അംബാനിക്ക് ഇത് നല്ല കാലമല്ല; വെറും നാല് മാസം കൊണ്ട് 4.2 ലക്ഷം കോടി രൂപയുടെ നഷ്‌ടം..! ഇതാണ് കാരണം
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ നമ്മുടെയൊക്കെ മനസിൽ ആദ്യമെത്തുക, അത് മുകേഷ് അംബാനി എന്ന അതികായന്റെതാണ്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി അംബാനി കുടുംബം അങ്ങനെ അടക്കിവാഴുകയാണ് ഇന്ത്യൻ വ്യവസായ രംഗം, ഇടയ്ക്ക് അദാനിയെ പോലെയുള്ള ശക്തരായ എതിരാളികൾ വന്നെങ്കിലും ഒന്നാം സ്ഥാനം കൈവിട്ട് കൊടുക്കാൻ അവർ തയ്യാറായിട്ടില്ല.
എന്നാൽ ആഗോള തലത്തിൽ തന്നെ സമ്പന്നനായ മുകേഷ് അംബാനിക്ക് പക്ഷേ ഇത് അത്ര നല്ല കാലമല്ല എന്നതാണ് വസ്‌തുത. സമ്പന്ന പട്ടികയിൽ മുനിരയിൽ തന്നെ ഇടം പിടിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളിൽ അംബാനിക്കുണ്ടായ നഷ്‌ടത്തിന്റെ വ്യാപ്‌തി അറിയുമ്പോൾ മാത്രമേ നമ്മളും ഞെട്ടുകയുള്ളൂ. പല കാരണങ്ങൾ കൊണ്ട് തന്നെ കഴിഞ്ഞ കുറച്ചു മാസങ്ങളായി മുകേഷ് അംബാനിയുടെ കമ്പനിക്ക് ചില നഷ്‌ടങ്ങൾ നേരിടേണ്ടി വന്നു എന്നതാണ് യഥാർഥ്യം.

അത് പക്ഷേ പത്തോ നൂറോ കോടിയുടെ നഷ്‌ടമല്ല, ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ജൂലൈ മാസം മുതൽ ഇതുവരെയുള്ള നാല് മാസ കാലയളവിൽ മാത്രം മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് ഏതാണ്ട് 4.2 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായി എന്നാണ് കണക്കാക്കുന്നത്.
ഇത് എത്ര ഭീമമായ തുകയാണെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. കമ്പനിയുടെ വിപണി മൂല്യത്തിലാണ് ഇത്രയും വലിയൊരു ഇടിവുണ്ടായിരിക്കുന്നത്.വിചാരിച്ചത്ര ലാഭം ഉണ്ടാക്കാൻ കഴിയാത്തതുൾപ്പെടെ കമ്പനിയുടെ വിപണി മൂലധനത്തെ കാര്യമായി സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആരംഭിച്ചത് മുതൽ വമ്പൻ കുതിപ്പായിരുന്നു രാജ്യത്തെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്ന് നടത്തിവന്നിരുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസത്തിൽ ഉൾപ്പെടെ വിചാരിച്ചത്ര മികച്ച രീതിയിൽ പ്രവർത്തനം നടത്താൻ കഴിയാതെ പോയത് റിലയൻസിനും അംബാനിക്കും തിരിച്ചടിയായിട്ടുണ്ട്. തുടർച്ചയായ ആറാം പാദത്തിലാണ് റിലയൻസ് ഇത്തരത്തിൽ മോശം പ്രകടനം നടത്തുന്നത്.
സ്വാഭാവികമായും കമ്പനിയുടെ വിപണി മൂലധനത്തിൽ ഉണ്ടായ ചെറുതല്ലാത്ത ഇടിവ് മുകേഷ് അംബാനിയുടെ വ്യക്തിഗത ആസ്‌തിയെയും സാരമായി ബാധിച്ചുവെന്നാണ് നമുക്ക് കാണാൻ കഴിയുക. നിലവിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം നിലനിർത്തിയിട്ടുള്ള അംബാനിക്ക് പക്ഷേ ആഗോള തലത്തിൽ തിരിച്ചടി നേരിടേണ്ടി വന്നു.
ഒരുഘട്ടത്തിൽ ആഗോള സമ്പന്ന പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് വരെ മുകേഷ് അംബാനി എത്തിയിരുന്നു എന്ന് നിങ്ങൾ ഓർക്കണം. അവിടെ നിന്നാണ് ഇപ്പോൾ പതിനേഴാം സ്ഥാനത്തേക്ക് പതിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ 100 ബില്യൺ ക്ലബിൽ നിന്നും അംബാനി പുറത്തെയേക്കും.












Click it and Unblock the Notifications