നാണ് എൽഐസി സ്മാർട്ട് പെൻഷൻ പ്ലാൻ.
വർധക്യത്തിലേക്ക് കടക്കുന്നവർക്കും ശുഭകരമായ വിരമിക്കൽ ജീവിതം സ്വപ്‌നം കാണുന്നവർക്കും ഏറ്റവും അനുയോജ്യമായ സ്‌കീമാണ് ഇത്. അതിനെ സാധൂകരിക്കുന്ന ഒട്ടേറെ കാരണങ്ങളുണ്ട് താനും, അല്ലാതെ വെറുതെ പറയുന്നതല്ല. വരിക്കാരുടെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമാകുന്ന തരത്തിൽ സമഗ്രവും സൗകര്യപ്രദവും സുരക്ഷിതവുമായ പെൻഷൻ സേവനമാണ് എൽഐസി കൊണ്ട് വന്നിരിക്കുന്നത്.

എന്താണ് സ്‍മാർട്ട് പെൻഷൻ പ്ലാൻ?
എൽഐസിയുടെ ഈ സ്‍മാർട്ട് പെൻഷൻ പദ്ധതി ഒരു നോൺ-പാർ, നോൺ-ലിങ്ക്ഡ്, വ്യക്തിഗതം/ സംയുക്തം, സേവിങ്സ്, ഇമ്മീഡിയറ്റ് അന്വിറ്റി പദ്ധതിയാണ് എന്നതാണ് അതിന്റെ സവിശേഷത. അതിൽ തന്നെ നോൺ-പാർ അല്ലെങ്കിൽ നോൺ-പാർട്ടിസിപ്പേറ്റിങ് -പോളിസിയിൽ നിന്നും ബോണസ്, ഡിവിഡന്റ് എന്നിവയൊന്നും ലഭിക്കില്ല, പകരം നിങ്ങളുടെ ആദായം സ്ഥിരവും ശക്തവുമായിരിക്കും എന്നാണ് അർത്ഥമാക്കുന്നത്. നോൺ-ലിങ്ക്ഡ് എന്നാൽ ഓഹരി വിപണിയിൽ നിക്ഷേപിക്കില്ലെന്നതിനെയും സൂചിപ്പിക്കുന്നു.
ഇതിന്റെ പ്രധാന സവിശേഷതകൾ
സിംഗിൾ പ്രീമിയം ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാൻ ആയതിനാൽ ഇത് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വിപുലമായ വാർഷിക ഓപ്‌ഷനുകൾ സിംഗിൾ ലൈഫ് ആന്വിറ്റി, ജോയിന്റ് ലൈഫ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യം നൽകുന്നു.
ഇതിൽ സിംഗിൾ ലൈഫ് അന്വിറ്റിയിൽ പോളിസി ഉടമയുടെ മരണം വരെ മാത്രമായിരിക്കും പെൻഷൻ ലഭിക്കുക. എന്നാൽ ജോയിന്റ് ലൈഫ് അന്വിറ്റി സ്‌കീമിൽ പ്രാഥമിക പോളിസി ഉടമ മരണപ്പെട്ടാലും പദ്ധതിയിൽ ചേർക്കപ്പെട്ട സഹ പോളിസി ഉടമകൾക്ക് തുടർന്നും പെൻഷൻ ലഭിക്കാനുള്ള അർഹത ഉണ്ടായിരിക്കും.
ആന്വിറ്റി ഓപ്ഷനുകൾ വാർഷിക, അർധ വാർഷിക, ത്രൈമാസ, പ്രതിമാസ രീതികളിൽ ലഭ്യമാവും. ചുരുങ്ങിയത് 18 വയസ് പൂർത്തിയായവർക്ക് എൽഐസി സ്മാർട്ട് പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്. ഈ പുതിയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള പരമാവധി പ്രായം 100 വയസ് വരെയാണ്.
പദ്ധതിയിലെ മിനിമം നിക്ഷേപ തുക ഒരു ലക്ഷം രൂപയാണ്. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. പ്രതിമാസം 1,000 രൂപയും ത്രൈമാസ കാലയളവിൽ 3,000 രൂപയും അർധ വാർഷികമായി 6,000 രൂപയും വാർഷികമായി 12,000 രൂപ വീതവും ചുരുങ്ങിയ പെൻഷൻ തുക ഉപയോക്താവ് തിരഞ്ഞെടുക്കുന്ന അന്വിറ്റി പേയ്മെന്റ് രീതിയുടെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ലഭിക്കും.
വരിക്കാരന്റെ മരണത്തിന് ശേഷം എങ്ങനെ പണം കിട്ടും?
എൽഐസി സ്മാർട്ട് പെൻഷൻ പ്ലാൻ പ്രകാരം ഇതിലെ വരിക്കാരന്റെ മരണശേഷം നോമിനിക്ക് ഒറ്റത്തവണ പണം നൽകാൻ അനുവദിക്കുന്നു. മാത്രമല്ല, ആനുകൂല്യം വാർഷികമായി മാറ്റുകയോ 5,10 അല്ലെങ്കിൽ 15 വർഷങ്ങളിൽ തവണകളായി സ്വീകരിക്കുകയോ ചെയ്യാം. ഇത് നോമിനിയുടെ താൽപര്യത്തിന് അനുസരിച്ച് തീരുമാനിക്കാവുന്നതാണ്.












Click it and Unblock the Notifications