അംബാനിക്ക് ശനിദശ തുടങ്ങി; ഒറ്റയാഴ്‌ച കൊണ്ട് റിലയൻസിന് നഷ്‌ടം 52,031 കോടി രൂപ..! നിക്ഷേപകർ കൈയൊഴിഞ്ഞോ?
ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് എന്ന തന്റെ ബിസിനസ് സാമ്രാജ്യം ലോകം കീഴടക്കുമ്പോൾ അംബാനിയെ കുറിച്ചുള്ള വാർത്തകൾ എന്നും വിജയകഥകളായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിനും നല്ല കാലമല്ലെന്നാണ് വിപണിയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
അടുത്തിടെ ഉണ്ടായ നേട്ടങ്ങൾ ഒക്കെയും മാറ്റി നിർത്തിയാൽ കമ്പനിയുടെ മൊത്തം വിപണിമൂലധനത്തിൽ വമ്പൻ ഇടിവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. അതിൽ തന്നെ കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ അംബാനിയുടെ കമ്പനിയുടെ നഷ്‌ടം എത്രയെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂലധനത്തിൽ ഏതാണ്ട് അൻപതിനായിരം കോടിയിൽ അധികം രൂപയുടെ നഷ്‌ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനെയും കമ്പനിയേയും സംബന്ധിച്ചിടത്തോളം ഈ ആഴ്‌ച അത്ര നല്ലതായിരുന്നില്ല എന്ന് വേണം പറയാൻ. കാരണം അദ്ദേഹത്തിന്റെ മുൻനിര കമ്പനിയായ ആർഐഎല്ലിന്റെ ഓഹരികളിൽ 2.79 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ തുകയല്ല.
ആർഐഎല്ലിന്റെ വിപണി മൂലധനത്തിൽ 52,031 കോടി രൂപയാണ് ഒറ്റയടിക്ക് നഷ്‌ടമായിരിക്കുന്നത്. വെള്ളിയാഴ്‌ച കമ്പനിയുടെ ഓഹരി 1,274.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസിന്റെ വിപണി മൂലധനം 52,031.98 കോടി രൂപയോളം കുറഞ്ഞ് 17,23,144.70 കോടി രൂപ എന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തെ ട്രെൻഡ് തുടർന്നുകൊണ്ടാണ് ഇത്രയും വലിയ ഇടിവ് ഇപ്പോഴുണ്ടായിരിക്കുന്നത്.
എന്നാൽ ഒറ്റയടിക്ക് ഇത്രയും വലിയ ഇടിവ് ഉണ്ടായെങ്കിലും രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന പേര് ഇപ്പോഴും റിലയൻസിന് തന്നെയാണ്. തൊട്ടുപിന്നിൽ ടിസിഎസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ്. മാത്രമല്ല അംബാനിയുടെ വ്യക്തിഗത സമ്പാദ്യം 100 ബില്യൺ ഡോളറിന് മുകളിൽ തന്നെയാണ് ഇപ്പോഴുമുള്ളത്. ഫോബ്‌സിന്റെ കണക്ക് അനുസരിച്ച് ഇത് ഏകദേശം 100.3 ബില്യൺ ഡോളറോളമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്താവും റിലയൻസിനെ ബാധിച്ച കാരണങ്ങൾ?
ഒട്ടേറെ ഘടകങ്ങളാണ് റിലയൻസിന്റെ വളർച്ചയെ പിന്നോട്ട് വലിക്കുന്നത്. എന്നാൽ തുടർച്ചയായ നെഗറ്റീവ് ഫലങ്ങൾ നിക്ഷേപകരെ കമ്പനിയിൽ നിന്ന് അകറ്റുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഈ വർഷം സെപ്റ്റംബറിൽ 2.2 ശതമാനം നെഗറ്റീവ്, ഒക്ടോബറിൽ 9.8 ശതമാനം, നവംബറിൽ 3 ശതമാനം, ഡിസംബറിൽ 3.9 ശതമാനം എന്നിങ്ങനെയായിരുന്നു കമ്പനിയുടെ പ്രതിമാസ റിട്ടേണുകൾ.
കൂടാതെ അവരുടെ ബിസിനസുകളെ പ്രതികൂലമായി ബാധിക്കുന്ന വേറെയും വെല്ലുവിളികൾ അവർ നേരിടുന്നുണ്ട്. എണ്ണയും വാതകവും, പെട്രോകെമിക്കൽ ബിസിനസുകളും ഉൾപ്പെടെ മാർജിൻ സമ്മർദ്ദത്തിലാണ്. കൂടാതെ ഊർജ മേഖലയിലും ടെലികോം മേഖലയിലും വിചാരിച്ചത്ര മുന്നേറ്റം ഈ കാലയളവിൽ ഉണ്ടാക്കിയെടുക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications