ടാറ്റയെ വെട്ടാൻ മുകേഷ് അംബാനിയുടെ പുതിയ പദ്ധതി; ജ്വല്ലറി മേഖലയിൽ ആധിപത്യം സ്ഥാപിക്കുമോ? അറിയാം
ഇന്ത്യയിലെ ശത കോടീശ്വരൻമാരിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ട് പേരാണ് മുകേഷ് അംബാനിയും രത്തൻ ടാറ്റയും. ഇരുവരും വിവിധ മേഖലകളിൽ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. ടാറ്റയെ സംബന്ധിച്ചിടത്തോളം കാലങ്ങളായി അവർ ഒട്ടേറെ മേഖലകളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചവരാണ്. അതുകൊണ്ട് തന്നെ പുതിയ മേഖലകളിലും അധികം അവർ പഴയവയിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്നാൽ റിലയൻസ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടി തുടങ്ങിയിട്ട് കാലങ്ങളായി. എനർജി സെക്റ്റർ മുതൽ ടെലികോം മേഖല വരെ ശക്തമായ സാന്നിധ്യമായി മുകേഷ് അംബാനിയുടെ കീഴിൽ റിലയൻസ് വളർന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ മകളായ ആകാശും ആനന്തും ഇഷയുമൊക്കെ ബിസിനസ് മേഖലയിൽ തങ്ങളുടെ പിതാവിന്റെ പാത പിന്തുടർന്ന് എത്തിയിരിക്കുകയാണ്.

അതിൽ ഇഷയാണ് വലിയൊരു കമ്പനിയുടെ ചുമതല വഹിക്കുന്നത്, അതാണ് റിലയൻസ് റീട്ടെയിൽ. ലക്ഷണക്കണക്കിന് കോടി മൂല്യമുള്ള ഈ കമ്പനി റീട്ടെയിൽ മേഖലയിൽ പകരക്കാരില്ലാത്ത വിധം പടർന്നുപന്തലിക്കുന്ന കാഴ്‌ചയാണ് നാം കാണുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അവരുടെ ഏറ്റവും പുതിയ പ്രഖ്യാപനം. ടാറ്റയുടെ ശക്തി കേന്ദ്രമായ ലക്ഷ്വറി ജ്വല്ലറി മേഖലയിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയാണ് റിലയൻസ് ഇപ്പോൾ.
ലക്ഷ്വറി ജ്വല്ലറി മേഖലയിലേക്ക് റിലയൻസ് റീട്ടെയിൽ
അടുത്തിടെ റിലയൻസ് എജിഎമ്മിൽ നടത്തിയ പ്രസംഗത്തിലാണ് റീട്ടെയിൽ വിഭാഗത്തിന്റെ അമരക്കാരിയായ ഇഷ അംബാനി ലക്ഷ്വറി ജ്വല്ലറി മേഖലയിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള സ്വപ്‌ന പദ്ധതിയെ കുറിച്ച് സംസാരിച്ചത്. ക്യൂറേറ്റഡ്, ഡിസൈൻ അധിഷ്‌ഠിതമായ ആഭരണങ്ങളുടെ വലിയ ശേഖരവുമായി മേഖല കീഴടക്കുകയാണ് അവരുടെ ലക്ഷ്യം.
എന്നാൽ ഈ തന്ത്രപരമായ നീക്കം ടാറ്റയുടെ കാരറ്റ്‌ലെയ്ൻ പോലെയുള്ള മറ്റ് ലെഗസി ബ്രാൻഡുകളുമായി റിലയൻസ് റീട്ടെയിലിനെ മത്സരിപ്പിക്കാൻ പ്രാപ്‌തമാക്കും എന്നാണ് കരുതപ്പെടുന്നത്. കമ്പനിയുടെ സ്വാധീനം മറ്റൊരു മേഖലയിലേക്ക് കൂടി മാറ്റുക എന്നതാണ് അവർ ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കൂടുതൽ വിശാലമായ പദ്ധതികളാണ് കമ്പനിയുടെ ലക്ഷ്യത്തിൽ ഉള്ളതെന്നാണ് ഇഷ വ്യക്തമാക്കുന്നത്.
ടാറ്റയ്ക്ക് തിരിച്ചടിയാവുമോ പുതിയ നീക്കം?
റിലയൻസ് റീട്ടെയിലിന്റെ ലക്ഷ്വറി സെഗ്‌മെന്റിലേക്കുള്ള വിപുലീകരണം കേവലം ഒരു ബിസിനസ് തന്ത്രം മാത്രമല്ല. ടാറ്റ ഉൾപ്പെടെയുള്ള വലിയ കമ്പനികളെ മലർത്തിയടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം. വൈവിധ്യമാർന്ന ഫാഷൻ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റിലയൻസ് ഒരുക്കുന്ന ഈ പദ്ധതി പ്രധാനമായും ടാറ്റയ്ക്ക് തന്നെയാവും അടിയാവുക എന്നുറപ്പാണ്. കാരണം ഈ സെഗ്‌മെന്റിൽ ശക്തമായ സാന്നിധ്യമാണ് അവർ.
റിലയൻസ് റീട്ടെയിൽ തങ്ങളുടെ ആഡംബര ആഭരണ നിര അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ ടാറ്റ ഉൾപ്പെടെയുള്ള കമ്പനികൾ ഉറ്റുനോക്കുന്നതും അതിനാൽ തന്നെയാണ്. ഇന്ത്യൻ ലക്ഷ്വറി മാർക്കറ്റിൽ ഒന്നാമതെത്താൻ റിലയൻസിന് ഇതിലൂടെ കഴിയുമോ എന്നതാണ് ചോദ്യം. എങ്കിലും അത് അത്ര എളുപ്പമല്ല. ടാറ്റയ്ക്ക് ഈ മേഖലയിൽ വിശ്വാസ്യതയുണ്ട്, അത് കാത്ത് സൂക്ഷിക്കാൻ റിലയൻസിന് കഴിയുമോ എന്നാണ് കണ്ടറിയേണ്ടത്.












Click it and Unblock the Notifications