വായ്‌പ തിരിച്ചടവ് മുടങ്ങിയോ..? കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി, രക്ഷപ്പെടാൻ ഈ ഒരു വഴി മാത്രം...
നമ്മളിൽ പലർക്കും വിവിധ തരത്തിലുള്ള വായ്‌പകൾ എടുക്കേണ്ട സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും. അത് ഭാവന വായ്‌പയോ, കാർ ലോണോ, പേഴ്‌സണൽ ലോണോ ഏതുമായിക്കൊള്ളട്ടെ. അവയുടെ തിരിച്ചടവ് മുടങ്ങിയാൽ നമ്മളെ സംബന്ധിച്ച് വലിയ ബാധ്യതയാണ് ഉണ്ടാക്കാറുള്ളത്. എത്രയൊക്കെ കൃത്യത പാലിച്ചാലും ചിലപ്പോഴൊക്കെ നമ്മുടെ സാമ്പത്തിക ആസൂത്രണം താളം തെറ്റുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്.
ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇത്തരം വായ്‌പകളെയാണ്. പലരും വായ്‌പ തിരിച്ചടവിന് അവസാന പരിഗണന മാത്രമേ നൽകുകയുള്ളൂ. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ നമുക്ക് മനഃപൂർവം അതിനെ തിരസ്‌കരിക്കേണ്ടി വരുമെന്നതും യാഥാർഥ്യമാണ്. എന്നാൽ ഇങ്ങനെ ചെയ്‌താൽ അതിന്റെ പരിണിത ഫലം എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ബുദ്ധിമുട്ടുകളായിരിക്കും.

ഒന്നോ രണ്ടോ തവണ പലപ്പോഴായി ലോൺ തിരിച്ചടവ് മുടങ്ങുന്നതിനെ അത്ര വലിയ കാര്യമായി എടുക്കേണ്ട ആവശ്യമില്ല, എങ്കിലും അവ വീണ്ടും ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മാത്രം. എന്നാൽ നിരന്തരം തിരിച്ചടവുകൾ മുടങ്ങുകയും, അവ വലിയൊരു ബാധ്യത ആവുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീട്ടികൊണ്ട് പോയ ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ലോൺ തിരിച്ചടവ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരിക്കലും ലോൺ തിരിച്ചടവുകൾക്ക് അവസാന പരിഗണന നൽകാതിരിക്കുക. കഴിയുമെങ്കിൽ ഏറ്റവും ആദ്യം തന്നെ അവ അടച്ചു തീർക്കാനും, തുക പിൻവലിക്കേണ്ട ദിവസം കൃത്യമായി ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും ശ്രമിക്കുക. തണുപ്പ് മട്ടിലാണ് ഇത്തരം കാര്യങ്ങളോട് നിങ്ങൾ പ്രതികരിക്കുന്നതെങ്കിൽ വലിയ രീതിയിൽ നിങ്ങൾക്ക് തന്നെ ഭാവിയിൽ അത് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
ഒന്നോ രണ്ടോ മാസത്തെ തവണകൾക്ക് തുല്യമായ തുക മുൻകൂറായി കരുതി വയ്ക്കുന്നതും നന്നാവും. ചില മാസങ്ങളിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ ചിലവുകൾ വഹിക്കേണ്ട അവസ്ഥ വരുമ്പോൾ ചിലർ സൗകര്യപൂർവം വായ്‌പാ തിരിച്ചടവിനെ ഒഴിവാക്കും. എന്നാൽ ഇത് നിങ്ങളുടെ സിബിൽ സ്‌കോർ ഉൾപ്പടെയുള്ള വിഷയങ്ങളെ ബാധിക്കുമെന്ന് എപ്പോഴും ഓർക്കുക. കുറഞ്ഞത് രണ്ട് മാസത്തെ തിരിച്ചടവ് തുകയെങ്കിലും മുൻകൂറായി സൂക്ഷിക്കാൻ തയ്യാറാവുക.
ലോൺ തിരിച്ചടവിന് മറ്റ് വഴികൾ ഒന്നുമില്ലെങ്കിൽ ആസ്‌തികൾ വിനിയോഗിക്കാവുന്നതാണ്. തിരിച്ചടവ് മുടങ്ങുന്നതിന്റെ പിഴ പലിശയും, അതിന്റെ പലിശയും ഉൾപ്പെടെ വലിയ ബാധ്യത ആകുന്നതിന് മുൻപ് അവ അടച്ചു തീർക്കാൻ സ്വർണം ഉൾപ്പെടെയുള്ള ആസ്‌തികൾ ഉപയോഗപ്പെടുത്താവുന്നതാണ്. മറ്റൊരു വഴിയുമില്ലെങ്കിൽ സ്ഥിര നിക്ഷേപം, മ്യൂച്ചൽ ഫണ്ട്, ഭൂമി, വീട് എന്നിവ വിൽക്കുകയും ചെയ്യാം.
ഒരു കാരണവശാലും ലോൺ തിരിച്ചടവ് മുങ്ങാതിരിക്കാൻ കൂടുതൽ കടമെടുക്കരുത്. അത് വീണ്ടും വലിയ ബാധ്യതയിലേക്ക് ആയിരിക്കും നിങ്ങളെ തള്ളിവിടുക. കൊള്ളപ്പലിശയ്ക്ക് പണം കടം തരുന്ന സ്വകാര്യ സ്ഥാപനങ്ങളും, ലോൺ ആപ്പുകളും ഒരു കാരണവശാലും ഉപയോഗിക്കരുത്. അത് സാമ്പത്തികമായി മാത്രമല്ല മാനസികമായി കൂടി നിങ്ങളെ തളർത്തുന്നതിലേക്ക് നയിക്കും. കാരണം ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നാം നിരന്തരം കേൾക്കുന്നതാണ്.












Click it and Unblock the Notifications