അബുദാബിയിൽ കരുത്ത് കൂട്ടാൻ ലുലു ഗ്രൂപ്പ്; അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിൽ പുതിയ ഹൈപ്പർ മാർക്കറ്റ്
അബുദാബി: യുഎഇയിലെ സാന്നിധ്യം വിപുലീകരിക്കാൻ പുതിയ നടപടിയുമായി ലുലു ഗ്രൂപ്പ്. അൽ ഐനിലെ പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ലുലു റീട്ടെയിലും അൽ ഫലാജ് ഇൻവെസ്റ്റ്മെന്റും തമ്മിൽ ധാരണയിലെത്തി.
അബുദാബിയിൽ നടന്ന ചടങ്ങിൽ ലുലു റീട്ടെയിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാവാലയും അൽ ഫലാജ് ഇൻ വെസ്റ്റ്മെന്റ് മാനേജിംഗ് ഡയറക്ടർ ഹംദാൻ അൽ കെത്ബിയും ലുലു ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിധ്യത്തിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഇതോടെ അൽ ഐൻ നഗരത്തിൽ കൂടുതൽ ശക്തമായ സാന്നിധ്യമായി മാറാൻ കഴിയുമെന്നാണ് ലുലു ഗ്രൂപ്പിന്റെ പ്രതീക്ഷ.

അൽ ഐൻ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിലാണ് 20,000 ചതുരശ്രയടി വിസ്‌തീർണ്ണത്തിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. അൽ ഐനിലെ പുതിയ പദ്ധതിക്കായി അൽ ഫലാജ് ഇൻവെസ്റ്റ്മെന്റുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു.
ലോകോത്തരമായ ഷോപ്പിംഗ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് അൽ ഐനിലെ പുതിയ പദ്ധതിയെന്നാണ് യൂസഫലി പറഞ്ഞത്. ഈ വർഷം ഒകോടോബറോടെ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു റീട്ടെയിൽ ഗ്ലോബൽ ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അഷ്റഫ് അലി എംഎ, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ സലീം വിഐ എന്നിവർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ മാസം ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അബുദാബി ഷവാമെഖിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ വത്ബ മുനിസിപ്പാലിറ്റി ഡയറക്‌ടർ ഹുമൈദ് അൽ മർസൂഖിയാണ് ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ഷവാമെഖ് സെൻട്രൽ മാളിലാണ് പുതുതായി ഹൈപ്പർ മാർക്കറ്റ് തുടങ്ങിയത്.
85,000 ചതുരശ്രയടി വിസ്‌തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കളുടെ സൗകര്യം മുൻനിർത്തി ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ലേഔട്ട് ഡിസൈനിലാണ് രൂപകൽപന. സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്‌സ് വിഭാഗം, ലുലു ഫാഷൻ സ്‌റ്റോർ തുടങ്ങിയ സെക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
അബുദാബിയിൽ അടുത്ത വർഷാവസാനത്തോടെ 7 പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് എംഎ യൂസഫലി അറിയിച്ചിരുന്നു. ഇത് ലുലു ഗ്രൂപ്പിന്റെ 268ആമത്തെ ഹൈപ്പർ മാർക്കറ്റാണ്. അടുത്ത വർഷം അവസാനത്തോടെ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 ആക്കി ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും യൂസഫലി അറിയിച്ചിരുന്നു. ഇതിന്റെ അടുത്ത പടിയാണ് അൽ ഐനിലെ പുതിയ ഹൈപ്പർമാർക്കറ്റ്.












Click it and Unblock the Notifications