ലുലു മാളിലൂടെ യൂസഫലി കണ്ട സ്വപ്‌നം പാഴായോ? 11 വർഷമായിട്ടും ലാഭമില്ല, നഷ്‌ടം 130 കോടി..! കാരണം ഇത്
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലുലു ഗ്രൂപ്പിന്റെ മാളുകളുടെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ഏറ്റവും ഒടുവിലാണ് ഇന്ന് കോട്ടയം മണിപ്പുഴയിൽ സംസ്ഥാനത്തെ അവരുടെ അഞ്ചാമത്തെ മാൾ ഉദ്‌ഘാടനം നിർവഹിച്ചു കഴിഞ്ഞു. കോഴിക്കോടും പാലക്കാടും നിർമ്മിച്ച മിനി മാൾ മാതൃകയിലാണ് കോട്ടയത്തെ മാളും രൂപകൽപന ചെയ്‌തിരിക്കുന്നത്.
അതായത് വലുപ്പത്തിൽ തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ മാളുകളുടെ അടുത്ത് വരില്ലെന്ന് സാരം. കോട്ടയത്തുകാർക്ക് നൽകുന്ന ക്രിസ്‌തുമസ് സമ്മാനം എന്നാണ് യൂസഫലി മാൾ ഉദ്‌ഘാടനത്തെ വിശേഷിപ്പിച്ചത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്റ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് കോട്ടയത്തെ മാളും രൂപകൽപന ചെയ്‌തിരിക്കുന്നത്.

ഇനിയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലുലുവിന്റെ മാളുകൾ വരാനിരിക്കുന്നുണ്ട്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ സാരഥി എംഎ യൂസഫലിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് സംസ്ഥാനത്ത് മാളുകൾ പണി കഴിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിലെ ഷോപ്പിംഗ് സംസ്‌കാരം ജന്മനാട്ടിലേക്ക് കൂടി എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്‌നം.
എന്നാൽ ആ സ്വപ്‌നത്തിന് ഒരു ദശകം പിന്നിടുമ്പോൾ യൂസഫലിയും ലുലു ഗ്രൂപ്പും നൽകേണ്ടി വരുന്നത് വലിയ വിലയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ഓരോ കോണിലും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മാളുകൾ പണി തീർക്കുമ്പോഴും യൂസഫലിയുടെ നഷ്‌ടം പെരുകുകയാണ് എന്നതാണ് യാഥാർഥ്യം.
ലുലു മാൾ കേരളത്തിൽ: ചരിത്രമറിയാം
2004ലാണ് യൂസഫലിയും അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹോദരന്‍ എംഎ അഷറഫ് അലിയും ചേര്‍ന്ന് ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം നൽകുന്നത്. ഷോപ്പിംഗ് മാളുകൾ മാത്രമല്ല ഹോട്ടലുകൾ, വമ്പൻ ഹൈപ്പർമാർക്കറ്റുകൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ കൂടി ഈ കമ്പനിയുടെ കീഴിലാണ് വരുന്നത്. രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിട്ട് 11 വർഷം പിന്നിടുമ്പോഴും കമ്പനിക്ക് ഇതുവരെ ലാഭം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാന കാര്യം.
2013 മാര്‍ച്ചിലാണ് 1600 കോടി രൂപ ചിലവില്‍ 25 ലക്ഷം ചതുരശ്ര അടിയില്‍ കേരളത്തിലെ ആദ്യ ലുലുമാള്‍ കൊച്ചിയില്‍ പ്രവർത്തനം ആരംഭിച്ചത്. ലുലുവിന്റെ രാജ്യത്തെ ആദ്യത്തെ മാളായിരുന്നു ഇത്. ശേഷം വിവിധ ഇടങ്ങളിലായി ഒട്ടേറെ മാളുകൾ കമ്പനി അവതരിപ്പിച്ചു. തിരുവനന്തപുരത്ത് മറ്റൊരു വലിയ മാൾ തന്നെ ഉദ്‌ഘാടനം ചെയ്‌തു. അഹമ്മദാബാദിൽ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ് എന്നുകൂടി ഓർക്കണം.
ലുലു മാളുകളുടെ ലാഭം
ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ ഐസിആര്‍എയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ 130.2 കോടി രൂപയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്ന നഷ്‌ടം. എന്നാൽ 2023 സാമ്പത്തിക വര്‍ഷത്തെ 205.8 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച വച്ചതെന്ന് പറയാം. എന്നിട്ടും ലാഭം യൂസഫലിക്കും കമ്പനിക്ക് ഇപ്പോഴും തീണ്ടാപ്പാട് അകലെയാണ്.
2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 4384.8 കോടി രൂപയായി വർധിച്ചിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തിൽ ഇത് കേവലം 3243.4 കോടി രൂപ മാത്രമായിരുന്നു. എന്നാൽ അതിന് അനുസരിച്ച് ചിലവുകളും വർധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നടപ്പ് സാമ്പത്തിക വർഷം വരുമാനത്തിൽ 30 ശതമാനത്തിന്റെ ഉയർച്ച ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ലാഭത്തെ പിടിച്ചുനിർത്തുന്ന കാരണങ്ങൾ
കൂടുതലായും പ്രവർത്തന ചിലവ് തന്നെയാണ് രാജ്യത്ത് ലുലു മാളുകളുടെ ലാഭത്തെ പിടിച്ചുനിർത്തുന്ന ഘടകങ്ങളിലൊന്ന്. മാത്രമല്ല ഇവയുടെ നിർമ്മാണത്തിനും സ്ഥലം ഏറ്റെടുക്കലിനും ചിലവാകുന്ന തുകയും വളരെ ഭീമമാണ്. ഇതിന് പുറമേ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് ഇടയിൽ കമ്പനി പുതുതായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നു എന്നതും ലാഭത്തെ പിടിച്ചുനിർത്തുന്ന കാര്യങ്ങളിൽ ഒന്നാണ്.












Click it and Unblock the Notifications