ക്രെഡിറ്റ് കാർഡ് ബില്ലിൽ മുട്ടൻ പണി; ക്രെഡ്, ഫോൺപേ തുടങ്ങിയ ആപ്പുകൾ അസാധു, പിടിമുറുക്കി ആർബിഐ
മുംബൈ: ഇനി രാജ്യത്തെ ഫിൻടെക് കമ്പനികൾ മുഖേനയുള്ള ക്രെഡിറ്റ് കാർഡ് പേമെന്റുകൾ ദുഷ്‌കരമാവും. ആർബിഐയുടെ പുതിയ നയമാണ് കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാക്കുന്നത്. ഫോൺപേ, ക്രെഡ്, ബിൽഡെസ്‌ക്, ഇൻഫിബീം അവന്യൂസ് തുടങ്ങിയ ഫിൻടെക് കമ്പനികളെയാണ് പുതിയ നിയമം ബാധിക്കുക.
ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ ആർബിഐയുടെ കേന്ദ്രീകൃത ബില്ലിംഗ് നെറ്റ്‌വർക്കിലൂടെ നടത്തണമെന്ന ഏറ്റവും പുതിയ റിസർവ് ബാങ്ക് റെഗുലേഷനാണ് വില്ലനാവുന്നത്. ഈ നിയന്ത്രണം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രസ്‌തുത ആപ്പുകളിലൂടെയുള്ള പേമെന്റ് ജൂൺ മുപ്പത് വരെ മാത്രമേ നടക്കൂ.

50 ദശലക്ഷത്തിലധികം ക്രെഡിറ്റ് കാർഡുകൾ നൽകിയിട്ടുള്ള ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ ഇതുവരെ ഈ നിയമനം കർശനമാക്കിയിട്ടില്ല. ഇതോടെ ജൂൺ 30ന് ശേഷം ഈ ബാങ്കുകൾ പുതിയ ഉത്തരവ് പാലിക്കുന്നില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ക്രെഡ്, ഫോൺപേ പോലുള്ള ഫിൻടെക് പ്ലാറ്റ്‌ഫോമുകളിലൂടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാൻ കഴിയില്ല.
ജൂൺ 30നകം എല്ലാ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും ഭാരത് ബിൽ പേയ്‌മെന്റ് സിസ്‌റ്റം (ബിബിപിഎസ്) വഴി പ്രൊസസ് ചെയ്യണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർബന്ധമാക്കി. ഫോൺപേ, ക്രെഡ് പോലുള്ള ഫിൻടെക് കമ്പനികൾ ബിബിപിഎസിൽ അംഗങ്ങളാണെങ്കിലും, ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കുകൾ പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ബന്ധപ്പെട്ട കമ്പനികൾക്ക് ക്രെഡിറ്റ് കാർഡ് കൈകാര്യം ചെയ്യാൻ കഴിയില്ല.
നേരത്തെ സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ട് കമ്പനികൾ ആർബിഐയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആർബിഐ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ 34 അംഗീകൃത ക്രെഡിറ്റ് കാർഡ് നൽകുന്ന ബാങ്കുകളിൽ എട്ടെണ്ണം മാത്രമാണ് ബിബിപിഎസിൽ ബിൽ പേയ്‌മെൻ്റുകൾ പ്രവർത്തനക്ഷമമാക്കിയവ. ഇതിൽ ഫെഡറൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ കാർഡ്, ബിഒബി കാർഡ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ കേന്ദ്രീകൃതമാക്കാനുള്ള ആർബിഐയുടെ നീക്കം മേഖലയിലെ തട്ടിപ്പുകൾ തടയാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്. കൂടാതെ ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്ര ബാങ്കിന്റെ ശ്രമം കൂടിയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ സമയ പരിധി വർധിപ്പിക്കുമോ എന്നത് അറബിയുടെ മാത്രം തീരുമാനത്തെ ആശ്രയിച്ചിരിക്കും.












Click it and Unblock the Notifications