ജനനം ഇന്ത്യയിൽ, ജീവിതം പാകിസ്ഥാനിൽ; മിയാൻ മുഹമ്മദ് എന്ന കോടീശ്വരൻ ചില്ലറക്കാരനല്ല, ആസ്‌തി 41,753 കോടി
ലാഹോർ: ഇന്ത്യയുടെ വെറുമൊരു അയൽ രാജ്യം മാത്രമല്ല പാകിസ്ഥാൻ. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാണെങ്കിലും ഒരുകാലത്ത് ഇരു രാജ്യങ്ങളും ഒന്നായിരുന്നു എന്നത് മറക്കരുത്. അങ്ങനെയൊരു കാലത്ത് ഇന്ത്യയിൽ ജനിച്ച ഒരു ധനികൻ ഉണ്ടായിരുന്നു, അദ്ദേഹം പിന്നീട് പാകിസ്ഥാൻ സ്വതന്ത്ര രാഷ്‌ട്രമായപ്പോൾ അവിടേക്ക് ചേക്കേറി. ഇന്ന് പാകിസ്ഥാനിലെ രണ്ടാമത്തെ സമ്പന്നനായ മിയാൻ മുഹമ്മദ് മാൻഷായെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
പാകിസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിലും കടക്കെണിയിലും പെട്ട് ഉഴലുമ്പോഴും അദ്ദേഹത്തിന്റെ സമ്പത്തിൽ യാതൊരു കുറവും വന്നിട്ടില്ല. പാകിസ്ഥാനിലെ മുകേഷ് അംബാനി എന്നാണ് മിയാൻ മുഹമ്മദ് അറിയപ്പെടുന്നത്. വിളിപ്പേര് അങ്ങനെ ആണെങ്കിലും മുകേഷ് അംബാനിയുടെ ആസ്‌തിയുടെ അടുത്തൊന്നുംഎത്താനുള്ള അത്ര സമ്പത്ത് മിയാന് ഇല്ലെന്ന് പ്രത്യേകം ഓർക്കണം.

പാകിസ്ഥാനിലെ അതി സമ്പന്നനായ ഷാഹിദ് ഖാന് തൊട്ടുപിന്നിലായി ഏകദേശം 41,753 കോടി രൂപയുടെ ആസ്‌തിയുമായാണ് മിയാൻ രണ്ടാമത് നിൽക്കുന്നത്. പാകിസ്ഥാനിലെ തന്നെ ആദ്യത്തെ ശതകോടീശ്വരൻ കൂടിയാണ് മിയാൻ. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്തെ വലിയൊരു ബിസിനസ് ഐക്കണായി ഇക്കാലയളവിൽ അദ്ദേഹം മാറി കഴിഞ്ഞു.
നിരവധി സംരംഭകർക്കാണ് അദ്ദേഹം താങ്ങും തണലുമായത്. 1941ൽ അന്നത്തെ ഇന്ത്യയിൽ ജനിച്ച മിയാൻ പിന്നീട് രാജ്യം വിഭജിക്കപ്പെട്ടപ്പോൾ കടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് പോവുകയായിരുന്നു. ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ബിസിനസ് തന്ത്രമല്ല അദ്ദേഹത്തിന്റേത്. വിപുലമായ സേവനങ്ങൾ നൽകുന്ന വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാണ് മിയാൻ ഇന്ന്.
ബിസിനസിനോട് ഏറെ ബന്ധപ്പെട്ട് കിടക്കുന്ന കുടുംബ പശ്ചാത്തലം തന്നെയാണ് അദ്ദേഹത്തിന്റേത്. മിയാൻ മാൻഷയുടെ പിതാവും വ്യവസായിയായിരുന്നു. ആദ്യഘട്ടത്തിൽ കൊൽക്കത്തയിലെ കോട്ടൺ ജിന്നിംഗ് ബിസിനസിലായിരുന്നു അവർ ഏർപ്പെട്ടിരുന്നത്. പിന്നീട് പാകിസ്ഥാനിലേക്ക് കുടിയേറിയതിന് ശേഷം വസ്ത്രവ്യവസായ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
നിഷാദ് ഗ്രൂപ്പ് എന്ന പേരിലാണ് അവർ ഈ രംഗത്ത് പ്രവർത്തിക്കുന്നത്. നിലവിൽ പാകിസ്ഥാനിലെ തന്നെ ഏറ്റവും വലിയ കോട്ടൺ കയറ്റുമതിക്കാരാണ് അവർ. ഊർജമേഖല, സിമന്റ്, ഇൻഷുറൻസ് എന്നിങ്ങനെ നാനാമേഖലകളിലും അവർ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. അത് തന്നെയാണ് മിയാൻ മുഹമ്മദിന്റെ ആസ്‌തിയുടെ പ്രധാന ഉറവിടവും.
സമ്പത്തിൽ ഇന്ത്യൻ ശത കോടീശ്വരന്മാരായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ എന്നിവർക്കൊപ്പം എത്തില്ലെങ്കിലും ആഡംബരത്തിൽ മിയാനും ഒട്ടും പിന്നിലല്ല. മെഴ്‌സിഡസ് ഇ-ക്ലാസ്, ജാഗ്വാർ കൺവേർട്ടബിൾ, പോർഷെ, ബിഎംഡബ്ല്യു 750, റേഞ്ച് റോവർ, ഫോക്‌സ്‌വാഗൺ എന്നിങ്ങനെ ആഡംബര വാഹനങ്ങളുടെ നീണ്ടനിര തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, നിലവിൽ പ്രമുഖ വ്യവസായി ഷാഹിദ് ഖാനാണ് പാകിസ്ഥാനിലെ ഏറ്റവും സമ്പന്നൻ. ഫോബ്‌സിന്റെ കണക്കുകൾ പ്രകാരം 1,01,782 കോടി രൂപയിൽ അധികമാണ് ഷാഹിദ് ഖാന്റെ ആസ്‌തി. നിലവിൽ പ്രീമിയർ ലീഗിലെ ക്ലബിന്റെ സഹ ഉടമ എന്ന പദവി വരെ വഹിക്കുന്ന ഷാഹിദ് ഖാന്റെ പകുതിയിൽ താഴെ ആസ്‌തി മാത്രമേ മിയാൻ മുഹമ്മദ് മാൻഷയ്ക്ക് ഉള്ളൂ.












Click it and Unblock the Notifications