അനിയൻ ബാവയും ചേട്ടൻ ബാവയും ആവുമോ അദാനിയും അംബാനിയും? ബിസിനസിൽ കൈകോർത്ത് വമ്പന്മാർ
ഇന്ത്യൻ വാണിജ്യ ലോകത്തെ ഏറ്റവും വലിയ പേരുകളാണ് അദാനി ഗ്രൂപ്പും, റിലയൻസ് ഇൻഡസ്ട്രീസും. ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പായാലും മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ആയാലും ഇവരെ വെല്ലുന്ന കമ്പനികൾ ഇന്ത്യയിൽ ഇല്ല.ലോകത്തിലെ ശത കോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ള ഇവർ ഇന്ത്യയിൽ ഇക്കാര്യത്തിൽ എതിരാളികൾ ഇല്ലാതെ മുന്നേറുകയാണ്.
അതിനിടയിൽ ഇരുവരും ആദ്യമായി ഒന്നിച്ചു ഒരു ബിസിനസ് സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുകേഷ് അംബാനിയും ഗൗതം അദാനിയും മധ്യപ്രദേശിലെ ഒരു പവർ പ്രൊജക്‌ടിനായാണ് ആദ്യ സഹകരണത്തിനായി കരാർ ഒപ്പിട്ടത്. അംബാനിയുടെ സ്ഥാപനമായ റിലയൻസ് അദാനി പവറിന്റെ പദ്ധതിയിൽ 26 ശതമാനം ഓഹരികൾ ഏറ്റെടുക്കുകയായിരുന്നു.

പ്ലാന്റുകളുടെ 500 മെഗാവാട്ട് വൈദ്യുതി ക്യാപ്‌റ്റീവ് ഉപയോഗത്തിനായി ഉപയോഗിക്കാനുള്ള കരാറിലാണ് ഒപ്പുവച്ചത്. മധ്യപ്രദേശിൽ അദാനി പവർ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള മഹാൻ എനർജൻ ലിമിറ്റഡിന്റെ 5 കോടി ഇക്വിറ്റി ഓഹരികളാണ് റിലയൻസ് ഏറ്റെടുക്കുന്നത്. ഏകദേശം 50 കോടി രൂപയുടേതാണ് ഇടപാടെന്നാണ് സൂചന. ഇരു കമ്പനികളും വിഷയം ചൂണ്ടിക്കാട്ടി സ്‌റ്റോക്ക് ഫയലിംഗിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏതെങ്കിലും ഒരു പദ്ധതിക്ക് കീഴിൽ ആദ്യമായാണ് ഇരു കൂട്ടരും ഒന്നിക്കുന്നതെന്ന പ്രത്യേകതയുണ്ട്. എണ്ണ, വാതകം, റീട്ടെയിൽ, ടെലികോം മേഖലകൾ കേന്ദ്രീകരിച്ചാണ് മുകേഷ് അംബാനിയുടെ പ്രവർത്തനം. എന്നാൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കൽക്കരി, ഖനനം എന്നിങ്ങനെയുള്ള സൗകര്യ വികസനത്തിലാണ് അദാനി പ്രവർത്തിക്കുന്നത്. എങ്കിലും ഇരു കൂട്ടരും ക്ലീൻ എനർജി മേഖലയിൽ വൻതുകയുടെ നിക്ഷേപങ്ങളാണ് നടത്തി വരുന്നത്.
ഇന്ത്യയിലെ വൈദ്യുതി നിയമങ്ങളാണ് ഇരു കൂട്ടരെയും ഒരുമിച്ച് കൊണ്ട് വരാൻ കാരണമായത് .20 വർഷത്തേക്ക് ഒരു പ്രത്യേക പവർ ക്രമീകരണത്തിലേക്ക് കൊണ്ടുവരുന്ന നിയമം കൂടിയാണിത്.
മധ്യപ്രദേശിലെ മഹാൻ തെർമൽ പവർ പ്ലാന്റിന്റെ 600 മെഗാവാട്ട് ശേഷിയുടെ ഒരു യൂണിറ്റിനെ നിയമങ്ങൾക്കനുസൃതമായി ക്യാപ്റ്റീവ് യൂണിറ്റായി നിയോഗിക്കുമെന്ന് അദാനി പവർ പറഞ്ഞത്.
ഊർജ കാര്യക്ഷമത, ചെലവ് ചുരുക്കൽ, പാരിസ്ഥിതിക സുസ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്ന 5-സ്‌റ്റാർ ഫാനുകളും റഫ്രിജറേറ്ററുകളും പോലെയുള്ള ഊർജ്ജ സംരക്ഷണ ഉപകരണങ്ങൾക്ക് അദാനി ഇലക്ട്രിസിറ്റി കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഉപഭോക്താക്കൾക്ക് ഇത്തരം ഉത്പന്നങ്ങളിലേക്ക് മാറാം.
അതേസമയം, ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് ഇരു കമ്പനികളുടെയും സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയാവും ഇതെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ രണ്ട് മുൻനിര കോർപറേറ്റുകൾ കൈകോർക്കുമ്പോൾ കൂടുതൽ സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications