സക്കര്‍ബര്‍ഗിനെ ശതകോടീശ്വരനാക്കി ഒറിയോണ്‍ ഗ്ലാസുകള്‍; വമ്പന്‍ ഹിറ്റ്; ആസ്തി വര്‍ധിച്ചത് ഇത്ര
കാലിഫോര്‍ണിയ: അടിച്ചുകേറിവാ എന്നൊക്കെ അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ വിശേഷിപ്പിക്കാനാവുന്നത് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ജീവിതമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തി വന്‍ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. എല്ലാവരും പരിഹസിച്ചിരുന്ന ഒരു ടെക് ഉല്‍പ്പന്നത്തിന്റെ വന്‍ വിജയമാണ് സക്കര്‍ബര്‍ഗിന്റെ കുതിപ്പിന് കാരണം.
ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ സക്കര്‍ബര്‍ഗ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മെറ്റ സിഇഒയുടെ ആസ്തി ആറുമടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. ഇതുവരെ എത്താത്ത ഒരു മാന്ത്രിസംഖ്യയിലേക്ക് അദ്ദേഹത്തിന്റെ ആസ്തി വര്‍ധിക്കുകയും ചെയ്തു.

സക്കര്‍ബര്‍ഗിന്റെ ആസ്തിയിലെ ഈ വന്‍ വര്‍ധനവിന് കാരണം മെറ്റയുടെ ഓഹരികളില്‍ സര്‍വ്വകാല കുതിപ്പുണ്ടായത്. ഓഹരിമൂല്യം ഇപ്പോള്‍ ഏറ്റവും ഉയരത്തിലാണ് ഉള്ളത്. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, ബെര്‍നാര്‍ഡ് അര്‍നോള്‍ഡ് എന്നിവര്‍ മാത്രമാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ മെറ്റ സിഇഒയ്ക്ക് മുന്നിലുള്ളത്.
ആദ്യമായി സക്കര്‍ബര്‍ഗിന്റെ ആസ്തി 200 മില്യണ്‍ കടന്നിരിക്കുകയാണ്. നിലവില്‍ 201 ബില്യണിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 2022ല്‍ വമ്പന്‍ തിരിച്ചടി അദ്ദേഹത്തിന് നേരിട്ടിരുന്നു. അവിടെ നിന്നാണ് ഈ കുതിപ്പുണ്ടായിരിക്കുന്നത്. മെറ്റാവേഴ്‌സിലൂടെ തുടക്കത്തില്‍ നൂറ് ബില്യണിന്റെ നഷ്ടമാണ് സക്കര്‍ബര്‍ഗിന് ഉണ്ടായത്.
സക്കര്‍ബര്‍ഗിന്റെ വന്‍ അബദ്ധമായി ഇതിനെ എല്ലാവരും ചൂണ്ടിക്കാണിച്ചിരുന്നു. മെറ്റയ്ക്ക് ഇനി കഷ്ടകാലമാണ് എന്ന് വരെ ടെക് ലോകത്ത് പ്രചാരണമുണ്ടായിരുന്നു. ഫേസ്ബുക്ക് എന്ന് പേര് മെറ്റയിലേക്ക് മാറിയതും, ടിക് ടോക്കില്‍ നിന്നുള്ള വെല്ലുവിളികളുമെല്ലാം ഒരുമിച്ചെത്തിയതോടെ സക്കര്‍ബര്‍ഗിന് ആഗോള തലത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ അതൊക്കെ മെറ്റ മറികടന്നു. ഇപ്പോള്‍ അവര്‍ വിപണി പിടിച്ചിരിക്കുകയാണ്.
അടുത്തിടെ അവര്‍ അവതരിപ്പിച്ച പലതും വമ്പന്‍ ഹിറ്റായി മാറി. ഇതില്‍ ഓറിയോണ്‍ ഗ്ലാസുകളാണ് ആഗോള പ്രതിഭാസമായി മാറിയിരിക്കുന്നത്. ഓറിയോണ്‍ മെറ്റയുടെ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ നൂതന സാങ്കേതികവിദ്യകള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് ഈ ഗ്ലാസുകള്‍ പുറത്തിറക്കിയത്.
സോഷ്യല്‍ മീഡിയയില്‍ നിന്ന് മെറ്റാവേഴ്‌സിലേക്കുള്ള വലിയ ചുവടുമാറ്റമാണ് ഇതിലൂടെ മെറ്റ നടത്തുന്നത്. ഹാര്‍ഡ്‌വെയറുകളില്‍ അടക്കം മെറ്റയ്ക്ക് ഇപ്പോള്‍ ആധിപത്യമുണ്ട്. ഇതെല്ലാം സക്കര്‍ബര്‍ഗിനാണ് നേട്ടമായി മാറിയിരിക്കുന്നത്.
2024 ജനുവരി ഒന്ന് മുതല്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി വര്‍ധിച്ചത് 73.4 ബില്യണാണ്. 13 ശതമാനമാണ് അദ്ദേഹത്തിന് മെറ്റയിലുള്ള ഓഹരി പങ്കാളിത്തം. ഓറിയോണ്‍ ഗ്ലാസുകളില്‍ മൈക്രോ എല്‍ഇഡി പ്രൊജക്ടറുകളാണ് ഫ്രെയിമുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെറ്റാ കണക്ട് ഇവന്റിലാണ് ഇവ പുറത്തിറക്കിയത്. നിലവില്‍ ഇവ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കി തുടങ്ങിയിട്ടില്ല. പ്രോട്ടോടൈപ്പ് മാത്രമാണ് പുറത്തുവന്നത്. എന്നാല്‍ ഓഹരി വിപണിയില്‍ മെറ്റയുടെ ഓഹരികള്‍ കുതിച്ചുയരാന്‍ ഇത് സഹായിച്ചിരിക്കുകയാണ്.












Click it and Unblock the Notifications