അംബാനിയുടെ പോക്കറ്റ് കീറുമോ? വീണ്ടും ഭീമമായ നഷ്ടം; 100 മില്യണ്‍ ക്ലബില്‍ നിന്ന് പുറത്തായി അദാനി
മുംബൈ: ഓഹരി വിപണിയില്‍ എന്തുസംഭവിക്കുമെന്ന് പലപ്പോഴും പ്രവചിക്കാനാവില്ല. തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങള്‍ അവിടെ സംഭവിക്കാം. ചിലപ്പോള്‍ വന്‍ ലാഭം തന്നെ ലഭിക്കാം. എന്നാല്‍ അതിലും വലിയ നഷ്ടം മറ്റൊരു ദിവസം സംഭവിക്കുകയും ചെയ്യാം. പറഞ്ഞുവരുന്നത് കുറച്ചുദിവസങ്ങളായി മുകേഷ് അംബാനിയും ഗൗതം അദാനിയും നേരിട്ട് കൊണ്ടിരിക്കുന്ന നഷ്ടങ്ങളാണ്.
ഓഹരി വിപണിയില്‍ നിന്ന് ഇരുവര്‍ക്കും വലിയ തകര്‍ച്ചയാണ് നേരിട്ടത്. ഈ ആഴ്ച്ച സെന്‍സെക്‌സ് നാലായിരം പോയിന്റാണ് തകര്‍ച്ച നേരിട്ടത്. നിക്ഷേപകര്‍ക്ക് 16 ലക്ഷം കോടിയാണ് ഇക്കാലയളവില്‍ നഷ്ടമായത്. മുകേഷ് അംബാനിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസിനും നേരിട്ടത് വലിയ നഷ്ടമാണ്.

മുകേഷ് അംബാനിയുടെ ആസ്തി വന്‍ തോതിലാണ് നഷ്ടത്തെ തുടര്‍ന്ന് ഇടിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച 1.62 ബില്യണാണ് മുകേഷ് അംബാനിക്ക് ഓഹരി വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് നഷ്ടമായത്. ഏകദേശം 13612 കോടി രൂപ വരും ഇത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് വഴിമാറാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത് വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതാണ് ഇന്ത്യയിലെ ശതകോടീശ്വരന്‍മാരെ തകര്‍ത്തിരിക്കുന്നത്.
നിലവില്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. ആഗോള സമ്പന്നരുടെ പട്ടികയില്‍ 14ാം സ്ഥാനത്താണ് മുകേഷ് അംബാനി. ആസ്തിയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. 105 ബില്യണാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. ഈ വര്‍ഷം മാത്രം 8.93 ബില്യണാണ് മുകേഷ് അംബാനിയുടെ ആസ്തി വര്‍ധിച്ചത്. നാല് ദിവസം കൊണ്ട് മുകേഷ് അംബാനിക്ക് നഷ്ടമായത് 1.32 ലക്ഷം കോടിയാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ വലിയ തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 21000 കോടിയുടെ ഇടിവുണ്ടായിരുന്നു. രണ്ട് ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഒക്ടോബര്‍ മൂന്നിനും ഈ തകര്‍ച്ച തുടര്‍ന്നു. മൂന്ന് ശതമാനമാണ് കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞത്. ഒറ്റ ദിവസം കൊണ്ട് 77000 കോടിയാണ് അംബാനിക്ക് നഷ്ടമായത്.
അംബാനിക്ക് കിട്ടിയതിനേക്കാള്‍ വലിയ പണിയാണ് ഗൗതം അദാനിക്ക് ലഭിച്ചത്. അദാനി നൂറ് ബില്യണ്‍ ക്ലബില്‍ നിന്ന് പുറത്തായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആസ്തി 942 മില്യണ്‍ ഡോളര്‍ കുറഞ്ഞിരിക്കുകയാണ്. 99.5 ബില്യണാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. ആഗോള സമ്പന്നരുടെ പട്ടികയില്‍ 18ാം സ്ഥാനത്തേക്കാണ് അദാനി വീണത്. നേരത്തെ 16ാം സ്ഥാനത്തായിരുന്നു അദ്ദേഹം.
ഈ വര്‍ഷം അദാനിയുടെ ആസ്തി 15.2 ബില്യണാണ് വര്‍ധിച്ചത്. വാള്‍മാര്‍ട്ടിന്റെ സ്ഥാപകരായ വാള്‍ട്ടന്‍ കുടുംബം അദാനിയെ സമ്പത്തില്‍ മറികടന്നിരിക്കുകയാണ്. ജിം വാള്‍ട്ടന്‍ 103 ബില്യണ്‍ ഡോളര്‍, റോബ് വാള്‍ട്ടന്‍, ആലീസ് വാള്‍ട്ടന്‍ എന്നിവര്‍ക്ക് 100 ബില്യണും ആസ്തിയുണ്ട്.
(മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിര്‍ദ്ദേശമല്ല. ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ് എന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. അതിനാല്‍ തന്നെ ഇത്തരം നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം)












Click it and Unblock the Notifications