ഇനി അംബാനിയുടെ കളി മാധ്യമ മേഖലയിലും; 70,352 കോടിയുടെ കച്ചവടം, പുതിയ കമ്പനിയുടെ തലപ്പത്ത് ആര്?
ഇന്ത്യൻ വ്യവസായ രംഗത്തെ ഏറ്റവും വലിയ പേരുകളിൽ ഒന്നാണ് മുകേഷ് അംബാനിയുടേത്. അദ്ദേഹത്തിന്റെ കമ്പനിയായ റിലയൻസ് കൈവയ്ക്കാത്ത മേഖലകൾ ഒന്നും തന്നെയില്ല എന്ന് വേണം പറയാൻ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നൻ എന്ന വിളിപ്പേരുള്ള അംബാനി അടുത്തിടെയാണ് മാധ്യമ മേഖലയിൽ തന്നെ സ്വാധീനം വർധിപ്പിക്കാൻ ഒരുങ്ങിയത്, അതിന്റെ ആദ്യപടി പൂർത്തീകരിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനത്തിന്റെ ഉടമ എന്ന പദവിയിലേക്ക് മുകേഷ് അംബാനി നടന്നടുത്തത് കഴിഞ്ഞ ദിവസമാണ്. അദ്ദേഹത്തിന്റെ കമ്പനിയുടെ കീഴിയുള്ള മാധ്യമ വിഭാഗത്തിന്റെ, പ്രത്യേകിച്ച് വയകോം 18 കൂടി ഉൾക്കൊണ്ടു കൊണ്ടുള്ള ലയന പ്രക്രിയയ്ക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. ആഗോള മാധ്യമ ഭീമൻ വാൾട്ട് ഡിസ്‌നിയുമായാണ് ലയനം പൂർത്തിയാക്കിയിരിക്കുന്നത്.

ഏകദേശം 70,352 കോടി രൂപയോളം മൂല്യം വരുന്ന ഇടപാടുകളാണ് ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം പൂർത്തിയായിരിക്കുന്നത്. അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി അവരുടെ മുന്നോട്ടുള്ള വളർച്ചയ്ക്കായി 11,500 കോടി രൂപ (1.4 ബില്യൺ യുഎസ് ഡോളർ) നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. രാജ്യത്തെ മാധ്യമ മേഖലയിൽ കൂടി പിടിമുറുക്കാനുള്ള അംബാനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് വ്യക്തമാണ്.
ഈ സംയുക്ത സംരംഭത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് 16.34 ശതമാനം ഓഹരികളാണ് ഉണ്ടാവുക. അതേസമയം അതിന്റെ സഹ സംരംഭമായ യൂണിറ്റ് വയാകോം 18ന് കമ്പനിയിൽ 46.82 ശതമാനവും ശേഷിക്കുന്ന 36.84 ശതമാനം ഡിസ്‌നിക്കുമാണ് ഉണ്ടാവുക. കമ്പനികൾ പുറത്തുവിട്ട സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.
പുതിയ കമ്പനിയുടെ തലപ്പത്ത് പക്ഷേ മുകേഷ് അംബാനി ആയിരിക്കില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന്റെ ചുമതല വഹിക്കുക അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിയായിരിക്കും. കമ്പനിയുടെ ചെയർപേഴ്‌സൺ പദവി നിത അമ്പനിക്കായിരിക്കും. കൂടാതെ ഇതിന്റെ വൈസ് ചെയർപേഴ്‌സണായി ഉദയ് ശങ്കർ ആയിരിക്കും പ്രവർത്തിക്കുക.
നേരത്തെ ഈ ലയനത്തിനുള്ള അനുമതികൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ഇവർക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഇതിന്റെ പിന്നാലെയായിരുന്നു ഇവർ. എന്നാൽ ഇപ്പോഴാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. നിലവിൽ വന്നിരിക്കുന്ന ഈ സംയുക്ത സംരഭം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ കമ്പനികളിൽ ഒന്നായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ കമ്പനിയുടെ ആകെ മൂല്യം ഏകദേശം 26,000 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതിന്റെ പ്രവർത്തനം മറ്റ് ചാനലുകൾ നോക്കി നിൽക്കുന്ന ഒരു കാര്യമാണ്. സംയുക്ത സംരഭത്തിന് കീഴിൽ 100-ലധികം ടിവി ചാനലുകൾ പ്രവർത്തിപ്പിക്കുകയും പ്രതിവർഷം 30,000 മണിക്കൂറിലധികം വിനോദ ഉള്ളടക്കം നിർമ്മിക്കുകയും ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നത്.
നിലവിൽ ജിയോ സിനിമ, ഹോട്ട്സ്‌റ്റാർ എന്നീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് 50 ദശലക്ഷത്തിലധികം സബ്‌സ്‌ക്രിപ്‌ഷൻ അടിത്തറയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ക്രിക്കറ്റ്, ഫുട്ബോൾ, മറ്റ് കായിക ഇനങ്ങളുടെ സംപ്രേഷണത്തിനുള്ള അവകാശങ്ങളും സംയുക്ത സംരഭത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മുൻനിര കമ്പനിയായി ഇത് വളരുമെന്ന കാര്യത്തിൽ ഒട്ടും ശങ്കയില്ല.












Click it and Unblock the Notifications