മുകേഷ് അംബാനിക്ക് റിലയൻസിൽ ശമ്പളമില്ല..! ഓഹരികൾ വിറ്റിട്ടുമില്ല, എന്നിട്ടും ആഡംബര ജീവിതം, എങ്ങനെ?
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനായ മുകേഷ് അംബാനി. പെട്രോളിയം, ഊർജം, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാൾ കൂടിയാണ് മുകേഷ് അംബാനി. എന്നാൽ അദ്ദേഹത്തെ കുറിച്ചുള്ള പല കൗതുകകരമായ കാര്യങ്ങളും നമ്മൾ ചിലപ്പോഴൊക്കെ കേൾക്കേണ്ടി വരാറുണ്ട്.
ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ് മുകേഷ് അംബാനി ഇപ്പോഴുള്ളത്. നേരത്തെ പുറത്തുവന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ടിൽ, കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം മുകേഷ് അംബാനി ശമ്പളമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. അതായത് 2020-21 സാമ്പത്തിക വർഷം മുതൽ അദ്ദേഹത്തിന്റെ ശമ്പളം പൂജ്യമാണ് എന്നർത്ഥം.

എന്നാൽ മകന്റെ വിവാഹമുൾപ്പെട വലിയ ആഡംബരമായാണ് അദ്ദേഹം നടത്തിയത്. ഇന്ത്യ കണ്ട ഏറ്റവും ചിലവേറിയ വിവാഹങ്ങളിലൊന്നായാണ് അത് കൊണ്ടാടിയത്. അദ്ദേഹത്തിന്റെ ജീവിതശൈലിയും അത്യാഡംബരം നിറഞ്ഞതാണെന്ന് നമുക്കറിയാം, മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ ആന്റിലിയ പോലും അതിന്റെ ഉദാഹരണമാണ്.
എന്നാൽ റിലയൻസിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷത്തിൽ ഏറെയായി ശമ്പളം പോലും കൈപ്പറ്റാത്ത മുകേഷ് അംബാനിയുടെ ജീവിതം എങ്ങനെയാണ് മുന്നോട്ട് പോവുന്നതെന്ന സംശയം പലർക്കും ഉണ്ടാവും. അതിന്റെ ഉത്തരമാണ് നമ്മൾ ഇപ്പോൾ തേടുന്നത്. നിങ്ങളിൽ ചിലരെങ്കിലും കരുതുന്നത് പോലെ അതൊരിക്കലും ഓഹരി വിൽപനയല്ല, പിന്നെ എന്താണ് ആ കാര്യം എന്നറിയാം.
മുകേഷ് അംബാനിയുടെ പ്രധാന വരുമാന മാർഗം ലാഭവിഹിതമാണ്. ലാഭവിഹിതം എന്നത് ഒരു കമ്പനിയുടെ ലാഭത്തിന്റെ ഒരു ഭാഗം ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുന്ന രീതിയാണ്. ഉദാഹരണത്തിന്, റിലയൻസ് ഇൻഡസ്ട്രീസ് 1,000 കോടി ലാഭം നേടുകയാണെങ്കിൽ, അത് കമ്പനിയിലേക്ക് 500 കോടി വീണ്ടും നിക്ഷേപിക്കുകയും ബാക്കി ₹500 കോടി അതിന്റെ ഓഹരിഉടമകൾക്കായി വിതരണം ചെയ്യുകയും ചെയ്യും.
അങ്ങനെ ഒരു പ്രധാന ഓഹരി ഉടമ എന്ന നിലയിൽ, ഈ ഡിവിഡന്റുകളുടെ ഗണ്യമായ ഭാഗം അംബാനിക്ക് ലഭിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിൽ അംബാനിക്കും കുടുംബത്തിനും ആകെ 50.39 ശതമാനം ഓഹരിയുണ്ട്. അതിൽ താരതമ്യേന കുറവാണെങ്കിലും മുകേഷ് അംബാനിയുടെ 0.12 ശതമാനം ഓഹരികൾ എന്നത് എണ്ണത്തിൽ പറയുമ്പോൾ 80 ലക്ഷം ഓഹരികൾക്ക് തുല്യമാണ്.
അമ്മ കോകിലാബെൻ അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ഇഷ, അനന്ത് അംബാനി എന്നിവരുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും കാര്യമായ ഓഹരികളുണ്ട്. റിലയൻസ് സാധാരണയായി പ്രതിവർഷം ഒരു ഷെയറിന് 6.30 രൂപ മുതൽ 10 രൂപ വരെ ഡിവിഡന്റ് വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലാഭവിഹിതം കൂടാതെ, അംബാനി മറ്റ് സംരംഭങ്ങളിൽ നിന്ന് കൂടി സമ്പാദിക്കുന്നു. ഗണ്യമായ വരുമാനം ഉണ്ടാക്കുന്ന ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമയാണ് അദ്ദേഹം. കൂടാതെ, അദ്ദേഹത്തിന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ വ്യക്തിഗത നിക്ഷേപമുണ്ട്, ഇത് അദ്ദേഹത്തിന്റെ മറ്റ് വരുമാന ശ്രോതസുകളിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications