കേന്ദ്ര ബജറ്റ്; മുദ്ര ലോൺ 20 ലക്ഷമാക്കി ഉയർത്തി, എന്താണ് മുദ്ര ലോൺ? ആർക്കൊക്കെ ലഭിക്കും എന്നറിയാം
ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ മുദ്ര ലോൺ തുക നിലവിലെ പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തിയിരിക്കുകയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ. നേരത്തെ, ഈ പദ്ധതി പ്രകാരം എംഎസ്എംഇകൾക്ക് അഥവാ ചെറുകിട വ്യവസായങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്‌പ അനുവദിച്ചിരുന്നു, എന്നാൽ അത് ഇപ്പോൾ 20 ലക്ഷമായി ഉയർത്തിയിരിക്കുകയാണ് കേന്ദ്രം. പ്രധാനമന്ത്രി മുദ്ര യോജന എന്നാണ് ഈ പദ്ധതിയുടെ യഥാർത്ഥ പേര്.
പഴയ കുടിശ്ശിക തിരിച്ചടച്ചവർക്ക് നിലവിലെ വായ്‌പയുടെ ഇരട്ടി തുക നൽകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. അതായത്, ഇതിനകം മുദ്ര വായ്‌പ എടുത്തിരിക്കുന്നവർക്ക് അവരുടെ പഴയ കുടിശ്ശിക തിരിച്ചടയ്ക്കുമ്പോൾ മാത്രമേ അധിക ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എന്താണ് മുദ്ര ലോൺ?
മുദ്ര യോജന പ്രകാരം ഇതുവരെ 10 ലക്ഷം രൂപ വരെയാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്, എന്നാൽ ഇനി മുതൽ വായ്‌പാ തുക 20 ലക്ഷമായി മാറും. തിരിച്ചടവ് കാലാവധി 5 വർഷം വരെയാണ്, കൂടാതെ പ്രോസസ്സിംഗ് ഫീസായി നാമമാത്രമായ തുക കൂടി ഈടാക്കും. ഈ വായ്‌പാ സ്‌കീമിൽ പലിശ നിരക്കുകൾ ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
അതിൽ തന്നെ മൂന്ന് വിഭാഗങ്ങൾ
പിഎം മുദ്ര യോജനയ്ക്ക് കീഴിൽ ലഭ്യമായ വായ്‌പകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശിശു വായ്‌പ, കിഷോർ വായ്‌പ, തരുൺ വായ്‌പ എന്നിവയാണ് ഈ മൂന്ന് വിഭാഗങ്ങൾ. ശിശു വായ്‌പയ്ക്ക് കീഴിൽ 50,000 രൂപ വരെയാണ് അനുവദിക്കുക. കിഷോർ വായ്‌പ പ്രകാരം 50,000 മുതൽ 5 ലക്ഷം രൂപ വരെയാണ് നൽകുന്നത്. തരുൺ വായ്‌പയ്ക്ക് കീഴിൽ ഇതുവരെ 10 ലക്ഷം രൂപ വരെയായിരുന്നു നേടാമായിരുന്നത്. ഇതിന് മാറ്റം വരാൻ ഇടയുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
പിഎം മുദ്ര സ്‌കീമിന് കീഴിൽ, ചെറുകിട കടയുടമകൾക്കും പഴവർഗങ്ങൾക്കും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾക്കും മറ്റ് ചെറുകിട വ്യവസായങ്ങൾക്കും വായ്‌പാ സൗകര്യം ലഭ്യമാണ്. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന്, നിങ്ങൾക്ക് ആധാർ കാർഡ്, പാൻ കാർഡ്, റസിഡൻഷ്യൽ പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബിസിനസ് സർട്ടിഫിക്കറ്റ് എന്നിവ മാത്രമാണ് ആവശ്യം.












Click it and Unblock the Notifications