തൊട്ടതെല്ലാം പൊന്നാക്കി യൂസഫലി; ലുലു റീട്ടെയിൽ ലാഭത്തിൽ വൻ മുന്നേറ്റം, വരുമാനം മാത്രം 15,700 കോടി..!
അബുദാബി: കൈവച്ച മേഖലയിലെല്ലാം ജയം കൊയ്‌ത് ശീലമുള്ള വ്യക്തിയാണ് എംഎ യൂസഫലി. അടുത്തിടെ നടന്ന ഐപിഒ തന്നെ അതിന് ഉദാഹരണം. വൻ പങ്കാളിത്തത്തോടെ ഇത് ലുലു ഗ്രൂപ്പിന് നേട്ടമുണ്ടാക്കി കൊടുത്തതിന് പിന്നാലെ മറ്റൊരു സന്തോഷ വാർത്തയാണ് ലുലുവിനെയും യൂസഫലിയേയും തേടി എത്തിയിരിക്കുന്നത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ റീട്ടെയിൽ വിഭാഗത്തിന്റെ ലാഭത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ ജൂലൈ-സെപ്റ്റംബർ പാദത്തിലെ ലാഭക്കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വരുമാനത്തിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 6.1 ശതമാനം വളർച്ചയാണ് കമ്പനിയുടെ ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. അത് ഏകദേശം 186 കോടി ഡോളർ അഥവാ 15,700 കോടി രൂപയോളം വരും. ഈ പാദത്തിൽ വലിയ മുന്നേറ്റമാണ് കമ്പനിയുടെ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്.

മുൻ വർഷം സെപ്റ്റംബർ പാദത്തിൽ 175.27 കോടി ഡോളർ വരുമാനം മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വർധന. 2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 9 മാസ കാലയളവിലെ വരുമാനത്തിൽ 5.7 ശതമാനവും വളർച്ചയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതാണ് ആകെ ലാഭത്തെ പിടിച്ചുയർത്തിയ പ്രധാന ഘടകങ്ങളിലൊന്ന്.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം 9.9 ശതമാനം ഉയർന്ന് 17.63 കോടി ഡോളറായി മാറിയിട്ടുണ്ട്. ഇതിന് പുറമേ സജീവ ബിസിനസിൽ നിന്നുള്ള ലാഭം 1.55 കോടി ഡോളറിൽ അഥവാ 130 കോടി രൂപയിൽ നിന്ന് 3.51 കോടി ഡോളർ അഥവാ 296 കോടി രൂപ എന്ന നിലയിലേക്ക് വളരുകയും ചെയ്‌തിട്ടുണ്ട്. ഈ ലാഭക്കണക്കുകൾ തന്നെയാണ് ലുലു ഗ്രൂപ്പിനും യൂസഫലിക്കും പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ.
മറ്റ് കണക്കുകൾ നോക്കുകയാണെങ്കിൽ 9.85 കോടി ഡോളർ അല്ലെങ്കിൽ 830 കോടി രൂപയാണ് ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ലുലു റീട്ടെയിലിന്റെ മൂലധനച്ചെലവ്. ആകെ വിൽപന വരുമാനത്തിന്റെ 1.7 ശതമാനം മാത്രമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ സ്‌റ്റോറുകൾ തുറന്ന് കമ്പനി വിപുലീകരിക്കുന്നതിനാണ് ഇതിൽ വലിയൊരു ശതമാനം തുകയും വിനിയോഗിച്ചത്.
കമ്പനിയുടെ പ്രധാന വിപണികളായ യുഎഇ, സൗദി രാജ്യങ്ങളിലെ പ്രകടനം തന്നെയാണ് വരുമാന കുതിപ്പിന് ഇന്ധനം പകർന്നത്. യുഎഇയിൽ 7.3 ശതമാനവും സൗദിയിൽ 5.7 ശതമാനവും വരുമാന വളർച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. മറ്റ് പ്രധാന ഗൾഫ് വിപണികളായ ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലും മികച്ച പ്രകടനം നടത്തിയത് കമ്പനിക്ക് മുതൽകൂട്ടായി.
ഈ വർഷം സെപ്റ്റംബർ 12 റീട്ടെയിൽ സ്‌റ്റോറുകൾ ലുലു ജിസിസിയിലെ വിവിധ മേഖലകളിൽ തുറന്നിട്ടുണ്ട്. അതിന് ശേഷം അഞ്ച് സ്‌റ്റോറുകൾ കൂടി തുറന്നു. ഇതൊക്കെയും കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് വിത്ത് പാകുന്ന നീക്കങ്ങളാണ്. ഇ കൊമേഴ്‌സ് വിൽപ്പനയിലും കമ്പനി ഗണ്യമായ പുരോഗതിയാണ് രേഖപ്പെടുത്തിയത്.
നേരത്തെ ഐപിഒയിലൂടെ വൻ തുകയാണ് ലുലു റീട്ടെയിൽ സമാഹരിച്ചത്. പ്രതീക്ഷിച്ചതിലും മേലെയായിരുന്നു കമ്പനിക്ക് കിട്ടിയ സ്വീകാര്യത. ഈ വർഷം ഒക്ടോബർ 28 മുതൽ നവംബർ 5 വരെയായിരുന്നു ഐപിഒ. 14,500 കോടി രൂപ നിക്ഷേപം സമാഹരികുകയായിരുന്നു ലക്ഷ്യമെങ്കിലും അതിന്റെ 20 ഇരട്ടിയോളം അധികമാണ് ലഭിച്ച അപേക്ഷകൾ.












Click it and Unblock the Notifications