നൂറോ ആയിരമോ ആവട്ടെ; നിക്ഷേപത്തിന് തയ്യാറാണോ? ഈ പോസ്‌റ്റ് ഓഫീസ് സ്‌കീമുകൾ നൽകും ലക്ഷങ്ങൾ
സാധാരണക്കാരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കാൻ ഏറ്റവും ശക്തമായ ഇടപെടലുകൾ നടത്തുന്ന സർക്കാർ സംവിധാനങ്ങളിൽ ഒന്നാണ് പോസ്‌റ്റ് ഓഫീസ്. നിരവധി നിക്ഷേപ പദ്ധതികളാണ് ഇതിനായി അവർ നടപ്പാക്കുന്നത്. അതിൽ ഭൂരിഭാഗവും കുറഞ്ഞ പ്രീമിയം തുക മുതൽ ലഭ്യമാണ് എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ വശം.
കൈയിലുള്ള കുറഞ്ഞ തുകകൾ പോലും നിക്ഷേപമാക്കാൻ പോസ്‌റ്റ് ഓഫീസ് നിങ്ങളെ അനുവദിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. അത് എത്ര ചെറുതും ആയിക്കൊള്ളട്ടെ ആ തുക നിങ്ങളുടെ വരുംകാലത്തിന്റെ ശോഭനമായ ജീവിതത്തിന് ഗുണകരമാവാൻ പോസ്‌റ്റ് ഓഫീസ് പ്രതിജ്ഞാബദ്ധമാണ്. അത്തരത്തിൽ നിങ്ങൾ ഒരു നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ നാല് പോസ്‌റ്റ് ഓഫീസ് പദ്ധതികൾ വിട്ടുകളയരുത്.

പോസ്‌റ്റ് ഓഫീസിന്റെ മുൻനിര നിക്ഷേപ പദ്ധതികളായ ടൈം ഡെപ്പോസിറ്റ് സ്‌കീം, പോസ്‌റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അഥവാ എംഐഎസ്, പോസ്‌റ്റ് ഓഫീസ് പിപിഎഫ് സ്‌കീം, പോസ്‌റ്റ് ഓഫീസ് ആർഡി അക്കൗണ്ട് എന്നിവ. ഈ പദ്ധതികളിലൂടെ വിവിധ പ്രായപരിധിയിലുള്ള ആളുകൾക്ക് വലിയ നേട്ടം തന്നെ ഉണ്ടാക്കാം.
പ്രതിമാസ വരുമാന പദ്ധതി
എംഐഎസ് അഥവാ പ്രതിമാസ വരുമാന പദ്ധതിയിലൂടെ നിങ്ങൾക്ക് വാർഷിക, മാസ കാലയളവുകളിൽ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ കഴിയും. ഈ സ്‌കീമിൽ ഒറ്റയ്ക്കും, ജോയിൻ്റ് അക്കൗണ്ട് സൗകര്യവും ലഭ്യമാണ്. ഒരു അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം സാധിക്കും. നിലവിൽ 7.4 ശതമാനം പലിശയാണ് നിക്ഷേപകർക്ക് പോസ്‌റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നത്. പരമാവധി അഞ്ച് വർഷത്തേക്കാണ് ഈ പദ്ധതിയിൽ പണം നിക്ഷേപിക്കാൻ കഴിയുക.
പോസ്‌റ്റ് ഓഫീസ് പിപിഎഫ് സ്‌കീം
പിപിഎഫ് ധാരാളം നികുതി ആനുകൂല്യങ്ങൾ ഉൾപ്പെടെ വാഗ്‌ദാനം ചെയ്യുന്ന ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. രാജ്യത്തെ ഏത് പോസ്‌റ്റ് ഓഫീസിലും നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. ശമ്പളക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, പെൻഷൻകാർ തുടങ്ങിയവർ ഉൾപ്പെടെ ഏതൊരാൾക്കും പോസ്‌റ്റ് ഓഫീസിൽ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി 15 വർഷമാണ്. നിലവിൽ 7.1 ശതമാനമാണ് പലിശ നിരക്ക്. മൂന്നാം സാമ്പത്തിക വർഷം മുതൽ നിക്ഷേപകർക്ക് വായ്‌പാ സൗകര്യം ലഭിക്കും എന്നതാണ് മറ്റൊരു നേട്ടം.
പോസ്‌റ്റ് ഓഫീസ് ആർഡി അക്കൗണ്ട്
അഞ്ച് വർഷത്തെ പോസ്‌റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആണ് ഇപ്പോൾ ഏറ്റവുംകൂടുതൽ ആളുകൾ ഏറ്റെടുത്ത ഒരു പദ്ധതി. ഈ സ്‌കീമിലൂടെ ഒരു നിക്ഷേപകന് പ്രതിമാസ നിക്ഷേപം നടത്താനും അഞ്ച് വർഷത്തെ സമയ പരിധിക്ക് ശേഷം മെച്യൂരിറ്റി തുക തിരികെ നേടാനും കഴിയും എന്നതാണ് പ്രത്യേകത. ഈ സ്‌കീമിലൂടെ പ്രതിവർഷം 6.7 ശതമാനം പലിശ നിരക്ക് ആണ് പോസ്‌റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നത്. അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി എങ്കിലും അക്കൗണ്ട് തുറന്ന് മൂന്ന് വർഷത്തിന് ശേഷം നിങ്ങൾക്ക് വേണമെങ്കിൽ ഇത് ക്ലോസ് ചെയ്യാനും കഴിയും.
ടൈം സ്‌കീം
നിരവധി ആനുകൂല്യങ്ങളാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. അടിസ്ഥാനപരമായി ഇതൊരു സ്ഥിര നിക്ഷേപ പദ്ധതിയാണ്. ഒന്നോ രണ്ടോ മൂന്നോ അഞ്ചോ വർഷത്തേക്ക് നിങ്ങളുടെ പണം ഒറ്റത്തവണ ആയി ഇതിൽ നിക്ഷേപിക്കാവുന്നതാണ്.
ഇതിൽ കാലാവധി അനുസരിച്ച് പലിശ നിരക്ക് വ്യത്യസ്‌തമാണ്. ഒരു വർഷത്തേക്ക് (6.9 ശതമാനം), രണ്ട് വർഷം (7 ശതമാനം), മൂന്ന് വർഷം (7.1 ശതമാനം), അഞ്ച് വർഷം (7.5 ശതമാനം) എന്നിങ്ങനെയുള്ള പലിശ നിരക്ക് ഈ ടിഡി സ്‌കീമിനുണ്ട്. കുറഞ്ഞത് 1,000 രൂപയിലും 100 രൂപയുടെ ഗുണിതത്തിലും അക്കൗണ്ട് തുടങ്ങാവുന്നതാണ്.












Click it and Unblock the Notifications