ബജറ്റിന് പിന്നാലെ മുകേഷ് അംബാനിക്ക് നഷ്ടം 9200 കോടി, 6000 കോടിയുടെ നേട്ടമുണ്ടാക്കി അദാനി
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ സംസ്ഥാനങ്ങളെല്ലാം നിരാശരാണ്. ബീഹാറിനും ആന്ധ്രപ്രദേശിനും മാത്രമാണ് ബജറ്റില്‍ നേട്ടങ്ങള്‍ ഉള്ളതെന്ന് ആരോപണുണ്ട്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യയിലെ ശതകോടീശ്വരനായ മുകേഷ് അംബാനിക്കും വലിയ നഷ്ടമാണ് കേന്ദ്ര ബജറ്റ് സമ്മാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെയാണ് ബജറ്റിലെ പ്രഖ്യാപനം കൂടി മുകേഷ് അംബാനിക്കും റിലയന്‍സിനും തിരിച്ചടിയായിരിക്കും. ഓഹരി വിപണിയില്‍ വ്യാപക നഷ്ടമാണ് ബജറ്റിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. കാര്യമായിട്ടുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലാതിരുന്നത് വിപണിയെ നിരാശപ്പെടുത്തുന്നതായിരുന്നു.

ചൊവ്വാഴ്ച സെന്‍സെക്‌സ് 1500 പോയിന്റുകള്‍ വരെ ഇടിഞ്ഞിരുന്നു. പിന്നീട് അത് കരകയറുകയായിരുന്നു. 70 പോയിന്റ് വരെ ഇടിവ് എന്ന നിലയിലാണ് നികത്തിയത്. മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റില്‍ വലിയ പ്രതീക്ഷ ഓഹരി വിപണിക്കുണ്ടായിരുന്നു. ഷിപ്പിംഗ് മേഖലയില്‍ അടക്കം വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നായിരുന്നു കരുതിയത്.
ബജറ്റിന് മുമ്പ് ഓഹരികളെല്ലാം പോസിറ്റീവിലായിരുന്നു വ്യാപാരം അവസാനിച്ചത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വരെ വന്‍ തിരിച്ചടിയാണ് നേരിട്ടത്. റിലയന്‍സിന്റെ ഓഹരികളെല്ലാം പ്രതീക്ഷിച്ചതിലും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജറ്റ് പ്രഖ്യാപനം വന്ന ഒരൊറ്റ ദിവസം 9200 കോടിയുടെ നഷ്ടമാണ് മുകേഷ് അംബാനിക്കുണ്ടായിരിക്കുന്നത്. ദീര്‍ഘകാല-ഹ്രസ്വകാല മൂലധന നിക്ഷേപ നികുതിയിലെ വര്‍ധനവാണ് ഓഹരി വിപണിയെ പിടിച്ചുകുലുക്കിയത്. ബജറ്റില്‍ ഈ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് സകല കമ്പനികളെയും ബാധിക്കുകയായിരുന്നു.
മുകേഷ് അംബാനിയുടെ ആസ്തിയെ വരെ കുറയ്ക്കുന്ന തകര്‍ച്ചയാണ് ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നത്. 1.10 ബില്യണിന്റെ ഇടിവാണ് മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 9200 കോടി രൂപ വരുമിത്. 24 മണിക്കൂറില്‍ സംഭവിച്ചതാണിത്. 112 ബില്യണായിട്ടാണ് മുകേഷ് അംബാനിയുടെ ആസ്തി കുറഞ്ഞത്.
തിങ്കളാഴ്ച്ച റിലയന്‍സിന്റെ ഓഹരികളില്‍ 3.24 ശതമാനം ഇടിവുണ്ടായിരുന്നു. ഇത് കമ്പനിയുടെ ആദ്യ പാദത്തിലെ ലാഭ കണക്കുകള്‍ കുറഞ്ഞതോടെ സംഭവിച്ചതാണ്. 15138 കോടിയായിരുന്നു കമ്പനിയുടെ ലാഭം. എന്നാല്‍ അഞ്ച് ശതമാനം ഇടിവാണിത്. അതേസമയം ബുധനാഴ്ച്ച റിലയന്‍സ് ഓഹരികള്‍ ചെറിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
2988 രൂപയിലാണ് അവരുടെ ഓഹരികല്‍ വ്യാപാരം ചെയ്തത്. അതേസമയം ബജറ്റിന് പിന്നാലെ നേട്ടമുണ്ടാക്കിയത് ഗൗതം അദാനിയാണ്. ഒരൊറ്റ ദിവസത്തില്‍ 6060 കോടി രൂപയാണ് അദാനിയുടെ ആസ്തിയില്‍ വര്‍ധിച്ചത്. 102 ബില്യണാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആസ്തി. 2968.80 രൂപയിലാണ് അദാനി എന്റര്‍പ്രൈസസ് ബുധനാഴ്ച്ച വ്യാപാരംഅവസാനിപ്പിച്ചത്.












Click it and Unblock the Notifications