നിക്ഷേപത്തിൽ റിസ്‌ക് എടുക്കാൻ തയ്യാറാണോ? കോടികൾ വാരാം, മ്യൂച്വൽ ഫണ്ട് എഫ്‌ഡിയേക്കാൾ എത്രയോ ലാഭം
ഇന്ത്യയിലെ സാധാരണക്കാരുടെയും, ഇടത്തരക്കാരുടെയും നിക്ഷേപ ശീലങ്ങൾ മാറുന്നതിന്റെ ട്രെൻഡുകൾ നമ്മൾ അടുത്തകാലത്തായി കൃത്യമായി കണ്ടുവരികയാണ്. മുൻപൊക്കെ പെൻഷൻ പണമായാലും, ചിട്ടി പണമായാലും, സ്ഥലം വിറ്റുകിട്ടുന്ന പണമായാൽ പോലും ഇന്ത്യക്കാർ നേരെ ഓടി ചെന്നിരുന്നത് ബാങ്കുകളിലേക്ക് ആയിരുന്നു. സ്ഥിര നിക്ഷേപം തന്നെയായിരുന്നു പ്രധാന ലക്ഷ്യം.
എന്നാൽ ഇന്ന് ഉപഭോക്താക്കൾ പണത്തെ എങ്ങനെ നോക്കി കാണുന്നു എന്നതിലെ മാറ്റവും, സമ്പാദ്യത്തിൽ നിന്ന് നിക്ഷേപത്തിലേക്ക് മാറുന്നതും ബാങ്കുകളിലെ ഫണ്ടുകളുടെ ലഭ്യത കുറച്ചുകൊണ്ട് വരികയാണ്. പരമ്പരാഗത സേവിംഗ്‌സ് അക്കൗണ്ടുകളേക്കാൾ കൂടുതൽ ആളുകൾ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനാൽ, സേവിംഗിൽ നിന്ന് ഉപഭോക്താക്കൾക്കിടയിൽ നിക്ഷേപത്തിലേക്കുള്ള മാറ്റം ബാങ്കുകളിൽ ലഭ്യമായ പണത്തിന്റെ അളവ് കുറയ്ക്കുന്നു.

സ്ഥിര നിക്ഷേപങ്ങളും, മ്യൂച്വൽ ഫണ്ടുകളും രണ്ട് ജനപ്രിയ നിക്ഷേപ മാർഗങ്ങളാണ്. മ്യൂച്വൽ ഫണ്ടുകൾ പ്രധാനമായും സ്‌റ്റോക്കുകൾ, ബോണ്ടുകൾ, ചരക്കുകൾ (സ്വർണം പോലെയുള്ളവ) എന്നിവയിൽ നിക്ഷേപിക്കുകയും അടിസ്ഥാന ആസ്‌തിയുടെ മാർക്കറ്റ് പ്രകടനത്തിനനുസരിച്ച് വരുമാനം നൽകുകയും ചെയ്യുന്നു. ഇതിന് കൂടുതൽ സാധ്യതകൾ ഉണ്ടെന്നതാണ് വാസ്‌തവം.
എന്നാൽ മറുവശത്ത്, സ്ഥിര നിക്ഷേപങ്ങൾ ഒരു നിശ്ചിത കാലത്തേക്ക് ഒരു നിശ്ചിത പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. ഫിക്‌സഡ് ഡിപ്പോസിറ്റ് സേവനങ്ങൾ ബാങ്കുകൾ അല്ലെങ്കിൽ എൻബിഎഫ്‌സികകളാണ് നിങ്ങൾക്ക് നൽകുക. അതേസമയം മ്യൂച്വൽ ഫണ്ടുകൾ ഫണ്ട് ഹൗസുകൾ മുഖേനയാണ് ലഭ്യമാവുക.
ഇതിൽ ഏതാണ് മികച്ചതെന്ന് നമുക്ക് ഒറ്റ വാക്കിൽ മറുപടി പറയുക എളുപ്പമല്ല. കാരണം ഇവയുടെ രണ്ടിന്റെയും പ്രവർത്തന രീതി വ്യത്യസ്‌തമാണ്. മ്യൂച്വൽ ഫണ്ടുകൾ കുറഞ്ഞ കാലയളവിൽ കൂടുതൽ നേട്ടമുണ്ടാക്കി തരുന്ന നിക്ഷേപ രീതിയാണ്. എന്നാൽ അത്തരത്തിൽ നിങ്ങൾക്ക് കൂടുതൽ വരുമാനം നൽകാൻ സാധിക്കുന്നത് അതിൽ ഒളിഞ്ഞു കിടക്കുന്ന അപകട സാധ്യതകൾ കൂടി അടയാളപ്പെടുത്തുന്നത് കൊണ്ട് കൂടിയാണ്.
മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റ് പ്രവർത്തനത്തിന് അധിഷ്‌ഠിതമായ ഒരു നിക്ഷേപ രീതിയാണ്. അതുകൊണ്ട് തന്നെ ഉയർന്ന നേട്ടം ഇതിൽ ലാഭിക്കാം, അതുപോലെ തന്നെ നഷ്‌ടവും സംഭവിക്കാം. എന്നാൽ സ്ഥിര നിക്ഷേപങ്ങൾ ഒരു കാലയളവിലേക്ക് കൃത്യമായ പലിശ വാഗ്‌ദാനം ചെയ്യുന്നവയാണ്. അതിൽ കൂടുതൽ വരുമാന ഉണ്ടാവുമെന്ന പ്രതീക്ഷ വേണ്ടെങ്കിലും നഷ്‌ടം കുറവായിരിക്കും.
പിന്നെ നിങ്ങൾ ഒരു സ്ഥിര നിക്ഷേപമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇഷ്‌ടമുള്ള ബാങ്കിൽ അവിടുത്തെ പലിശ നിരക്കുകൾ മനസിലാക്കി നിക്ഷേപം നടത്താവുന്നതാണ്. അതിന് മൂന്നാമത് ഒരാളുടെ സേവനമോ, നിർദ്ദേശമോ ആവശ്യമില്ല.
എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപണങ്ങളുടെ അപകട സാധ്യത കണക്കിലെടുക്കുമ്പോൾ പ്രഫഷണൽ സഹായം തേടേണ്ടത് അനിവാര്യമാണ്. ഇത്രയൊക്കെ ആണെങ്കിൽ ഇവയിൽ റിസ്‌ക് എടുക്കാൻ തയ്യാറുള്ളവർക്ക് ഏറ്റവും മികച്ച ഓപ്‌ഷൻ മ്യൂച്വൽ ഫണ്ട് തന്നെയാണ്.












Click it and Unblock the Notifications