അംബാനി ഒന്ന് ആഗ്രഹിച്ചാൽ അത് നടത്തിയിരിക്കും; ഡെക്കാത്‌ലോണിനെ വീഴ്ത്താൻ റിലയൻസിന്റെ പദ്ധതി
സ്‌പോർട്‌സ് ഉത്പന്നങ്ങളുടെ വൻകിട ബ്രാൻഡായ ഡെക്കാത്‌ലോണിനെ വിപണിയിൽ വീഴ്ത്താൻ പുതിയ പദ്ധതിയുമായി മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. മാർക്കറ്റിൽ ഫ്രഞ്ച് എതിരാളിയായ ഡെക്കാത്‌ലോണിനെ മറികടക്കാൻ ഒരു സ്‌പോർട്‌സ് ഫോർമാറ്റ് അവതരിപ്പിക്കാൻ റിലയൻസ് റീട്ടെയിലാണ് പദ്ധതി ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി പുതിയ സംരംഭത്തിന് വേണ്ടി മുൻനിര നഗരങ്ങളിലെ മാളുകളിലും ഹൈ സ്ട്രീറ്റുകളിലുമായി 8,000-10,000 ചതുരശ്ര അടി സ്ഥലം പാട്ടത്തിനെടുക്കാൻ റിലയൻസ് ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ പുതിയ ബ്രാൻഡിന്റെ പേര് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇഷ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് റീട്ടെയിലിനാവും ഇതിന്റെ ചുമതല.

പദ്ധതി യാഥാർഥ്യമായാൽ റിലയൻസിന്റെ വൈവിധ്യവത്കരണം എന്ന ലക്ഷ്യത്തിനോട് ഏറെ ചേർന്നു നിൽക്കുന്ന നടപടിയാവും ഇത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ രാജ്യവ്യാപക സാന്നിധ്യമുള്ള ഒരു മുൻനിര കമ്പനിയെ കൂടി തേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ റിലയൻസ് റീട്ടെയിൽ ചൈനീസ് ഫാസ്‌റ്റ് ഫാഷൻ ലേബൽ ഷെയിനെ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പുതിയ സംഭവ വികാസം എന്നതാണ് ശ്രദ്ധേയം. വിവിധ മേഖലകളിലേക്ക് കമ്പനിയുടെ ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ തീരുമാനം ആക്കം കൂട്ടും.
അതേസമയം, രാജ്യത്ത് വലിയ വളർച്ച കൈവരിച്ച സ്ഥാപനമാണ് ഡെക്കാത്‌ലോൺ. 2009ലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. നൂറിലധികം ഔട്ടലെറ്റുകളാണ് ഈ ഫ്രഞ്ച് സ്‌പോർട്‌സ് റീട്ടെയിൽ സ്ഥാപനത്തിനുള്ളത്. ഇന്ത്യയിലെ ചെറു നഗരങ്ങളിൽ പോലും കമ്പനി സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു.
2023ല്‍ മാത്രം ഡെക്കാത്‌ലോണിന്റെ വരുമാനം 3955 കോടിയാണ്. 2022ല്‍ ഇത് 2936 കോടിയും 2021-ല്‍ ഇത് 2079 കോടിയുമായിരുന്നു. നിലവിൽ ഓരോ വര്‍ഷവും രാജ്യത്ത് പത്ത് ഷോറൂമുകള്‍ വെച്ച് ആരംഭിക്കുന്ന പദ്ധതിയും അവർ നടപ്പാക്കി വരുന്നുണ്ട്. വലിയ ഔട്ട്‌ലെറ്റുകളെ സഹായിക്കുന്ന ചെറിയ സ്‌റ്റോറുകള്‍ കൂടി ആരംഭിക്കുമെന്നും കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇവരെ കൂടാതെ പ്യൂമ, അഡിഡാസ്, അസിക്‌സ് തുടങ്ങിയ മുൻനിര ബ്രാൻഡുകളും ഇന്ത്യൻ വിപണിയിൽ നിന്ന് കാര്യമായ നേട്ടം കൊയ്യുനുണ്ട്. ഇത് മനസിലാക്കി കൂടിയാണ് റിലയൻസിന്റെ കടന്നുവരവ്. രണ്ട് വര്‍ഷം മുമ്പ് 5022 കോടി മാത്രമായിരുന്ന ഈ കമ്പനികളുടെ വരുമാനം 2023ഓടെ 11,617 കോടി രൂപയായി മാറിയിരുന്നു. ഇത്രയും വലിയ സാധ്യതകൾ ഈ മേഖലയിൽ ഉണ്ടെന്ന റിലയൻസിന്റെ തിരിച്ചറിവാണ് പുതിയ കമ്പനി എന്ന ആശയത്തിലേക്ക് വഴി തുറക്കുന്നത്.












Click it and Unblock the Notifications