ചാടിക്കയറി പേഴ്‌സണൽ ലോൺ എടുക്കാൻ വരട്ടെ; പലിശയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പണി പാളും
എന്തിനും ഏതിനും ചെറിയ കാര്യങ്ങൾക്ക് പോലും വായ്‌പ എടുക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ഏത് ആവശ്യത്തിനും നമുക്ക് ഉടനടി പണം നൽകാൻ തയ്യാറായി ബാങ്കുകൾ കാത്തിരിക്കുന്നുണ്ട്. ആ വായ്‌പകൾക്ക് പേരുകൾ പലതാണെങ്കിലും മനുഷ്യരുടെ ദ്രുതഗതിയിലുള്ള ആവശ്യങ്ങൾ പോലും നടത്താൻ ഈ ലോണുകൾ സഹായിക്കും എന്ന കാര്യത്തിൽ സംശയം ഏതും വേണ്ട. എന്നാൽ ഇവയുടെ ഗുണദോഷങ്ങൾ ആലോചിക്കാതെയാണ് നാം പലപ്പോഴും എടുത്ത് ചാടുന്നത്.
ഉദാഹരണത്തിന് നിങ്ങളൊരു പേഴ്‌സണൽ ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ, നിങ്ങളുടെ ആവശ്യത്തിന്റെ തീവ്രത അനുസരിച്ച് അതിലെ ശ്രദ്ധയും കുറയും. അതിനാൽ തന്നെ ഇത്തരം ലോണുകൾ എടുക്കാൻ പോവുന്നവർ നിർബന്ധമായും അവയെ കുറിച്ച് പഠിക്കുകയും വലിയ ബാധ്യത ആവാതെ എങ്ങനെ എടുക്കാം എന്നതിനെ കുറിച്ച് മനസിലാക്കുകയും വേണം.

പേഴ്‌സണൽ ലോണുകളുടെ കാര്യമെടുത്ത് കഴിഞ്ഞാൽ കൂടുതൽ പേരും അത് കിട്ടാനുള്ള എളുപ്പം കൊണ്ടാണ് അവയെ ആശ്രയിക്കുന്നത്. എന്തെന്നാൽ പല ബാങ്കുകളും അപേക്ഷ നൽകി മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ പണം അക്കൗണ്ടിലേക്ക് കൈമാറുന്ന നിലയിലേക്ക് പേഴ്‌സണൽ ലോൺ സംവിധാനങ്ങൾ മാറിയിട്ടുണ്ട്. എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം ലോണുകളുടെ മറ്റ് വിശദാംശങ്ങളിലേക്ക് കടക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കുന്നില്ല എന്നതാണ്.
ഇക്കാര്യത്തിൽ നാം പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഒരു പേഴ്‌സണൽ ലോണിന്റെ വാർഷിക ശതമാനം നിരക്ക് എത്രയാണ് എന്നതാണ്. സാധാരണയായി 6 ശതമാനം മുതൽ 12 ശതമാനം വരെയാണ് ഇത്. നിലവിൽ പല ബാങ്കുകളും പേഴ്‌സണൽ ലോണുകൾക്ക് പത്ത് ശതമാനത്തിന് മുകളിലാണ് പലിശയായി ഈടാക്കുന്നത്. എന്നാൽ ചില സ്വകാര്യ എൻബിഎഫ്‌സികളിൽ 20 ശതമാനം പലിശ വരെ ഈടാക്കുന്നുമുണ്ട്.
ഈ എപിആർ അഥവാ വാർഷിക ശതമാനം നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ ആണ്. ആരോഗ്യപരമായി നിലനിർത്തുന്ന ഒരു ക്രെഡിറ്റ് ഹിസ്‌റ്ററി ഉള്ള ഒരാളെ സംബന്ധിച്ച് സ്‌കോർ 720ന് മുകളിൽ ആയിരിക്കും എന്ന് കണക്കാക്കാം. അങ്ങനെയുള്ളവർക്ക് പലിശ നിരക്കിൽ കൃത്യമായ കുറവ് ലഭിക്കും. എന്നാൽ തിടുക്കപ്പെട്ട് നിങ്ങൾ പേഴ്‌സണൽ ലോൺ എടുക്കുന്ന വേളയിൽ ഇക്കാര്യങ്ങൾ പരിശോധിക്കാൻ കഴിയില്ല.
അതുകൊണ്ടാണ് ശ്രദ്ധയോടെ വേണം ലോൺ എടുക്കാൻ എന്നത് വീണ്ടും ഓർമ്മിപ്പിക്കുന്നത്. പിന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം ലോൺ തുകയും അതിന്റെ കാലാവധിയുമാണ്. പേഴ്‌സണൽ ലോണുകൾ ദീർഘകാലത്തേക്ക് കാലാവധി നിശ്ചയിക്കുന്നത് നഷ്‌ടം ആണെന്നതിനാൽ പരമാവധി വേഗത്തിൽ അവ തീർക്കാനുള്ള വഴികൾ നോക്കണം. അതായത് കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കുക. കൂടാതെ ഭീമമായ തുക പേഴ്‌സണൽ ലോണിൽ എടുക്കരുത്. അതും പലിശയുടെ ഇനത്തിൽ വലിയ ബാധ്യതകൾ വരുത്തി വയ്ക്കും.












Click it and Unblock the Notifications