മുകേഷിന്റെയും അനിലിന്റെയും കുഞ്ഞുപെങ്ങൾ; അംബാനിമാരിലെ പെൺതരി, 420 കോടിയുടെ കമ്പനി സ്വന്തം
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരെന്ന ചോദ്യത്തിന് കണ്ണുമടച്ച് നാം മുകേഷ് അംബാനിയുടെ പേര് എടുത്ത് പറയും.കാരണം കൊച്ചു കുട്ടികൾക്ക് പോലും അദ്ദേഹത്തിന്റെ സമ്പത്തിനെ കുറിച്ച് നന്നായറിയാം എന്നതാണ് സത്യം. അദ്ദേഹത്തിന്റെ പിതാവായ ധീരുഭായ് അംബാനിയാണ് ഈ ബിസിനസ് സാമ്രാജ്യത്തിന് തുടക്കമിട്ടതെന്ന് ചിലപ്പോൾ പുതുതലമുറയ്ക്ക് അറിയണമെന്നില്ല. ഇന്നത്തെ റിലയൻസിന്റെ അടിത്തറ പാകിയത് അദ്ദേഹമാണ്.
ധീരുഭായ് അംബാനിയുടെ രണ്ട് മക്കളെ നമ്മളിൽ പലരും അറിയും. അതിലൊന്ന് ബിസിനസ് ലോകത്തെ വിസ്‌മരിക്കാൻ കഴിയാത്ത നാമമായ മുകേഷ് അംബാനി തന്നെയാണ്. മറ്റൊന്ന് അദ്ദേഹത്തിന്റെ അനുജനും ഒരുകാലത്ത് ലോകത്തിലെ തന്നെ ആറാമത്തെ വലിയ സമ്പന്നനുമായിരുന്ന അനിൽ അംബാനിയുമാണ്. ഇവർ രണ്ട് പേരും കൂടാതെ ഒരു മകൾ കൂടിയുണ്ട് ധീരുഭായ് അംബാനിക്ക്.

ശരിക്കും പറഞ്ഞാൽ ഇക്കാര്യത്തിൽ പലർക്കും അജ്ഞതയുണ്ട്. മുകേഷിനെയും അനിലിനെയും അറിയുന്നത് പോലെ ഭൂരിഭാഗം പേർക്കും അവരുടെ സഹോദരിയെ അറിയില്ല. എങ്കിലും തന്റെ ജേഷ്‌ഠന്മാരെ പോലെ തന്നെ പിതാവ് വെട്ടിത്തെളിച്ച ബിസിനസിന്റെ വഴിയേ തന്നെയാണ് ധീരുഭായ് അംബാനിയുടെ മൂന്നാമത്തെ മകളായ നീന കൊത്താരിയും നടന്നുനീങ്ങുന്നത്.
അംബാനി കുടുംബത്തിലെ ഇലമുറക്കാരിയായി ജനിച്ച നീന കോത്താരി, 2003 ൽ ജാവാഗ്രീൻ എന്ന കോഫി, ഫുഡ് ശൃംഖല ആരംഭിച്ച് കൊണ്ടാണ് തന്റെ സംരംഭകത്വ പാത തുറന്നത്. എന്നാൽ ജാവഗ്രീൻ വേണ്ടത്ര വിജയമായില്ല, പക്ഷേ ഒരു സംരംഭക എന്ന നിലയിൽ നീനയുടെ അർപ്പണ മനോഭാവവും നിശ്ചയദാർഢ്യവും ഉൾപ്പെടെ ഇതിലൂടെ പ്രകടമായി.
നീനയുടെ ഭർത്താവും ബിസിനസുകാരനുമായ ഭദ്രശ്യാം കോത്താരി 2015ൽ ക്യാൻസർ ബാധിച്ച് മരണപ്പെടുകയായിരുന്നു. ഇതോടെ മക്കളായ അർജുനെയും നയൻതാരയെയും വളർത്താനുള്ള ഉത്തരവാദിത്തം നീനയുടെ ചുമതലയായി. ഇതോടെയാണ് നീനയിലെ കരുത്തയായ സ്ത്രീയെ ലോകം കണ്ടറിഞ്ഞത്.
ഉത്തരവാദിത്തങ്ങളിൽ നിന്നൊന്നും ഒളിച്ചോടാൻ തയ്യാറാവാതെ കോത്താരി ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ ചുമതലയും അവർ ഏറ്റെടുത്തു. ഇതോടെ കമ്പനിയുടെയും നീനയുടെയും തലവര തന്നെ മാറുകയായിരുന്നു. ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കോത്താരി ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് നീനയുടെ പ്രതിബദ്ധതയുടെ കൂടി തെളിവാണ്.
നീനയുടെ മൂത്തമകൻ അർജുൻ കോത്താരി, നിലവിൽ കോത്താരി ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടറാണ്, അമ്മയ്‌ക്കൊപ്പം ബിസിനസ് വളർത്താൻ മകനും ഇപ്പോൾ കൂടെയുണ്ട്. മകൾ നയൻതാര വിവാഹം കഴിച്ചത് കെകെ ബിർളയുടെ ചെറുമകനായ ഷമിത് ഭാരതിയെയാണ്.
നിലവിൽ കോത്താരി ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ വിപണി മൂലധനം 4.62 ബില്യൺ രൂപയാണ്, എന്ന് വെച്ചാൽ 420 കോടി. കോർപ്പറേറ്റ് ഷെയർഹോൾഡിംഗ്സ് റിപ്പോർട്ട് അനുസരിച്ച്, നീനയ്ക്ക് പൊതു ഉടമസ്ഥതയിലുള്ള രണ്ട് ഓഹരികൾ ഉണ്ട്, കൂടാതെ 52.4 കോടി രൂപയിൽ കൂടുതൽ ആസ്‌തിയുമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ലോകത്തിലെ തന്നെ പന്ത്രണ്ടാമത്തേയും ഏഷ്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനിയുടെ സമ്പത്തിന്റെ കണക്കുകൾക്ക് അടുത്തെങ്ങും എത്തില്ലെങ്കിലും നീനയുടെ ബിസിനസ് ജീവിതം ഒരു പാഠം തന്നെയാണ്. കുടുംബ സ്വത്തുക്കൾ വളർത്തുക എന്നതിലുപരി തന്റെ സ്വപ്രയത്നം കൊണ്ട് നേടിയെടുത്ത ഈ സാമ്രാജ്യത്തിന് വലിയ പ്രാധാന്യമുണ്ട് താനും.












Click it and Unblock the Notifications