മുകേഷ് അംബാനിയുടെ ഈ കമ്പനിക്ക് വന്‍ കുതിപ്പ്, ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയത് 250 ശതമാനം
മുംബൈ: മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ്. അതുപോലെ ഓഹരി വിപണിയില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുന്ന കമ്പനിയെ അദ്ദേഹം നയിക്കുന്നുമുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അത്തരത്തില്‍ വലിയ ലാഭം പലപ്പോഴുമായി ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മുകേഷ് അംബാനി മറ്റൊരു കമ്പനിയില്‍ നിന്ന് വമ്പന്‍ ലാഭമുണ്ടാക്കിയിരിക്കുകയാണ്.
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ ഓഹരി നേട്ടമുണ്ടാക്കിയത്. ഏറ്റവും രസകരം റിലയന്‍സിന്റെ ഓഹരികള്‍ നഷ്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഈ നേട്ടം വന്നിരിക്കുന്നത്. ലോട്ടസ് ചോക്ലേറ്റ് എന്ന കമ്പനിയുടെ ഓഹരികളാണ് ഇപ്പോള്‍ കുതിച്ചിരിക്കുന്നത്.

ലോട്ടസ് ചോക്ലേറ്റ് എന്നത് ഒരു സാധാരണ കമ്പനിയാണ്. പക്ഷേ ഇത് മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ സബ്‌സിഡറിയാണ് ഈ കമ്പനി. ഫിനാന്‍ഷ്യല്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍ ഈ കമ്പനി. ലോട്ടസ് ചോക്ലേറ്റില്‍ ഓഹരികള്‍ നിലനിര്‍ത്തിയിരുന്നവര്‍ ഇപ്പോള്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഈ കമ്പനിയുടെ ഓഹരികള്‍ 250 ശതമാനം ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. വന്‍ വര്‍ധനവാണ് ഇവരുടെ ഓഹരിക്ക് ഉണ്ടായിരിക്കുന്നത്. ജൂലായ് മാസത്തില്‍ മാത്രം ഈ ഓഹരിക്ക് 75 ശതമാനം വളര്‍ച്ചയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഏതൊരു കമ്പനിയെയും സംബന്ധിച്ച് നേട്ടമാണ്. ലോട്ടസ് ചോക്ലേറ്റിനെ പോലെ ഒരു ചെറിയ കമ്പനിയെ സംബന്ധിച്ച് ഇത് മെഗാ ലാഭമാണ്.
ലോട്ടസ് ചോക്ലേറ്റ് കമ്പനി 1989ലാണ് സ്ഥാപിതമാകുന്നത്. 1992ലാണ് അവര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2023 മെയ് 24ലാണ് റിലയന്‍സ് കമ്പനി സ്വന്തമാക്കുന്നത്. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട് ലിമിറ്റഡിന്റെ കീഴിലാണ് ഈ കമ്പനി വരുന്നത്. പ്രധാനമായും ചോക്ലേറ്റുകളും കോക്കോ ഉല്‍പ്പന്നങ്ങളുമാണ് ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതേസമയം റിലയന്‍സ് ഏറ്റെടുത്തതിന് പിന്നാലെ വമ്പന്‍മാരായ ബ്രിട്ടാനിയയുമായും നെസ്ലെ ഇന്ത്യയുമായിട്ടുമാണ് ഇവരുടെ മത്സരം.
വിപണിയിലെ കുതിപ്പില്‍ മാത്രമല്ല ഈ കമ്പനിയുടെ വിജയം ഉള്ളത്. ഫിനാന്‍ഷ്യല്‍ മെട്രിക്‌സിലും വമ്പന്‍ വളര്‍ച്ചയാണ് ഇവര്‍ കൈവരിച്ചിരിക്കുന്നത്. 2025ലെ ആദ്യ പാദത്തില്‍ ലോട്ടസ് ചോക്ലേറ്റ് 4700.87 ശതമാനത്തിന്റെ വര്‍ധനവാണ് ലാഭത്തില്‍ ഉണ്ടാക്കിയിരക്കുന്നത്. വരുമാനത്തില്‍ 337.4 ശതമാനം വര്‍ധനവും ഇതേ കാലയളവില്‍ ഈ കമ്പനിക്കുണ്ടായിരുന്നു. 9.41 കോടിയാണ് ലോട്ടസ് ചോക്ലേറ്റിന്റെ ലാഭം. വെറും 19.60 ലക്ഷത്തില്‍ നിന്നാണ് ഇത്ര വലിയ ലാഭത്തിലേക്ക് അവരെത്തിയത്.
വരുമാനം 141.3 കോടിയായും വര്‍ധിച്ചു. നേരത്തെ 32.31 കോടിയായിരുന്നു വരുമാനം. ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ ഓഹരികള്‍ 1035.05 രൂപ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ച്ചയില്‍ 28 ശതമാനമാണ് ഓഹരികള്‍ കുതിച്ചത്. അവസാന ഒന്‍പത് ദിവസത്തില്‍ ഇത് 52 ശതമാനമാണ്.


Click it and Unblock the Notifications