അതിപ്പൊ ലാഭമായല്ലോ; ഇനി പണം കൈമാറാൻ ഐഎഫ്‌എസ്‌സി കോഡ് വേണ്ട, ഫെബ്രുവരി മുതൽ വമ്പൻ മാറ്റങ്ങൾ
ന്യൂഡൽഹി: രാജ്യത്തെ ഓൺലൈൻ ഇടപാടുകളും കൂടുതൽ മെച്ചപ്പെടുത്തുകയും, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം. അതിന്റെ ഭാഗമായി കൂടുതൽ പരിഷ്‌കാരങ്ങളും അവർ നടപ്പാക്കി വരുന്നുണ്ട്. അത്തരത്തിൽ എല്ലാവർക്കും ഗുണകരമായ ഒരു മാറ്റം അടുത്ത മാസം മുതൽ നിലവിൽ വരികയാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പേയ്‌മെന്റ് സംവിധാനങ്ങളിൽ ഒന്നായ ഐഎംപിഎസിലാണ് നിർണായക മാറ്റങ്ങൾ വരുന്നത്. ഉപഭോക്താക്കൾക്ക് ഇനി മുതൽ ഐഎഫ്എസ്‌സി കോഡ് അടക്കമുള്ള സങ്കീർണമായ പ്രക്രിയകൾ ഒഴിവാക്കി കൊണ്ട് പണം അയക്കാം എന്നതാണ് വരാനിരിക്കുന്ന മാറ്റത്തിലെ ഏറ്റവും ആകർഷകമായ ഘടകം.

ഫെബ്രുവരി ഒന്ന് മുതൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിന് അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്‌സി കോഡുകളോ പോലും ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ എളുപ്പത്തിൽ അഞ്ച് ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന മാറ്റങ്ങൾക്കാണ് എൻപിസിഐ ഒരുങ്ങിയിരിക്കുന്നത്.
പുതിയ ഐഎംപിഎസ് നിയമ പ്രകാരം, ഉപയോക്താക്കൾക്ക് സ്വീകർത്താവിന്റെ മൊബൈൽ നമ്പറും അവരുടെ ബാങ്കിന്റെ പേരും മാത്രമേ ആവശ്യമുള്ളൂ. ഈ വിവരങ്ങൾ ഉപയോഗിച്ച് തന്നെ എളുപ്പത്തിൽ ഇടപാട് നടത്താൻ കഴിയും. നിലവിൽ ഗൂഗിൾപേ അടക്കമുള്ള യുപിഐ പ്ലാറ്റ്‌ഫോമുകൾ നടത്തുന്നതിന് സമാനമായ ഇടപാടുകൾ ഇതോടെ വ്യാപകമാകും എന്നാണ് വിലയിരുത്തൽ.
2023 ഒക്ടോബർ 31ന് എൻപിസിഐ പുറത്തിറക്കിയ സർക്കുലർ പ്രകാരം, ജനുവരി 31ന് ശേഷം ഈ മാറ്റങ്ങൾ വ്യപകമായി നടപ്പാക്കിയേക്കും. 24 മണിക്കൂറും പണം കൈമാറ്റം സാധ്യമായതിനാൽ ഐഎംപിഎസ് ഫണ്ട് ട്രാൻസ്‌ഫർ ഉപഭോക്താക്കൾക്ക് വളരെ ഗുണകരമാണ്. പുതിയ മാറ്റം കൂടി വരുന്നതോടെ ഇത് കൂടുതൽ പേരെ ആകർഷിക്കും എന്നാണ് കരുതുന്നത്.
ഐഎംപിഎസ് എങ്ങനെ പ്രയോജനപ്പെടുത്താം:
ഇതിനായി നിങ്ങളുടെ മൊബൈൽ ബാങ്കിങ് ആപ്പാണ് ഉപയോഗിക്കേണ്ടത്. ഇനി വരുന്ന മാറ്റങ്ങൾ കൂടി നാം ഇതിനായി അറിഞ്ഞിരിക്കേണ്ടതുണ്ട്. 'ഫണ്ട് ട്രാൻസ്‌ഫർ' വിഭാഗത്തിൽ ക്ലിക്ക് ചെചെയ്‌ത ശേഷം അവിടെ 'ഐഎംപിഎസ്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് പണം സ്വീകരിക്കേണ്ട ആളുടെ മൊബൈൽ നമ്പർ നൽകുക, ഒപ്പം പ്രസ്‌തുത ആളുടെ ബാങ്ക് ഏതെന്നും തിരഞ്ഞെടുക്കുക. ശേഷം അഞ്ച് ലക്ഷം വരെയുള്ള തുക നിങ്ങൾക്ക് കൈമാറാവുന്നതാണ്.












Click it and Unblock the Notifications