അദാനി തളർന്നപ്പോൾ അംബാനി വളർന്നു; ഒരാഴ്‌ച കൊണ്ട് 35,860 കോടിയുടെ നേട്ടം, വീണ്ടും 100 ബില്യൺ പട്ടികയിൽ
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മുകേഷ് അംബാനിയെ സംബന്ധിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാൾ എന്ന വിശേഷണമാണ് കൂടുതൽ ചേരുക. വിവിധ മേഖലകളിൽ തന്റെ ബിസിനസ് വ്യാപിപ്പിച്ചു കൊണ്ട് വലിയ ഉയരങ്ങളിലേക്ക് നടന്നുകയറുന്ന അംബാനിക്ക് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു കഴിഞ്ഞ ഒരാഴ്‌ച.
കമ്പനിയുടെ വിപണമൂല്യത്തിൽ ഉണ്ടായ കുത്തനെയുള്ള ഉയർച്ച അദ്ദേഹത്തിന്റെ സമ്പാദ്യത്തിലും പ്രതിഫലിച്ചതോടെ മുകേഷ് അംബാനി ആഗോള തലത്തിൽ മുന്നേറ്റം തുടരുകയാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് മുകേഷ് അംബാനിയുടെ പ്രധാന കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് വൻ മുന്നേറ്റം വിപണിയിൽ നടത്തിയത്.

അതും യുഎസ് അന്വേഷണം നേരിടുന്ന ഗൗതം അദാനിയുടെ ഓഹരികൾ വലിയ തിരിച്ചടി നേരിടുന്ന ഘട്ടത്തിലാണ് പ്രധാന എതിരാളിയായ മുകേഷ് അംബാനിയുടെ അപ്രതീക്ഷിത മുന്നേറ്റം. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂലധനം കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഏകദേശം 35,860.79 കോടി രൂപയോളമാണ് ഉയർന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് (ആർഐഎൽ) നിലവിൽ 17.48 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് അംബാനിയുടെ വ്യക്തിഗത ആസ്‌തിയിലും കാര്യമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാവാതിരുന്ന കമ്പനിക്ക് പുത്തൻ ഊർജം നൽകി കൊണ്ടാണ് ഈ മാറ്റം.
കമ്പനിയുടെ ചെയർമാൻ മുകേഷ് അംബാനിയുടെ തത്സമയ ആസ്‌തി നിലവിൽ 101.6 ബില്യൺ ഡോളറാണ്, ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരമാണ് ഇത്. നേരത്തെ വിവിധ കാരണങ്ങളാൽ അംബാനിയുടെ ആസ്‌തി 100 ബില്യൺ ഡോളറിന് താഴേക്ക് പോയിരുന്നു. അവിടെ നിന്നാണ് ഈ പട്ടികയിലേക്ക് അംബാനി വീണ്ടും നടന്നുകയറിയത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാണ് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ്. കഴിഞ്ഞ അവരുടെ 10 കമ്പനികളിൽ ഒമ്പത് എണ്ണവും നേട്ടമുണ്ടാക്കിയിരുന്നു. രാജ്യത്ത് ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽഐസി, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിങ്ങനെയുള്ള മുൻനിര കമ്പനികളേക്കാൾ മൂല്യമുണ്ട് നിലവിൽ റിലയൻസിന്.
67കാരനായ മുകേഷ് അംബാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനെന്ന പട്ടം അലങ്കരിക്കുന്ന വ്യക്തിയാണ്, കൂടാതെ ലോകത്തിലെ തന്നെ 18-ാമത്തെ ധനികനാണ് മുകേഷ് അംബാനി. നിലവിൽ ഊർജ മേഖല, ടെലികോം, റീട്ടെയിൽ വ്യാപാരം, ഫാഷൻ എന്നിങ്ങനെ പ്രധാന സെക്‌ടറുകളിൽ എല്ലാം തങ്ങളുടേതായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ റിലയൻസ് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം, ലോക സമ്പന്നരിൽ ഇലോൺ മസ്‌ക് ബഹുദൂരം മുന്നിലാണ്. യുഎസ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ജയിച്ച ശേഷം കുത്തനെയുള്ള ഉയർച്ചയാണ് മസ്‌കിന്റെ സമ്പത്തിൽ ഉണ്ടായിരിക്കുന്നത്. 330.1 ബില്യൺ ഡോളറുമായാണ് മസ്‌ക് മുന്നിൽ നിൽക്കുന്നത്. രണ്ടാമതുള്ള ലാറി എലിസൺ 100 ബില്യൺ ഡോളർ പിന്നിലാണ്. ശേഷമാണ് ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ് എന്നിവർ ഇടം നേടിയിട്ടുള്ളത്.












Click it and Unblock the Notifications