ഇനി ഇങ്ങനെയൊക്കെ നടന്നാൽ മതിയോ..? കൈയിൽ കാശ് വേണമെങ്കിൽ ഈ നിക്ഷേപ പദ്ധതികൾ പരീക്ഷിക്കാം...
പുതുവർഷ ആഘോഷത്തിന്റെ തിമിർപ്പിലാണ് നമ്മളെല്ലാവരും. ഓരോ ഇലകൾ പൊഴിയുംപോലെ വർഷങ്ങൾ കടന്നുപോവുകയാണ്. എന്നാൽ കരിയറിലും, ജീവിത നിലവാരത്തിലും കാര്യമായ മാറ്റം ഉണ്ടാക്കാൻ നിങ്ങൾക്ക് ഇതുവരെ കഴിഞ്ഞില്ലെങ്കിൽ അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് തരമില്ല. കഠിന പ്രയത്നവും, കായിക അധ്വാനവും മാത്രമല്ല സമ്പന്നതയിലേക്കുള്ള ചവിട്ട് പടികൾ.
എല്ലാ കടമ്പകളും കടന്ന് അതിലേക്ക് എത്താൻ നമ്മൾ കുറച്ചധികം തന്ത്രങ്ങളും പ്രയോഗിക്കേണ്ടതുണ്ട്. അവ ഒരിക്കലും കുറുക്കുവഴികളല്ല. സാമ്പത്തിക അഭിവൃദ്ധിക്ക് കുറുക്ക് വഴികൾ ഒന്നുമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലലോ. അങ്ങനെയെങ്കിൽ എങ്ങനെ ഇത് കൈവരിക്കാം എന്നതാവും അടുത്ത ചോദ്യം, വഴിയുണ്ട്. കൃത്യമായ നിക്ഷേപ ഫോർമുല തന്നെയാണ് അതിന്റെ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്ന്, അവ എന്തൊക്കെ ആണെന്ന് നമുക്ക് പരിശോധിക്കാം.

മ്യൂച്വൽ ഫണ്ടുകൾ
നിങ്ങൾ റിസ്‌ക് എടുക്കാൻ തയ്യാറാണെങ്കിൽ ഏറ്റവും നല്ല ഓപ്‌ഷനാണ് ഇത്. കൃത്യമായ പഠനവും, ആസൂത്രണവും ഉണ്ടെങ്കിൽ പണം വരാൻ പറ്റിയ മേഖലയാണ് മ്യൂച്വൽ ഫണ്ട്. കനിങ്ങളുടെ കൈവശമുള്ള തുകയും, ചിലവും വരവും ഒക്കെ കണക്കാക്കി വേണം ഇത്തരം കാര്യങ്ങളിൽ നിക്ഷേപം നടത്താൻ. 5000 രൂപ വരെ മികച്ച ഫണ്ടുകളിലെ നിക്ഷേപത്തിനായി നീക്കി വയ്ക്കാവുന്നതാണ്. ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ മെച്ചപ്പെട്ട വിദഗ്‌ധ ഉപദേശം തേടുന്നത് നന്നാവും.
സ്ഥിര നിക്ഷേപം
പരമ്പരാഗതമായ ഒരു നിക്ഷേപ രീതിയാണിത്. കൂടുതൽ സുരക്ഷിതമായ നിക്ഷേപമാണ് നിങ്ങൾ തേടുന്നതെങ്കിൽ ഇതൊരു മികച്ച ഓപ്‌ഷൻ ആയിരിക്കും. പണപ്പെരുപ്പം ഉൾപ്പെടെയുള്ളവ കാര്യമായി ബാധിക്കാതെ വരുന്നത് കൊണ്ട് തന്നെ വലിയ ലാഭം ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. ഇവ ഒരിക്കലും മ്യൂച്വൽ ഫണ്ട്, എസ്എപി പോലെ ഉയർന്ന ലാഭം നേടി തരില്ല.
സ്വർണത്തിൽ നിക്ഷേപിക്കാം
ഗോൾഡ് ഇടിഎഫുകളും സോവറിൻ ഗോൾഡ് ബോണ്ടുകളും നിക്ഷേപം നടത്താൻ പറ്റിയ ഒരു വിഭാഗമാണ്. പ്രതിവർഷം പത്ത് ശതമാനത്തിൽ അധികമാണ് സ്വർണവില ഉയരുന്നത്. അതുകൊണ്ട് തന്നെ ഇതൊരു നല്ല അവസരവും ആയിരിക്കും. നിങ്ങളുടെ നിക്ഷേപ പദ്ധതി പൂർണമായും ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഒരു വിഹിതം ഇതിലേക്ക് മാറ്റി വയ്‌ക്കുന്നതാവും ഉചിതം.
റിയൽ എസ്‌റ്റേറ്റ്
മറ്റൊരു പരമ്പരാഗത നിക്ഷേപ രീതിയാണ് റിയൽ എസ്‌റ്റേറ്റ് രംഗം. പണ്ട് മുതൽക്കേ നമ്മുടെ നാട്ടിൽ പുറങ്ങളിൽ പോലും ഭൂമി വാങ്ങി ഇടുക എന്നത് നിക്ഷേപത്തിന്റെ ഏറ്റവും അടിസ്ഥാന കാര്യങ്ങളിൽ ഒന്നായിരുന്നു. ഭൂമിയുടെ വില ഉയരുകയല്ലാതെ കുറയില്ല എന്നുറപ്പുള്ള സാഹചര്യത്തിൽ ഈ ഓപ്‌ഷനും നിങ്ങൾക്ക് ഈ വർഷം പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടാതെ കൈവശമുള്ള ഭൂമി വെറുതെ ഇടാതെ കൃത്യമായ ആസൂത്രണം നടത്തി കെട്ടിടങ്ങൾ നിർമ്മിച്ച് വാടകയ്ക്ക് കൊടുക്കാവുന്നതുമാണ്.












Click it and Unblock the Notifications